“എല്ലാ അംഗാമി പുരുഷന്മാർക്കും ഖോഫി നെയ്യാൻ അറിയാം,” 39 വയസ്സുള്ള പെലെസലി കൊത്സു പറയുന്നു. നാഗലൻഡിലെ ഖൊനോമ ഗ്രാമത്തിലെ നെയ്ത്തുകാരനാണ് അദ്ദേഹം. മുളയും ചൂരലും ഉപയോഗിച്ചുണ്ടാക്കുന്ന ഖോഫികൾ, വിറകും, നെല്ലും, വിളകളും, അനുഷ്ഠാന സാമഗ്രികളും നിറയ്ക്കാനുള്ള പരമ്പരാഗത അംഗാമി കൊട്ടകളാണ്. “ഞങ്ങളുടെ പാരമ്പര്യത്തിൽ അവ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളെന്നും വിലമതിക്കുന്നവ,” അദ്ദേഹം പറയുന്നു.
ഒരുകാലത്ത്, സമുദായത്തിൻ്റെ ഉപജീവനമാർഗ്ഗത്തിൻ്റേയും ജീവിതത്തിൻ്റേയും ഭാഗമായിരുന്ന ഖോഫി നെയ്ത്ത് ഇന്ന് ഖൊനോമയിലെ കഷ്ടിച്ച് 15 വീടുകളിലാണ് നടക്കുന്നത്. ചെയ്യുന്നതാകട്ടെ, മിക്കപ്പോഴും പ്രായമായ പുരുഷന്മാരും. പെലെസലി ഒരു അപവാദമാണ്.
അമ്പതുകളിലെത്തിയ കെപെ തോട്ടോയുടെ കൈകൾ, അളന്നുമുറിച്ചതുപോലെ ചലിച്ച്, മുളയുടെ നാരുകൾ വെട്ടിയൊതുക്കുന്നു. തെർഹു എന്ന് വിളിക്കുന്ന, മുളന്തണ്ടുകളും, തേക്കും, ചൂരലും ഉണങ്ങിയ ഇലകളുംകൊണ്ട് മേഞ്ഞ ഒരു കുടിലിരുന്നുകൊണ്ടാണ് അദ്ദേഹം നെയ്യുന്നത്.
“ഞാനൊരു നെയ്ത്തു കുടുംബത്തിൽനിന്നാണ് വരുന്നത്. ഖോഫി കുട്ടകൾ നെയ്യുന്ന പണി എന്നെയും ബന്ധത്തിലുള്ള സഹോദരന്മാരേയും പഠിപ്പിച്ചു,” ചെയ്യുന്ന ജോലിയിൽ ശ്രദ്ധിച്ചുകൊണ്ട് കെപെ പറയുന്നു.
നാഗലൻഡിലെ 17 അംഗീകൃത ഗോത്രങ്ങളിലൊന്നാന് അംഗാമി. 1800-കളിൽ, ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ നാഗന്മാർ ചെറുത്തുനിൽപ്പ് നടത്തിയ സ്ഥലമാണ് ഖൊനോമ. സംസ്ഥാന തലസ്ഥാനമായ കോഹിമയിൽനിന്ന് 20 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് അത് കിടക്കുന്നത്. ജൈവകൃഷിയും, സമീപത്തെ കാടുകളിലെ മരംമുറിയും നായാട്ടും നിരോധിക്കുകയും ചെയ്തുകൊണ്ട് പ്രകൃതിസംരക്ഷണ രീതികൾ ജീവിതവ്രതമാക്കിയ സമൂഹമാണ് അവരുടേത്.
മലമ്പ്രദേശത്ത് 20 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ കല്ലുപാകിയ വഴികളും, തട്ടുതട്ടായ നെൽപ്പാടങ്ങളും, വീടുകളുടെ പുറത്ത് ഭംഗിയായി അടുക്കിവെച്ച വിറകുകളും കാണാം.
400 അംഗാമി കുടുംബങ്ങളുള്ള (2011-ലെ സെൻസസ് പ്രകാരം ജനസംഖ്യ 1,943) ഗ്രാമത്തിൻ്റെ ഉപജീവനമാർഗ്ഗം തട്ടുതട്ടായ നെൽക്കൃഷിയും ഇടക്കൃഷിയും വനവിഭവങ്ങളുമാണ്. ചുറ്റുവട്ടത്തുള്ള കാടുകളെ സംരക്ഷിക്കുന്നത് അവിടുത്തെ സമൂഹമാണ്. പ്രത്യേകിച്ചും, ഖൊനോമ നേച്വർ കൺസർവേഷൻ ആൻഡ് ട്രാഗോപൻ സാങ്ച്വറിയിലൂടെ.


















