സുഗുണയുടെ കഥ
നമസ്ക്കാരം! എന്റെ പേര് സുഗുണ. 2008 മുതൽ ഞാൻ ഈ ജോലി ചെയ്യുന്നുണ്ട്. വളരെ ചെറുപ്പത്തിൽത്തന്നെ എനിക്കെൻ്റെ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു.
അച്ഛന്റെ മരണശേഷം, വീടിന് സമീപത്തുള്ള ഒരു പാവ-നിർമ്മാണശാലയിൽ അമ്മ ജോലിയ്ക്ക് പോയിത്തുടങ്ങി. പണി കഴിഞ്ഞ് വരുമ്പോൾ അമ്മ കൊണ്ടുവന്നിരുന്ന പാവകൾ എനിക്ക് വലിയ കൗതുകമായിരുന്നു. നാലുവയസ്സുതൊട്ടുതന്നെ എനിക്ക് പാഠങ്ങളേക്കാൾ പാവകളോടായിരുന്നു കമ്പം. എങ്ങനെയാണ് ഈ പാവകൾ നിർമ്മിക്കുന്നത്? എന്ത് സാധനങ്ങൾ ഉപയോഗിച്ചാണ് അവ നിർമ്മിക്കുന്നത്? എന്നെല്ലാം അത്ഭുതത്തോടെ ഞാൻ ആലോചിക്കുമായിരുന്നു.
കുറച്ച് നാളുകൾക്കുശേഷം എന്റെ അമ്മയും മരിച്ചതോടെ, "ഇനി നീ സ്കൂളിൽ പോകേണ്ട. എനിക്ക് നിന്നെ നോക്കാൻ സാധിക്കില്ല" എന്ന് മുത്തശ്ശി പറഞ്ഞു. അമ്മ ജോലി ചെയ്തിരുന്ന അതേ ഫാക്ടറിയിൽ ചേച്ചിയ്ക്കൊപ്പം എന്നെയും മുത്തശ്ശി ജോലിയ്ക്ക് പറഞ്ഞുവിട്ടു. അന്ന് വെറും 10 വയസ്സായിരുന്നു എന്റെ പ്രായം.
തുടക്കത്തിൽ, കളിമണ്ണ് കലർത്താനും ചേറ്റാനും മാത്രമാണ് എന്നെ അനുവദിച്ചിരുന്നത് - പാവകളെ തൊടാൻപോലും സമ്മതിച്ചിരുന്നില്ല. രണ്ടുവർഷത്തിന് ശേഷം, ഞാൻ കളിമണ്ണ് അച്ചിലേയ്ക്ക് ഒഴിക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. പതിയെ ഞാൻ അച്ച് തീർക്കുന്ന ജോലിയും പഠിച്ചെടുത്തു. പക്ഷെ കാലം കടന്നുപോകുംതോറും, കുറച്ചുകൂടി കാര്യങ്ങൾ പഠിക്കണമെന്ന തോന്നൽ ശക്തമായി. അങ്ങനെയാണ് ഞാൻ ഈ കല അഭ്യസിക്കാൻ തീരുമാനിച്ചത്.
നാല് വർഷമെടുത്താണ് ഞാൻ കളിമൺപാവ നിർമ്മാണം പഠിച്ചത്. 14 വയസ്സിൽ 75 രൂപ ദിവസക്കൂലിയ്ക്ക് ഞാൻ ജോലി ചെയ്യാൻ തുടങ്ങി. കലാകാരന്മാർക്ക് അക്കാലത്ത് 100 രൂപ ദിവസക്കൂലി ലഭിച്ചിരുന്നെങ്കിലും, ഞാൻ അതേ ശമ്പളം ആവശ്യപ്പെട്ടപ്പോൾ, "നീ ഇപ്പോഴും കുട്ടിയാണ്' എന്ന് പറഞ്ഞ് അവർ എന്നെ മടക്കി. അതോടെ ഞാൻ അവിടെനിന്ന് പോന്നു.
പിന്നീട് ഞാൻ കരാർജോലികൾ ഏറ്റെടുക്കാൻ തുടങ്ങി - അക്കാലത്ത്, ഏതാണ്ട് 10 കമ്പനികൾ അവരുടെ കലാരൂപങ്ങൾ നിർമ്മിക്കാനുള്ള ഓർഡർ എനിക്ക് തന്നിരുന്നു. അപ്പോഴാണ് ഞാൻ ഒരു വസ്തുത തിരിച്ചറിഞ്ഞത്: നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നാൽ, ജോലിയും നമ്മെ ഉയർച്ചയിലേക്കെത്തിക്കും.
ക്രമേണ ആളുകൾ എന്നെ ബഹുമാനിക്കാൻ തുടങ്ങി. അക്കാലത്ത് കലാകാരൻമാർ മാത്രമാണ് മേശയിട്ട് ഇരുന്നിരുന്നത്; ബാക്കിയുള്ളവർക്ക് നിലത്തായിരുന്നു സ്ഥാനം. എന്നാൽ പണ്ട് എന്നെ നിസ്സാരയെന്ന് കരുതി തള്ളിക്കളഞ്ഞവർ പതിയെ എന്നെ തിരികെ വിളിക്കാൻ ആരംഭിച്ചു. കളിമൺരൂപങ്ങളുടെ കണ്ണുകൾ, ചുണ്ടുകൾ എന്നിങ്ങനെ ഓരോ ചെറിയ ഭാഗത്തിനും ഞാൻ നൽകിയിരുന്ന ഫിനിഷിങ് മൂലം ഞാൻ നിർമ്മിച്ച ഉത്പന്നങ്ങൾ വേറിട്ടുനിന്നു.
എന്നിട്ടും ചില സ്ഥലങ്ങളിൽനിന്ന് അസഹനീയമായ അനുഭവങ്ങളുമുണ്ടായി. വളരെ മോശമായ രീതിയിലാണ് ഞങ്ങൾ സ്ത്രീകളെ അവർ ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നത് - എത്ര പണം തരാമെന്ന് പറഞ്ഞിട്ടും അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് ഞാൻ പിന്നീട് പോയിട്ടില്ല.
അങ്ങനെയൊരു ഫാക്ടറിയിൽവെച്ചാണ് ഞാൻ എന്റെ ഭർത്താവിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന് വിദേശത്തേയ്ക്ക് പോകാനായിരുന്നു താത്പര്യം, പക്ഷെ "നമ്മൾ വിവാഹം കഴിക്കുകയാണെങ്കിൽ, നിങ്ങൾ ഇവിടെ എന്നോടൊപ്പംനിന്ന് ഈ കമ്പനി നടത്തണം" എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് മാത്രമായിരുന്നു എന്റെ നിബന്ധന.
എന്തുകൊണ്ടാണ് എനിക്ക് ഈ ജോലിയോട് ഇത്ര അഭിനിവേശം? ഒരുപക്ഷെ കളിമണ്ണായതുകൊണ്ടാകും - ഞാൻ അതിന് ആകൃതി നൽകി, ജീവസ്സുറ്റതാക്കുമ്പോൾ ആളുകൾക്ക് അവ ഇഷ്ടമാകുന്നു. ആ സന്തോഷമാണ് എന്നെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്.