എല്ലാ പ്രഭാതങ്ങളിലും എസ്.കെ. അകിഫ്, ഹേസ്റ്റിംഗ് പാലത്തിന്റെ ചുവട്ടിലെ തന്റെ കുടിലിൽനിന്നിറങ്ങി, കൊൽക്കൊത്തയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ വിക്ടോറിയ മെമ്മോറിയലിലെത്തുന്നു. വരുന്ന വഴി, അയാൾ റാണിയേയും ബിജ്ലിയേയും കൂടെ കൂട്ടുന്നു.
ആ പേരുകളുള്ള രണ്ട് വെളുത്ത കുതിരകളാണ് തണുപ്പുകാലത്ത് അയാളുടെ ഉപജീവനമാർഗ്ഗം. “ഞാനൊരു വണ്ടിയോടിക്കുന്നു”, തൊഴിലിനെക്കുറിച്ച് ചോദിച്ചാൽ അകിഫ് പറയുന്നു. ഹേസ്റ്റിംഗ്സിന്റെ സമീപത്താണ് കുതിരകളെ പാർപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് അവയേയുംകൊണ്ട്, അയാൾ വിക്ടോറിയയിലെത്തുന്നു. മധ്യ കൊൽക്കൊത്തയിലെ ആ മാർബിൾ സൌധത്തിനും അതിന്റെ വിശാലമായ പുൽപ്പരപ്പിനും പ്രാദേശികമായി പറയുന്ന പേരാണത്. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയ മഹാറാണിക്കായി നിർമ്മിച്ച ഈ സ്മാരകമന്ദിരം 1921-നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്.
വിക്ടോറിയ മെമ്മോറിയലിലെ ക്വീൻസ് വേയുടെ ഭാഗത്തായിട്ടാണ്, അദ്ദേഹത്തിന്റെ വണ്ടി – അത് അയാൾ ദിവസവും വാടകയ്ക്കെടുക്കുന്നതാണ് – നിർത്തിയിട്ടിരിക്കുന്നത്. വരിവരിയായി നിർത്തിയിട്ടിരിക്കുന്ന പത്ത് വണ്ടികളിലൊന്നിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അകിഫ് പറയുന്നു, “ആ സ്വർണ്ണനിറമുള്ളതാണ് എന്റേത്”. അവിടെയുള്ള എല്ലാ വണ്ടികൾക്കും സ്വർണ്ണനിറവും, അലങ്കാരപ്പണികളും, രാജകീയ രഥത്തിന്റേതുപോലെയുള്ള ചിത്രപ്പണികളും ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. എന്നാൽ അകിഫിന്റെ വണ്ടി വേറിട്ട് നിൽക്കുന്നു എന്നത് സത്യം. കാരണം, യാത്രക്കാർക്ക് ഒരു ബ്രിട്ടീഷ് രാജ് അനുഭവം നൽകാനുള്ള ഉത്സാഹത്തിൽ ദിവസവും അത് തുടച്ചുമിനുക്കാനും വൃത്തിയാക്കാനും അയാൾ രണ്ടുമണിക്കൂറോളം ചിലവിടുന്നുണ്ട്.
തെരുവിന്റെ അപ്പുറത്ത്, വിക്ടോറിയ മെമ്മോറിയലിന്റെ ഗേറ്റിന്റെ മുമ്പിൽ ചെറിയൊരു ആൾക്കൂട്ടമായിത്തുടങ്ങി. “പഴയ കാലത്ത്, രാജക്കന്മാർ ഇവിടെ താമസിക്കുകയും വണ്ടികളിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സഞ്ചാരികൾ ഇവിടെ, ആ ഒരു അനുഭവത്തിനായിട്ടാണ് വരുന്നത്”. 2017-ൽ ഈ ജോലി ചെയ്യാൻ ആരംഭിച്ച അകിഫ് പറയുന്നു. “വിക്ടോറിയ മെമ്മോറിയൽ നിലനിൽക്കുന്നിടത്തോളം കാലം ഈ കുതിരവണ്ടികളും ഇവിടെയുണ്ടാവും” എന്നുകൂടി കൂട്ടിച്ചേർക്കാൻ അയാൾ മറന്നില്ല. അത്രയും കാലം ഈ വണ്ടി ഓടിക്കുന്നവരുടെ ജോലിയും ഉണ്ടാവും എന്നാണ് അയാൾ ഉദ്ദേശിച്ചിട്ടുണ്ടാവുക. ഈ ഭാഗത്ത് ഏകദേശം 50 ഓളം കുതിരവണ്ടികൾ സഞ്ചരിക്കുന്നുണ്ട്.
ഇപ്പോൾ തണുപ്പുകാലമാണ്. പകൽ മുഴുവനും പുറത്തെ ചൂട് അനുഭവിക്കാൻ കൊൽക്കൊത്ത തയ്യാറെടുക്കുന്നു. വൈകുന്നേരങ്ങളിൽ പ്രത്യേകിച്ചും അകിഫ് തിരക്കിലായിരിക്കും. നവംബർ മുതൽ ഫെബ്രുവരിവരെ ഈ തണുപ്പുകാലം നീളുമെന്നും, അതിനുശേഷം പുറത്ത് യാത്ര ചെയ്യാൻ അധികമാളുകൾ വരില്ലെന്നും അയാൾ സൂചിപ്പിക്കുന്നു.











