മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയിലെ 40 കുക്കി-സോ ഗോത്ര കുടുംബങ്ങളുള്ള ഒരു ചെറിയ ഗ്രാമമായ നഹാമുൻ ഗുൻഫൈജാങ്ങിലെ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക്, രണ്ട് പുരുഷന്മാർ ഇടതൂർന്ന കുറ്റിക്കാടുകൾ മുറിച്ച് ഒരു കുന്നിൻമുകളിലേക്ക് നടന്നുനീങ്ങുകയാണ്. 2023 സെപ്റ്റംബർ മാസത്തിലെ ആകാശം മേഘാവൃതമായിരുന്നു. കുറ്റിച്ചെടികൾ നിറഞ്ഞ ഒരു കുന്നിൻപ്രദേശമാണ് അവർക്ക് ചുറ്റും.
കുറച്ച് വർഷങ്ങൾക്കുമുമ്പ്, ഈ കുന്നുകൾ പോപ്പിച്ചെടിയുടെ (പാപ്പാവേർ സോംനിഫെറം) വെളുപ്പും ധൂമ്ര- പിങ്ക് നിറങ്ങളിലുള്ളമുള്ള പൂക്കളാൽ മൂടപ്പെട്ടിരുന്നു.
"1990 കളുടെ ആരംഭത്തിൽ ഞാൻ കഞ്ചാവ് (കന്നാബിസ് സാറ്റിവ) വളർത്തിയിരുന്നു, പക്ഷേ അന്ന് അതിൽനിന്ന് വലിയ വരുമാനമുണ്ടായിരുന്നില്ല", യാത്ര ചെയ്തിരുന്ന ആ കർഷകരിലൊരാളായ പാഒലാൽ പറയുന്നു. "2000- കളുടെ തുടക്കത്തിൽ ആളുകൾ ഈ കുന്നുകളിൽ കാനി [പോപ്പി] കൃഷി ചെയ്യാൻ തുടങ്ങി. കുറച്ച് വർഷങ്ങൾക്കുമുമ്പ് അത് നിരോധിക്കപ്പെടുന്നതുവരെ ഞാനും അത് വളർത്തിയിരുന്നു". അദ്ദേഹം പറയുന്നു.
2020-ലെ ശൈത്യകാലത്തെക്കുറിച്ചാണ് പാഒലാൽ പരാമർശിക്കുന്നത്. അപ്പോഴായിരുന്നു നഗാമുൻ ഗുൻഫൈജാങ്ങിന്റെ തലവനായ എസ്. ടി. താംഗ്ബോയി കിപ്ഗെൻ, ഗ്രാമത്തിലെ പോപ്പി കൃഷിയിടങ്ങൾ ഇല്ലാതാക്കാനും കൃഷി പൂർണ്ണമായി നിർത്താനും കർഷകരോട് അഭ്യർത്ഥിച്ചത്. അദ്ദേഹത്തിന്റെ തീരുമാനം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല, മറിച്ച് 'മയക്കുമരുന്നിനെതിരായ യുദ്ധം' എന്ന സംസ്ഥാന ബിജെപി. സർക്കാരിന്റെ തീവ്രപ്രചാരണത്തെ പിന്തുണച്ചുകൊണ്ടുള്ള ഒന്നായിരുന്നു.
കറുപ്പെന്ന വളരെ ആസക്തിയുളവാക്കുന്ന ഒരു മയക്കുമരുന്ന് നിർമ്മിക്കാനാണ് പോപ്പി ഉപയോഗിക്കപ്പെടുന്നത്. മണിപ്പൂരിലെ മലയോര ജില്ലകളായ ചുരചന്ദ്പൂർ, ഉഖ്രുൽ, കാംജോങ്, സേനാപതി, തമെങ്ലോങ്, ചാന്ദേൽ, തെങ്നൌപൽ, കാംഗ്പോക്പി എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യുന്നത്. കാംഗ്പോക്പിയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും കുക്കി-സോ ഗോത്രത്തിൽപെട്ടവരാണ്.
അഞ്ച് വർഷങ്ങൾക്കുമുമ്പ്, 2018 നവംബറിലാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന സർക്കാർ മയക്കുമരുന്നിനെതിരെയുള്ള യുദ്ധം ആരംഭിച്ചത്. മലയോര ജില്ലകളിലെ ഗ്രാമത്തലവന്മാരോടും പള്ളികളോടും ആ പ്രദേശങ്ങളിൽ പോപ്പി കൃഷി നിർത്തണമെന്ന് സിംഗ് അഭ്യർത്ഥിച്ചു.









