ലതാഭായിയ്ക്ക് ആഴ്ചയിൽ ഒരുദിവസം പോലും അവധിയ്ക്ക് അർഹതയില്ല. എല്ലാ ദിവസവും അവർ ജോലി ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും അസുഖം ബാധിച്ച് അവധി എടുക്കേണ്ടിവന്നാൽ, ലതാഭായി ജോലി ചെയുന്ന കരാർ കമ്പനി അവരിൽനിന്ന് ദിവസേന 500 രൂപവെച്ച് പിഴയീടാക്കും.
ലാത്തൂർ നഗരത്തിലെ മാലിന്യശേഖരണ തൊഴിലാളിയും ജോലിയിലെ മികവിന് പുരസ്കാരം നേടിയിട്ടുള്ളയാളുമായ ലതാഭായിയുടെ അവസ്ഥയാണിത്.
"ലാത്തൂർ നഗരത്തിലെ ഒരേയൊരു വനിതാ ഡ്രൈവറാണ് ഞാൻ. എനിക്കനുവദിച്ചിട്ടുള്ള പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിച്ചതിന് 2011-ലെ ലാത്തൂർ ഉത്സവത്തിൽവെച്ച് ഞങ്ങളുടെ എം.എൽ.എ അമിത് ദേശ്മുഖിൽനിന്ന് എനിക്ക് ലാത്തൂർ ഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു," ലതാഭായി പാരിയോട് പറഞ്ഞു.
"എനിക്കനുവദിച്ചിട്ടുള്ള പ്രദേശങ്ങളിൽ മുൻസിപ്പൽ കോർപ്പറേഷനിൽനിന്നുള്ള അധികൃതർ നടത്തിയ പരിശോധനയിൽ, ഒരിടത്തുപോലും അവർക്ക് ഖരമാലിന്യങ്ങളോ ജൈവമാലിന്യങ്ങളോ കണ്ടെത്താനായില്ല. മന്ത്രിമാരും മറ്റ് പ്രശസ്ത വ്യക്തികളുമുള്ള സദസ്സിൽ, ഇത്രയുമധികം ആളുകളുടെ മുൻപിൽവെച്ച് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ എനിക്ക് സന്തോഷം അടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇനിയെങ്കിലും എന്റെ പോരാട്ടം എല്ലാവരും തിരിച്ചറിയുമല്ലോ എന്നാണ് അന്ന് ഞാൻ കരുതിയത്-പക്ഷെ ഒരുദിവസം മാത്രം നീണ്ടുനിൽക്കുന്ന അംഗീകാരമാണ് അതെന്ന് ഞാൻ മനസ്സിലാക്കിയില്ല," അവർ കൂട്ടിച്ചേർത്തു.
"2002 മുതൽ ഞാൻ ലാത്തൂരിൽ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു," മഹാരാഷ്ട്രയിലെ ലാത്തൂർ നഗരവാസിയായ 40 വയസ്സുകാരി ലതാഭായി രസാൽ പറഞ്ഞു. ആ വർഷമാണ് അവരുടെ ഭർത്താവ് മരണപ്പെട്ടത്. അതിനും ഏഴുവർഷം മുൻപ്, ലതാഭായിയ്ക്ക് വെറും 15 വയസുള്ളപ്പോഴായിരുന്നു അവരുടെ വിവാഹം. ഭർത്താവ് മരിച്ചതിനുശേഷം ഉപജീവനമാർഗം തേടിയിറങ്ങിയ അവർ ഒടുവിൽ അഞ്ച് മക്കളടങ്ങുന്ന കുടുംബത്തെ പോറ്റാനായി മാലിന്യശേഖരണത്തിലേയ്ക്ക് തിരിയുകയായിരുന്നു.
















