തുക്കറാം മാസൽ രണ്ട് വലിയ പ്ലാസ്റ്റിക്ക് പാട്ടകൾ തൻ്റെ മോട്ടോർസൈക്കിളിൽ കെട്ടിവെച്ച്, ട്രാക്ടറുകൾക്കുള്ള ഡീസൽ വാങ്ങാൻ പട്ടണത്തിലേക്ക് തിരിച്ചു. അങ്ങിനെയെങ്കിൽ എന്തുകൊണ്ട്, ട്രാക്ടറിൽത്തന്നെ പോകുന്നില്ല?
“അങ്ങിനെ ചെയ്യുന്നത്, ഇന്ധനവും പൈസയും പാഴാക്കും,” മാസാൽ പറയുന്നു. ഒരു ലിറ്റർ ഡീസൽകൊണ്ട് ട്രാക്ടർ സഞ്ചരിക്കുക പരമാവധി അഞ്ച് കിലോമീറ്ററാണ് ശരാശരി. “ഒരു ലിറ്റർ ഡീസലിന് 100 രൂപയ്ക്കടുത്ത് വേണം.” അത് വാങ്ങാൻ വിവിധ പമ്പുകളിൽ പോകേണ്ടിയും വരും.
ഡീസലിലെ റേഷനിംഗ് ആരംഭിച്ചുകഴിഞ്ഞു.
“ഓരോ തവണയും അവർ കുറച്ച് ലിറ്റർ മാത്രമേ തരൂ,” മഹാരാഷ്ട്രയിൽ വരൾച്ചാ സാധ്യത നേരിടുന്ന ധാരാശിവ് ജില്ലയിലെ ഭൂം പട്ടണത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള വാക്വാഡ് ഗ്രാമത്തിൽനിന്നുള്ള 53 വയസ്സുള്ള കർഷകനാണ് അദ്ദേഹം.
“ഡീസൽ വാങ്ങാൻ ഞാൻ അഞ്ച് വ്യത്യസ്ത പമ്പുകളിൽ പോവാറുണ്ട്. എന്നാലേ ഒരു ദിവസത്തേക്കാവശ്യമായ 20-25 ലിറ്റർ വാങ്ങാൻ പറ്റൂ,” അദ്ദേഹം പറയുന്നു. ഭൂമിനും ചുറ്റുവട്ടത്തിനുമിടയിൽ വളരെ കുറച്ച് പമ്പുകൾ മാത്രമേയുള്ളു.
ചില ദിവസങ്ങളിൽ ഡീസൽ അന്വേഷിച്ച് പമ്പുകളിൽ പോകാൻ 70-80 കിലോമീറ്റർ സഞ്ചരിക്കേണ്ടിവരാറുണ്ട്. “രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ കിട്ടണമെങ്കിൽ നല്ല ഭാഗ്യവും വേണം,” അദ്ദേഹം പറയുന്നു. ചിലപ്പോൾ പമ്പിലുള്ളവർ പ്ലാസ്റ്റിക്ക് പാട്ടകളിൽ ഡീസൽ തരാൻ വിസമ്മതിക്കുകയും ചെയ്യും. ട്രാക്ടർ കൊണ്ടുവരാൻ പറയും അവർ.











