ഷോജ്നെഖലി കടുവാസങ്കേതം, പീർഖാലി, ദോബാങ്കി കടുവാസങ്കേതം തുടങ്ങിയ നയനമനോഹരങ്ങളായ പ്രദേശങ്ങളിലൂടെ ഒഴുകിനീങ്ങുകയാണ് ഒരു ക്രൂയിസ് ബോട്ട്. എന്നാൽ ആ പ്രകൃതിദൃശ്യം ആസ്വദിക്കാൻപോലും സമയമില്ലാത്തത്ര തിരക്കിലാണ് ഭാനുമതി. കണ്ണെത്താദൂരത്തോളം ഒഴുകിനീങ്ങുന്ന നദിയും നിരീക്ഷണ ടവറുകളും വൃക്ഷത്തലപ്പുകളിലെ പക്ഷികളുമെല്ലാം അവരുടെ മുന്നിൽ മങ്ങിമറയുന്നു. ഭാനുമതിയെപ്പോലെ, ക്രൂയിസ് ബോട്ടുകളിൽ പാചകക്കാരും സഹായികളുമായി ജോലി ചെയ്യുന്ന തൊഴിലാളികൾ ഏത് സമയവും തിരക്കിലായിരിക്കും. പല നേരത്തേയ്ക്കുള്ള ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉരുളക്കിഴങ്ങും പരിപ്പും മുട്ടയും വേവിക്കുക, ഇഞ്ചിയും വെളുത്തുള്ളിയും അരിയുക, പല തരം സുഗന്ധവ്യഞ്ജനങ്ങൾ അരച്ചെടുക്കുക എന്നിങ്ങനെ പലവിധ ജോലികളിൽ വ്യാപൃതരായിരിക്കും അവർ.
സമയം ഉച്ചയോടടുക്കുന്നതോടെ അടുക്കളയിൽ പാചകം ചെയ്യുന്ന സ്ത്രീകൾ ചൂടിൽനിന്ന് അല്പം ആശ്വാസം നേടാൻ ജോലിയിൽനിന്ന് ചെറിയ ഇടവേളകളെടുക്കും. "ജോലി വേഗമാകട്ടെ," അവർ പരസ്പരം പറയും. "മോട്ടോർ പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ വേവുന്നത് നമ്മളായിരിക്കും," ലിപിക മോണ്ഡൽ ചിരിച്ചുകൊണ്ട് പറഞ്ഞു. ബോട്ടിലെ മോട്ടോർ പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ അതിന് സമീപത്തുള്ള അടുക്കളയിൽ ചൂട് പിന്നെയും കൂടുന്നതിനെക്കുറിച്ചാണ് സാധാരണഗതിയിൽ പാചകക്കാരിയായും ചിലപ്പോഴെല്ലാം സഹായിയായും ജോലി ചെയ്യാറുള്ള ലിപിക സൂചിപ്പിക്കുന്നത്. അസഹനീയമായ ചൂട് സഹിച്ചാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് പാചകക്കാരികളായും സഹായികളായും ജോലി ചെയ്യുന്ന ഈ സ്ത്രീകൾ പറയുന്നു. അഞ്ച് മിനിറ്റ് നേരത്തേയ്ക്കുപോലും ഈ ചൂടിൽനിന്ന് രക്ഷതേടി മാറിനിൽക്കാൻ അവർക്ക് സാധിക്കാറില്ല.
കൊൽക്കത്തയിൽനിന്ന് ഏകദേശം 110 കിലോമീറ്റർ അകലെ, സുന്ദർബൻസിലെ ഗോഷാബാ ദ്വീപിലുള്ള പാഖീറലായ് ഗ്രാമത്തിൽനിന്നാണ് ക്രൂയിസുകൾ പുറപ്പെടുന്നത്. സുന്ദർബൻസിലെ ഉൾവനങ്ങളിലേക്കുള്ള കവാടമായ ഈ പ്രദേശത്ത് ബംഗാൾ കടുവകളെ (പാന്തറ ടൈഗ്രിസ് ടൈഗ്രിസ്) കാണാമെന്നത് കൊണ്ടുതന്നെ ഈ പ്രദേശം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്.
സാധാരണയായി ടൂർ ഓപ്പറേറ്റർമാർ ഒരു ബോട്ടിൽ ഏതാണ്ട് 40 സഞ്ചാരികളെ കൊണ്ടുപോകാറുണ്ട്. ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ക്രൂയിസിൽ സഞ്ചരിക്കാൻ ആളൊന്നിന്ന് 2,000-5,000 രൂപയാണ് നിരക്ക്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ദൈർഘ്യമേറിയ ക്രൂയിസുകൾക്ക് ചിലവേറും. ബോട്ടുകളിലെ രണ്ടു ഡെക്കുകളിൽ താഴത്തേതിൽ, പകൽനേരത്ത് ചൂട് കൂടുമ്പോൾ സഞ്ചാരികൾക്ക് വിശ്രമിക്കാനായി കിടക്കകളും തലയിണകളും സജ്ജീകരിച്ചിട്ടുണ്ടാകും.










