ടക്ക്-ടക്ക്-ടക്ക് !
താളത്തിലുള്ള ഈ ശബ്ദം ഉയരുന്നത് കൊടവട്ടിപൂഡിയിലുള്ള, ടാർപ്പായകൊണ്ട് മറച്ച ഒരു കുടിലിനുള്ളിൽനിന്നാണ്. മൂലംപാക ഭദ്രരാജു, ഒരു ചെക്ക സുത്തികൊണ്ട് ഒരു കലത്തിൽ മേടുകയാണ്. കലത്തിന് പൂർണ്ണവൃത്താകൃതി പകരാൻ ഉപയോഗിക്കുന്ന, തുഴയുടെ ആകൃതിയിലുള്ള, തടിയിൽ തീർത്ത ചെറിയ ചുറ്റികയാണ് ചെക്ക സുത്തി.
"കട്ടിയുള്ള ചെക്ക സുത്തി കലത്തിന്റെ അടിഭാഗം മൂടുന്നതിനുള്ളതാണ്. സാധാരണ വലിപ്പത്തിലുള്ളത് അടിഭാഗം മിനുസപ്പെടുത്താനും. ഏറ്റവും കട്ടി കുറഞ്ഞ ചെക്ക സുത്തികൊണ്ടാണ് കലം ഒന്നാകെ മിനുസപ്പെടുത്തുന്നത്," ആവശ്യത്തിനനുസരിച്ച് ചുറ്റികകൾ മാറ്റി ഉപയോഗിക്കുന്ന 70 വയസ്സുകാരൻ ഭദ്രരാജു പറയുന്നു.
സാധാരണ വലിപ്പത്തിലുള്ള, കട്ടി കുറഞ്ഞ ചുറ്റിക പനമരത്തിന്റെ (ബൊറാസസ് ഫ്ലാബല്ലിഫർ) തടികൊണ്ടും ഏറ്റവും കട്ടിയുള്ളത് അർജ്ജുന മരത്തിന്റെ (ടെർമിനാലിയ അർജ്ജുന) തടികൊണ്ടുമാണ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും നേരിയ ചുറ്റികകൊണ്ട് അദ്ദേഹം ജോലി ചെയ്ത് തുടങ്ങുമ്പോൾ, മേടുന്നതിന്റെ ശബ്ദവും കുറഞ്ഞുവരുന്നു.
20 ഇഞ്ച് വ്യാസമുള്ള ഒരു വലിയ കലത്തിന് ആകൃതി പകരാൻ അദ്ദേഹത്തിന് ഏകദേശം 15 നിമിഷമെടുക്കും. അതിനിടെ, കലത്തിന്റെ ഒരു വശത്ത് വിള്ളൽ വീഴുകയോ പൊട്ടുകയോ ചെയ്താൽ, ആ ഭാഗത്ത് അല്പം കളിമണ്ണ് ചേർത്ത് അത് മേടുന്ന പ്രക്രിയ അദ്ദേഹം തുടരുന്നു.









