“ഞങ്ങളുടെ സമുദായത്തിലെ ആർക്കെങ്കിലും മുളകൊണ്ട് പരാരയോ (ഉണക്കാനുള്ള പരന്ന പാത്രം) സൂപയോ (കുട്ട) ഉണ്ടാക്കണമെങ്കിൽ, മറ്റൊരു സമുദായത്തിന്, പിഴയായി, ധാന്യമോ, പണമോ കൊടുക്കണം”. ബൈഗ ആദിവാസി സമുദായത്തിൻ്റെ ഉപവിഭാഗങ്ങളായ ബിഞ്ച്വാർ, നഹർ, നരോതിയ, ഭരോതിയ, റായി മൈന, കാത്ത് മൈന തുടങ്ങിയവരുമായുള്ള സമ്പർക്കമര്യാദകളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അവർ. മധ്യപ്രദേശിലെ ബൈഗ സമുദായക്കാർ അതീവ ദുർബ്ബല ഗോത്രവിഭാഗമാണ് (പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പ്സ് – പി.വി.ടി.ജി). “ഒരോ സമുദായവും മുളകൊണ്ട് വിവിധ വസ്തുക്കൾ നിർമ്മിക്കുന്നു.”
മംഗൾ ബായി ഒരു ബിഞ്ച്വാർ ബൈഗ ആദിവാസിയാണ്. 10-12 ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ബലഘട്ട് ജില്ലയിലെ നത ഗ്രാമത്തിലെ പാണ്ഡ തോലയിലാണ് താമസം. വെള്ളിയാഴ്ച രാവിലെ, മൽധാർ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്തേക്ക്, മുള കണ്ടെത്താൻ, സമുദായത്തിലെ മറ്റ് ചിലരോടൊപ്പം പോവുകയായിരുന്നു അവർ. പതിവുസമയമായ പകൽ 4 മണി കഴിഞ്ഞിരുന്നുവെങ്കിലും സൂര്യപ്രകാശമുണ്ടായിരുന്നില്ല. ഞാൻ കൂടെ വരാൻ വേണ്ടി അവർ കാത്തുനിൽക്കുകയായിരുന്നു.
പോകുന്ന വഴിക്ക് ഭക്ഷണപ്പാത്രങ്ങൾ വരണ്ട ഒരു പുഴയിലെ മണലിനകത്ത് പൂഴ്ത്തിവെച്ച്, ഓരോരുത്തരും ഒരു വെള്ളക്കുപ്പിയും മഴുവുമായി നടക്കാൻ തുടങ്ങി. “ഭാരം ഒഴിവാക്കാനാണ്,” മംഗളി ബായി പറയുന്നു. ഉച്ച കഴിഞ്ഞ്, തിരിച്ച് കോളണിയിലേക്ക് അവർ വീണ്ടും 8-10 കിലോമീറ്റർ നടക്കും. തിരിച്ചുവരുമ്പോൾ അവരുടെ തലയിൽ മൂന്നോ നാലോ മുളകളുമുണ്ടാവും. ഏകദേശം 25 കിലോഗ്രാം ഭാരമുള്ളത്.






































