“ഗ്യാസ് ഉപയോഗിച്ച് ചടങ്ങിനായി പാകം ചെയ്യാനായിരുന്നു ഞങ്ങളുടെ പദ്ധതി,” തൊട്ടടുത്ത് കത്തിയമരുന്ന തീക്കനലുകളിലേക്ക് നിശ്ശബ്ദമായി നോക്കി റിയാസ് അഹമ്മദ് പറയുന്നു. “പക്ഷേ പാചകവാതകക്ഷാമം കാരണം ഞാൻ വിറക് ഉപയോഗിക്കാൻ നിർബന്ധിതനായി. അതിന് പാചകവാതകത്തേക്കാൾ ഇരട്ടിച്ചെലവാണ് വരുന്നത്.”
50-കാരനായ റിയാസ് അഹമ്മദ് അഞ്ചാരി കശ്മീരിന്റെ പരമ്പരാഗത വിഭവങ്ങൾ തയാറാക്കുന്ന പാചകക്കാരനാണ്, വാസ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിൽ റിയാസാണ് പ്രധാന പാചകക്കാരൻ. എന്നാൽ ഇതുവരെ പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധിയോട് പൊരുതുകയാണ് അദ്ദേഹം ഇപ്പോൾ.
ഏകദേശം 3,000 കിലോമീറ്റർ അകലെ നടക്കുന്ന ഇറാൻ യുദ്ധം കശ്മീരിലെ വിവാഹങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കുറച്ചുമുമ്പ് ആ വീട് സജീവമായിരുന്നു. ചിലർ പരമ്പരാഗത ഗാനങ്ങൾ പാടിക്കൊണ്ടിരുന്നു. മറ്റുചിലർ നൃത്തം ചെയ്തു. മറ്റുചിലർ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. വീടിന് ചുറ്റും അലങ്കരിച്ചിരുന്ന വർണവെളിച്ചം ആ രാത്രിയെ അതിമനോഹരമാക്കി.
ഇൗ പാചകക്കാർ (വാസ) എനിക്കെപ്പോഴും ആകർഷകമായി തോന്നിയിട്ടുണ്ട് — അവരുടെ കഥകളും തലമുറകളിലൂടെ കൈമാറിവരുന്ന പാചകരഹസ്യങ്ങളും മറ്റൊരു ആകർഷണമാണ്. അതുകൊണ്ടുതന്നെ വിവാഹത്തിനുള്ള പാചകം പൂർത്തിയാക്കിയശേഷം രാത്രി 11-ഓടെ ഞാൻ അവരുടെ ഒപ്പം പോയിരുന്നു.
ഓരോ വാസയും തങ്ങളുടെ മേഖലയിൽ അതീവ പ്രാവീണ്യമുള്ളവരാണ്. ഒരാൾ കൃത്യതയോടെ മാംസം മുറിക്കുന്നതിൽ വിദഗ്ധനാണെങ്കിൽ മറ്റൊരാൾ കൃത്യമായി "സ്ലോകുക്ക്' ചെയ്യുന്നതിൽ വിദഗ്ധനാണ്. മറ്റൊരാൾക്ക് മസാലകളെക്കുറിച്ച് ആഴമായ അറിവുണ്ടാകും. ഒരു വിഭവത്തിന് എന്തെങ്കിലും കുറവുണ്ടെങ്കിൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും.











