“ഇലക്ട്രിക്ക് യന്ത്രങ്ങൾ ഈ പരമ്പരാഗത രീതിയെ ഇല്ലാതാക്കും.” ഇരുവശത്തും പിടികളുള്ള നേതാര - കട്ടികൂടിയ പരുത്തിക്കയർ - വലിച്ച്, ഒരു പാത്രത്തിലെ തൈര് കടഞ്ഞുകൊണ്ട്, രായലി ബായി പറയുന്നു. ആ കടയുന്ന ശബ്ദത്തിനും മീതെ മുഴച്ചുനിന്നു അവരുടെ ശബ്ദം. പിൻഭാഗത്തുള്ള ചെറിയ കുന്നിൽ കിളികളുടെ ചിലമ്പൽ കേൾക്കാം.
ഗുജറാത്തിൻ്റെ അതിർത്തിയിലുള്ള രാജസ്ഥാൻ്റെ സിരോഹി ജില്ലയിലെ ഉപ്ലാഗഡ് ഗ്രാമത്തിൽ അപ്പോൾ സമയം രാവിലെ 5.30 ആയിരുന്നു. കുന്നുമ്പ്രദേശമായ അവിടെ അളുകളുടെ സഞ്ചാരം അധികവും മോട്ടോർസൈക്കിലാണ്. ഗ്രാമത്തിലെ, മുകളിലേക്കും താഴേക്കും നീളുന്ന കോൺക്രീറ്റ് പാതകൾ അതിനനുയോജ്യമാണെങ്കിലും അപകടസാധ്യതയും കുറവല്ല. തട്ടുയരം കുറഞ്ഞ, അടച്ചുറപ്പുള്ളതും അല്ലാത്തതുമായ വീടുകൾ വഴികളുടെ ഇരുവശത്തും കാണാം. രായലിയുടെ അടച്ചുറപ്പുള്ള വീടുപോലെ, മിക്ക വീടുകളിലും രണ്ട് മുറികളും ഒരു അടുക്കളയും ഒരു വരാന്തയുമുണ്ടാകും. ഗ്രാമത്തിന് വെളിയിൽ ഒരു ചെറിയ കുന്നിലാണ് രായലിയുടെ വീട്. വണ്ടികൾ വീട്ടുമുറ്റംവരെ എത്തില്ല. അല്പം നടക്കുകതന്നെ വേണം.
രായലി ബായിയെപ്പോലെ, ഉപ്ലഗഡ് ഗ്രാമത്തിലെ മിക്കവരും ഗരാസിയ സമുദായക്കാരാണ്. സംസ്ഥാനത്ത് അവർ പട്ടികഗോത്രമാണ്. 40 വയസ്സ് കഴിഞ്ഞ അവർ സ്കൂളിൽ പോയിട്ടില്ല. അത് അസാധാരണമല്ല സ്ത്രീകളിൽ 10-ഉം പുരുഷന്മാരിൽ 27-ഉം ശതമാനവുമാണ് സാക്ഷരർ (2011-ലെ സെൻസസ്)








