ദുലേശ്വരി സൊരെൻ്റെ റേഷൻ കാർഡിൽ അവരുടെ ജന്മദിനമായി സൂചിപ്പിച്ചിരിക്കുന്നത് 1963 ജനുവരി 1 ആണ്. എന്നാൽ അവർക്ക് അതിനേക്കാൾ പതിറ്റാണ്ടുകൾ പ്രായമുണ്ട്. “അവർക്ക് ഏകദേശം 100 ആയിട്ടുണ്ടാവും,” ദുലേശ്വരിയുടെ ചെറുമകളുടെ മകളായ 16 വയസ്സുള്ള പ്രമീള കിസ്കു പറയുന്നു.
ആ വയോധികയുടെ ബഗൻപാരയിലെ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു ഞങ്ങൾ. പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൻ്റെ പരിസരത്താണ് ആ സ്ഥലം. ഇവിടെയുള്ള വളഞ്ഞുപുളഞ്ഞ ഇടവഴികളിൽ തെരുവുപട്ടികളും വളർത്തുകോഴികളും അലയുന്നുണ്ട്. ആദ്യത്തേത് അലസമായി നടക്കുന്നു, രണ്ടാമത്തെ കൂട്ടർ നിലത്തുനിന്ന് എന്തോ കൊത്തിത്തിന്നും.
“ശാന്തിനികേതൻ..അതാണ് എൻ്റെ പേരക്കുട്ടിയുടെ പേര്,” ദുർബ്ബലമായ ശബ്ദത്തിൽ ദുലേശ്വരി പറയുന്നു. വെട്ടി ചെറുതാക്കിയ തൻ്റെ വെളുവെളുത്ത മുടിയിൽ വിരലോടിച്ചുകൊണ്ട് അവർ ചിരിക്കുന്നു.
“ഇവിടെ ഇരുന്ന് ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം. അതുകൊണ്ട് അവർ എൻ്റെ മുടി വെട്ടി ചെറുതാക്കി,” തൊട്ടടുത്തിരിക്കുന്ന പ്രമീളയെ നോക്കി ചിരിച്ചുകൊണ്ട് ദുലേശ്വരി പറയുന്നു. “ദിവസവും അവൾ എനിക്ക് ചായ ഉണ്ടാക്കിത്തരും, വിരലിലെ നഖമൊക്കെ വെട്ടിത്തരും,” അവർ കൂട്ടിച്ചേർക്കുന്നു.








