ഛത്രപതി സംഭാജിനഗർ ആസ്ഥാനമായി രണ്ട് പതിറ്റാണ്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രാൻസ്പോർട്ട് കമ്പനിയിലെ 50 വയസ്സുള്ള സുഭാഷ് ബിക്കഡ് എന്ന ട്രക്ക് ഡ്രൈവർ 2029 ഡിസംബറിൽ ഒരു പുതിയ ഹൈവേയിലേക്ക് യാത്രയ്ക്കൊരുങ്ങി.
“രണ്ട് സുഹൃത്തുക്കളും ഞാനും ചേർന്ന് സ്വന്തമായി ഒരു ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചു. മൂന്ന് ട്രക്കുകളും കണ്ടെയ്നറുകളും വാങ്ങി. ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണ് ഞങ്ങൾ. ട്രക്കുകളുമായി ധാരാളം യാത്ര ചെയ്തവർ. പുണെയിലുള്ള ഒരു സുഹൃത്ത് ഞങ്ങളുടെ ജാമ്യക്കാരനായി നിന്നു.
അഭൂതപൂർവ്വമായ ഒരു തുടക്കമായിരുന്നു അത്. ഡ്രൈവറിൽനിന്ന് ഉടമസ്ഥനിലേക്ക്. ബിക്കഡിനും പങ്കാളികൾക്കും മാതൃമല്ല. അവരുടെ സാർനി സാംഘ്വി എന്ന ഗ്രാമത്തിലെ 80 ചെറുപ്പക്കാർക്കും. അതായത്, 1,460 ആളുകൾ താമസിക്കുന്ന ഈ ഗ്രാമത്തിൽ, നാലിലൊരു വീട് ട്രക്കിംഗ് വ്യാപാരത്തിലേക്ക് കടന്നു എന്നർത്ഥം. വരൾച്ചാസാധ്യതയുള്ള ബീഡ് ജില്ലയിലെ കൈജ് തെഹ്സിലിലെ ഇരട്ടഗ്രാമമാണ് സാർനി സാംഘ്വി.
2025-ഓടെ ആ ഗ്രാമം ട്രക്കുകളുടേയും കണ്ടെയ്നറുകളുടേയും (ഷിപ്പിംഗ് അഥവാ കാർഗോ കണ്ടെയ്നറുകൾ എന്നും വിളിക്കുന്നു) ഗ്രാമമായി മാറി. ഈ 80 ചെറുപ്പക്കാരാണ് 400 ട്രക്കുകളുടേയും ലോഡിംഗ് കണ്ടെയ്നറുകളുടേയും ഉടമസ്ഥർ. വ്യാപാരം വളരെ വേഗം മെച്ചപ്പെട്ടു. രാജ്യത്തെ വലിയ ട്രാൻസ്പോർട്ട് കമ്പനികൾ അവർക്ക് ജോലിക്കരാറുകൾ നൽകി. പരസ്പരം ഗ്യാരണ്ടി നിന്ന് പലരും വിജയത്തിലേക്ക് കുതിച്ചു. “എല്ലാ ട്രക്കുകളും നിരത്തിനിർത്തി ദീപാവലിക്ക് ഞങ്ങൾ പൂജ നടത്തി.” എന്ന് സുനിൽ കേദാർ എന്ന സർപാഞ്ച് പറയുന്നു.
ഗ്രാമത്തിൻ്റെ പുതിയ ആരാധനാമൂർത്തിയായി ട്രക്കുകളും കണ്ടെയ്നറുകളും.
എന്നാലിന്ന് ധാരാളം ട്രക്കുകളും കണ്ടെയ്നറുകളും വഴികളിലും, ലക്ഷ്യങ്ങളിലുമായി കാത്തുകെട്ടിക്കിടക്കുകയാണ്. ഗ്രാമത്തിലെ വളരെക്കുറച്ചെണ്ണം മാത്രമേ ഞങ്ങൾ കണ്ടുള്ളു. ഇരാനുനേരെയുള്ള അമേരിക്കൻ-ഇസ്രായേലി യുദ്ധം സാർനി സാംഘ്വിയുടെ സമൃദ്ധിയിൽ വിള്ളലുകൾ വീഴ്ത്തിയിരിക്കുന്നു.







