അടുപ്പിലെ തീയുടെ പുകയും ചോളം വറുക്കുന്നതിൻ്റെ സുഗന്ധവും അന്തരീക്ഷത്തിൽ നിറഞ്ഞു. ഒരു ഹുർദ ആഘോഷം നടക്കുകയാണ്. ഹുർദ എന്നറിയപ്പെടുന്ന പുതുതായി വിളവെടുത്ത ചോളം ജനകീയമായ ഒരു വിഭവമാണ്. കർഷകർ അവരുടെ വിളവുകൾ കൊണ്ടുവന്ന് മറാത്ത്വാഡയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നു.
“ആളുകൾ അതിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്,” ലോന്ധ്യാചിവഡിയിലെ ചോളക്കർഷകനായ സൂര്യകാന്ത് മൈന്ദ് പറയുന്നു. ജൽന ജില്ലയിലെ അഞ്ചേക്കർ ഭൂമിയിൽ, ചോളത്തിൻ്റെ ബെദ്രി, മാൽഡന്തി ഇനങ്ങൾ വളർത്തുകയാണ് അദ്ദേഹം. ഡിസംബറിൽ, തളിരായിരിക്കുമ്പോൾത്തന്നെ പകുതി വിളവ് കുടുംബങ്ങൾ കൊയ്തെടുക്കും. ബാക്കിയുള്ളത്, ധാന്യം നന്നായി പാകമാവുന്ന ഫെബ്രുവരിയിലും മാർച്ചിലും.
ശ്രദ്ധയോടെ വിളവെടുത്ത ചോളവുമായി (ഹുർദ) ജൽന പട്ടണത്തിലേക്ക് മൈന്ദ് യാത്രയാവുന്നു. ഓരോ സീസണിലും, കിലോയ്ക്ക് 150 രൂപവെച്ച്, 40 കിലോ തളിർ പ്രായത്തിലുള്ള ചോളം വിൽക്കാറുണ്ടെന്ന് 55 വയസ്സുള്ള ആ കർഷകൻ പറയുന്നു.
സ്റ്റാളുകളിൽ ഹുർദ ഒരുക്കുന്ന പ്രക്രിയ, സാവാധാനത്തിലും ശ്രദ്ധയോടെയുമാണ്. സ്ത്രീകളാണ് മുഖ്യപങ്ക് വഹിക്കുന്നത്. തളിർ പ്രായത്തിലുള്ള ചോളത്തിൻ്റെ കതിരുകൾ ഒരു കുഴിയിലിട്ട് വറക്കുന്നു. മുമ്പത്തെ വിളവിൽനിന്നെടുത്ത കതിരുകളാണ് ചുടാൻ ഉപയോഗിക്കുനത്. സമയം പ്രധാനമാണ്. “വേഗം പുറത്തെടുത്താൽ, പച്ചപ്പ് മാറിയിട്ടുണ്ടാവില്ല. കൂടുതൽ നേരം വെച്ചാൽ ഉണങ്ങിപ്പോവുകയും ചെയ്യും,” 45 വയസ്സുള്ള ഭീമ നാന ദഖനെ പറയുന്നു. ച്ഛത്രപതി സംഭാജിനഗർ (പണ്ടത്തെ ഔറംഗബാദ്) ജില്ലയിൽനിന്നുള്ള 45 വയസ്സുള്ള കർഷകനാണ് അദ്ദേഹം.
വറത്തുകഴിഞ്ഞാൽ, സ്ത്രീകൾ അവയെ കൈയ്യിലിട്ട് ഉരച്ച് അതിലെ തവിട് കളയും. പിന്നെയാണ് പാചകം തുടങ്ങുക. “രാവിലെമുതൽ ഇരുളുന്നതുവരെ മറ്റ് സ്ത്രീകളോടൊപ്പം അടുക്കളയിലായിരിക്കും ഞാൻ,” സവിത ദഖനെ പറയുന്നു. “പാടത്തുനിന്ന് നേരിട്ട് കിട്ടുന്ന വിഭവങ്ങൾ നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” അവർ പറയുന്നു.














