“പഠിത്തത്തിൽ മുഴുവൻ ശ്രദ്ധയും കൊടുക്കുക. നിൻ്റെ സമുദായത്തിലെ മറ്റ് കുട്ടികൾക്ക് നീ മാതൃകയാവും.”
ഞാൻ 9-ആം ക്ലാസ്സിൽ പഠിക്കുമ്പോഴാവണം ജിതേന്ദ്ര ശർമ്മ സർ, ക്ലാസ്സിലെ മറ്റ് കുട്ടികളുടെ മുമ്പിൽവെച്ച് എന്നോടിത് പറഞ്ഞത്. ഞാൻ വല്ലാതായി. ഒരക്ഷരം മറുപടി പറയാൻ പറ്റിയില്ല. ആദ്യമായാണ് ഒരു മുസഹർ ബാലനായ എന്നിൽ ആരെങ്കിലും ഇത്രയധികം വിശ്വാസം കാണിക്കുന്നത്. വീട്ടിലേക്ക് നടക്കുമ്പോഴും അദ്ദേഹത്തിൻ്റെ വാക്കുകൾ എൻ്റെ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു. “നീ മാതൃകയാകും..” എന്നെക്കുറിച്ച് അതിനുമുമ്പൊരിക്കലും ഞാനങ്ങിനെ ചിന്തിച്ചിട്ടില്ലായിരുന്നു.
എൻ്റെ വിദ്യാഭ്യാസമെന്നത്, എൻ്റെ കാര്യം മാത്രമല്ല എന്ന് ആദ്യമായി ഞാൻ മനസ്സിലാക്കിയതും ആ ദിവസമായിരുന്നു. പഠനം തുടരാൻ മറ്റുള്ളവർക്ക് അത് ധൈര്യം പകർന്നേക്കാം. ഞാൻ കൂടുതൽ കഠിനമായി പരിശ്രമിക്കാൻ തുടങ്ങി. ഓരോ തവണയും സാഹചര്യങ്ങൾ എനിക്കെതിരേ ഗൂഢാലോചന നടത്തിയപ്പോഴും, ശർമ്മ സാറിൻ്റെ വാക്കുകൾ എൻ്റെ നിശ്ചയത്തെ ബലപ്പെടുത്തി. ഒരദ്ധ്യാപകൻ്റെ വാക്കുകൾക്ക് എന്തൊരു ബലമാണ്! എത്ര വലിയ മാറ്റമാണ് അതുണ്ടാക്കുക! കണക്ക് പഠിപ്പിക്കാൻ മാത്രമല്ല, കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താനും ശർമ്മ സാറിന് അറിയാം എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഒരു നല്ല അദ്ധ്യാപകൻ നിങ്ങളെ പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല പഠിപ്പിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങൾ വായിക്കാനുംകൂടിയാണ്.
ഞാൻ ആശിശ് നന്ദ്. 25 വയസ്സ്. ഉത്തർ പ്രദേശിലെ മിർസാപുർ ജില്ലയിലെ മജ്വ ഗ്രാമത്തിൽനിന്നാണ്. ഞങ്ങൾ മുസാഹറുകളാണ്. ആളുകൾ ഞങ്ങളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവുമെങ്കിലും പക്ഷേ ഞങ്ങളെ അവർക്കൊരിക്കലും മുഴുവനായി മനസ്സിലാക്കാൻ സാധിക്കില്ല. മുസാഹർ എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ ദാരിദ്ര്യവും ശാരീരികാദ്ധ്വാനവും പട്ടണിയുമൊക്കെയായിരിക്കും അവരുടെ മനസ്സിൽ വരിക. അതിൽ ചില സത്യങ്ങളൊക്കെയുണ്ടെന്ന് എനിക്കറിയാം. തലമുറകളായി, സമൂഹത്തിലെ ഏറ്റവും അധസ്ഥിത വിഭാഗക്കാരാണ് ഞങ്ങൾ. ഉത്തർ പ്രദേശിൽ ഞങ്ങൾ പട്ടികജാതി ലിസ്റ്റിലാണുള്ളത്. ഞങ്ങളുടെ പൂർവ്വികർക്ക് സ്വന്തമായി ഭൂമിയോ, സ്ഥിരമായ തൊഴിലോ വരുമാനമോ ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ ദളിതുകളാണ്. വിദ്യാഭ്യാസം ഞങ്ങളുടെ പ്രത്യേക അവകാശമായിരുന്നില്ല ഒരിക്കലും. ഗ്രാമത്തിലെ ദരിദ്രരായ ബ്രാഹ്മണരിൽനിന്ന് വ്യത്യസ്തമായി അത് ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നില്ല.










