പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പിതൃഗൃഹത്തെക്കുറിച്ചോർക്കുമ്പോൾ അർജീന ബീബി ഏറ്റവും വാത്സല്യപൂർവ്വം ഓർമ്മിക്കുന്നത് അവരുടെ അമ്മയെയും മുത്തശ്ശിയെയുമാണ്. "എന്റെ മുത്തശ്ശിയുടെ ശൈലി എന്റെ കാന്ത തയ്യലിൽ കാണാം - തുന്നലുകൾ ഇടകലർത്തുകയും പൂക്കൾ നിറയ്ക്കുകയും ചെയ്യുന്ന അവരുടെ രീതി", തനിക്ക് പാരമ്പര്യമായി ലഭിച്ച തുന്നൽവിദ്യയെക്കുറിച്ച് അവർ പറയുന്നു. "എനിക്കറിയാവുന്നതെല്ലാം അവരെ കണ്ടാണ് ഞാൻ പഠിച്ചത്. ഇപ്പോഴും ഞാൻ അവർ ചെയ്തിരുന്ന രീതിയിൽത്തന്നെയാണ് തുന്നുന്നത്", അർജീന കൂട്ടിച്ചേർക്കുന്നു.
കാന്ത തയ്ക്കുന്നതിലെ തൻ്റെ വൈദഗ്ദ്ധ്യം കുടുംബത്തിന്റെ സാമ്പത്തികാവസ്ഥക്ക് ഗുണകരമായിട്ടുണ്ടെന്ന്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ ജോലിയിലേർപ്പെട്ടിരിക്കുന്ന അർജീന, പറയുന്നു. അൻപതിനോടടുത്ത പ്രായത്തിലും, പ്രാദേശിക വ്യാപാരികളിൽനിന്നും കമ്മീഷനടിസ്ഥാനത്തിൽ ജോലി കൈപ്പറ്റുന്ന ആറ് കാന്ത കരകൌശലത്തൊഴിലാളികളുടെ ഒരു വനിതാസംഘത്തെ ഇവർ നയിക്കുന്നു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാരാസാത്ത് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ജൂലൈ മാസത്തിലെ ചൂടുള്ള ഒരു മധ്യാഹ്നത്തിലാണ് ഞങ്ങൾ അർജീനയെ അവരുടെ ജോലിസ്ഥലത്തുവെച്ച് കണ്ടുമുട്ടിയത്. അവരുടെ അയൽവാസിയും സഹപ്രവർത്തകയുമായ നൂറനാഹർ ബീബിയുടെ സ്വീകരണമുറിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു താത്കാലിക പണിപ്പുരയിൽ, നൂലുകളുടെയും കത്രികകളുടെയും പകർപ്പെടുപ്പ് കടലാസുകളുടെയും പെട്ടികൾ ചിതറിക്കിടക്കുന്നു. കാന്ത തയ്യലിന്റെ ലക്ഷണമായ ഒരുതരം നേർത്തുന്നൽ ഉപയോഗിച്ച് ഈ സ്ത്രീകൾ തുണികളിൽ ചിത്രതയ്യൽ ചെയ്യുകയാണ്.
"എന്റെ ഭർത്താവ് കാന്ത ഉത്പന്നങ്ങളുടെ വിതരണക്കാരനാണ്," 35-കാരിയായ നൂറനാഹർ പറയുന്നു. "കുറച്ച് ചിത്രത്തയ്യൽ ജോലികൾ ഏറ്റെടുത്ത് ഞാൻ അദ്ദേഹത്തെ സഹായിക്കുന്നു." അവരുടെ ഭർത്താവായ മുഹമ്മദ് ജലാലുദ്ദീൻ എന്ന 43-കാരനും അദ്ദേഹത്തിന്റെ കുടുംബവും മൂന്ന് തലമുറകളായി കാന്ത വ്യാപാരത്തിലാണ്. "അദ്ദേഹം ചിത്രതയ്യൽ നന്നായി ചെയ്യുന്ന ഒരു വിദഗ്ദ്ധ കാന്ത കരകൗശലപ്പണിക്കാരനുമാണ്," ഒരു ചെറുപുഞ്ചിരിയോടെ നൂറന്നാഹർ കൂട്ടിച്ചേർക്കുന്നു.
"സ്ത്രീകൾ മികച്ച കാന്തകൾ തയ്ക്കുന്നു, കാരണം നമുക്ക് ഈ കലയുമായി ഒരു വൈകാരികബന്ധമുണ്ട്. പുരുഷന്മാർ ഇതിനെ വെറുമൊരു തൊഴിലായിമാത്രമാണ് കാണുന്നത്," കേൾവിപ്പുറത്തുള്ള ജലാലുദ്ദീനിനെ കളിയാക്കിക്കൊണ്ട് അർജീന പറയുന്നു,
















