വെളുപ്പും മഞ്ഞയുമായ കാത്ഗോലാപ് (ഫ്രാങ്കിപാനി, അഥവാ, പ്ലുമേരിയ രുബ്ര) പൂക്കൾ തുന്നി ഒരു നീളമുള്ള മാലയാക്കുകയായിരുന്നു ചന്ദ്രാമ. അവരുടെ കൈയ്യിലിരിക്കുന്ന മനോഹരമായ ഫ്രാംഗിപാനി പൂക്കളുടേയും ഏപ്രിലിലെ ഉച്ചയുടെ തിളങ്ങുന്ന സൂര്യൻ്റേയും മഞ്ഞനിറങ്ങളേക്കാൾ ശോഭയുണ്ടായിരുന്നു അവരുടെ മൂക്കിൽ ഞാത്തിയിട്ടിരിക്കുന്ന വളയങ്ങൾക്ക് – മൂന്ന് മൂക്കുത്തികളായിരുന്നു അവർ ധരിച്ചിരുന്നത്. അവരും, ഗദാബ ആദിവാസി സമുദായത്തിലെ ഇരുപത് സ്ത്രീകളും, ഒഡിഷയിലെ കോരാപ്പുട്ട് ജില്ലയിലെ അവരുടെ പുട്പാണ്ടി ഗ്രാമത്തിന് പുറത്തെ ഒരു തുറസ്സിലിരുന്ന് മാലകൾ കോർക്കുകയായിരുന്നു. രണ്ടും മൂന്നും മൂക്കുത്തികൾ ധരിച്ചിരുന്നു അവരെല്ലാവരും.
“ഈ മൂക്കുത്തിക്ക് ഞങ്ങൾ ബെസ്രി എന്ന് പറയും. നടുക്കുള്ളത് ദോണ്ടി, ഇടതുവശത്തുള്ളത് നാഥോ. എല്ലാക്കാലത്തും ഞാനിവ ധരിച്ചിരുന്നു. ഒരുപക്ഷേ ജനിച്ചതുതന്നെ ഇവ ധരിച്ചുകൊണ്ടാവാം,” ചിരിച്ചുകൊണ്ട് പറയുകയാണ് 70 വയസ്സുള്ള ചന്ദ്രാമ. അവരുടെ ദോണ്ടി അല്പം മുകളിലേക്കുയർന്നപ്പോൾ താഴത്തുള്ള ചുണ്ട് കാണാൻ കഴിഞ്ഞു. സാധാരണയായി, മൂക്കിൻ്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന സ്വർണ്ണവളയംകൊണ്ട് അത് മറഞ്ഞുകിടക്കുകയാണ് പതിവ്
“പണ്ടൊക്കെ ഞങ്ങളുടെ സമുദായത്തിൽ, പെൺകുട്ടികളെ, കുഞ്ഞായിരിക്കുമ്പോൾമുതൽ, ഈ മൂന്നും ധരിപ്പിക്കും. എന്നാലിപ്പോൾ, അവർക്ക് അഞ്ചോ പത്തോ വയസ്സുള്ളപ്പോഴാണ് മൂക്ക് തുളയ്ക്കുന്നത്. ചില പെൺകുട്ടികൾക്ക് മൂക്ക് തുളയ്ക്കുന്നതേ ഇപ്പോൾ ഇഷ്ടമല്ല,” അവർ പറയുന്നു. ഓരോ വരികൾ സംസാരിക്കുമ്പോൾ, അവർ ഒരുപിടി പൂക്കൾ മാലയിലേക്ക് തുന്നിച്ചേർത്തിരിക്കും. വൈകീട്ട് അവരുടെ പുരുഷന്മാർ, നായാട്ട് കഴിഞ്ഞ് വരുമ്പോൾ അവരെ സ്വീകരിക്കാനുള്ള മാലകളാണ് ഇത്. ചൈത്ത് പറബ് (ചൈത്ര പർവം) എന്നാണ് ഇതിനെ വിളിക്കുന്നത്.
ഹിന്ദു കലണ്ടർപ്രകാരമുള്ള ആദ്യത്തെ മാസമായ ചൈത്രത്തിൽ, ഒഡിഷയിലെയും ജാർഘണ്ടിലേയും ആദിവാസി സമൂഹങ്ങൾ ആഘോഷിക്കുന്ന ഒരു കാർഷികാഘോഷമാണ് 14 ദിവസം നീണ്ടുനിൽക്കുന്ന കാർഷികാഘോഷമാണ് ഇത്. ഏപ്രിൽ മധ്യത്തിലെ ഈ സമയം, പാടത്തെ പണിയിൽനിന്നുള്ള വിശ്രമത്തിൻ്റേയും സമയമാണ്. വേനൽപ്പാട്ടുകൾ അന്തരീക്ഷത്തിൽ നിറയുകയും, പൂക്കളും ഫലങ്ങളും കായ്ക്കുകയും ചെയ്യുന്ന സമയം. ഗദാബ സമുദായത്തിലെ ചെറുപ്പക്കാരികളും പ്രായമായ സ്ത്രീകളും പാടുകയും നൃത്തം ചെയ്യുകയും കുടിക്കുകയും ഗ്രാമത്തിലെ മൂർത്തികൾക്ക് പച്ചമാങ്ങ നിവേദിക്കുകയും, നായാട്ട് കഴിഞ്ഞുവരുന്ന പുരുഷന്മാരെ മാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നത് ഈ കാലത്താണ്.








