അയാൾ വിരാട് കോഹ്ലിയെ ആരാധിച്ചിരുന്നു. ആ സ്ത്രീ ബാബർ അസാമിനേയും. കോഹ്ലി സെഞ്ച്വറിയടിക്കുമ്പോഴൊക്കെ അയാൾ അവരെ കളിയാക്കും. ബാബർ നന്നായി കളിച്ചാൽ, തിരിച്ച് അവർ അയാളേയും. ആയിഷയുടേയും നൂറുൾ ഹസ്സന്റേയും സ്നേഹത്തിന്റെ ഭാഷയായിരുന്നു ക്രിക്കറ്റിനെക്കുറിച്ച് പരസ്പരമുള്ള ആ കളിയാക്കലുകൾ. അവരുടേത്, വീട്ടുകാർ ഉറപ്പിച്ച കല്യാണമായിരുന്നുവെന്ന് അറിയുന്നവർക്ക്, ഈ സ്നേഹ ശണ്ഠകൾ കാണുമ്പോൾ അത്ഭുതമിരട്ടിക്കും.
2023 ജൂണിൽ ക്രിക്കറ്റ് ലോകകപ്പിന്റെ ടൈം ടേബിൾ പുറത്ത് വന്നപ്പോൾ, ആയിഷയുടെ കണ്ണുകൾ പ്രകാശിച്ചു. ഇന്ത്യാ-പാക്കിസ്താൻ കളി, ഗുജറാത്തിലെ അഹമ്മദാബാദിൽ ഒക്ടോബർ 14-നായിരുന്നു നിശ്ചയിച്ചിരുന്നത്. “സ്റ്റേഡിയത്തിലിരുന്ന് കാണണമെന്ന് ഞാൻ നൂറുളിനോട് പറഞ്ഞു”, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ അമ്മയുടെ ഗ്രാമമായ രജാച്ചെ കുർളയിലിരുന്ന് 30 വയസ്സുള്ള ആയിഷ ഓർമ്മിക്കുന്നു. “ഇന്ത്യയും പാക്കിസ്താനും തമ്മിൽ നേരിട്ടുള്ള കളി അധികമുണ്ടാവാറില്ല. ഞങ്ങളുടെ രണ്ടുപേരുടേയും പ്രിയപ്പെട്ട കളിക്കാർ കളിക്കുന്നത് കാണാൻ പറ്റുക എന്നത് ഒരു അസുലഭാവസരമായിരുന്നു”.
30 വയസ്സുള്ള, സിവിൽ എൻജിനീയറായിരുന്ന നൂറുൾ ആരെയൊക്കെയോ ഫോണിൽ വിളിച്ച്, രണ്ട് ടിക്കറ്റ് സംഘടിപ്പിച്ചു. ആയിഷ ആ സമയത്ത് ആറുമാസം ഗർഭിണിയായിരുന്നു. അതുകൊണ്ട്, സത്താറ ജില്ലയിലെ പുസെസാവലി ഗ്രാമത്തിൽനിന്ന് 750 കിലോമീറ്റർ അകലെയുള്ള അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് അവർ വിശദമായി പദ്ധതിയിട്ടു.
2023 ഒക്ടോബർ 14-ന് സൂര്യനുദിച്ചപ്പോഴേക്കും, നൂറുൾ മരിച്ചിട്ട് ഒരു മാസമായിരുന്നു. ആയിഷ ആകെ തകർന്നുപോവുകയും ചെയ്തിരുന്നു.








