20 വർഷം മുമ്പെടുത്ത ഒരു തീരുമാനം ഇന്ന് തന്നെ വേട്ടയാടുമെന്ന് ബാലാസാഹേബ് ലോന്ധെ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ ഫർസുംഗി എന്ന ചെറുപട്ടണത്തിൽ, ചെറുകിട കർഷകരുടെ മകനായി ജനിച്ച ലോന്ധെ ആദ്യകാലത്ത്, സ്വന്തം കൃഷിയിടത്തിൽ പരുത്തിക്കൃഷിയാണ് ചെയ്തിരുന്നത്. 18 വയസ്സായപ്പോൾ, അല്പം കൂടുതൽ വരുമാനം സമ്പാദിക്കുന്നതിനായി ഒരു ഡ്രൈവറുടെ ജോലികൂടി ചെയ്യാൻ അയാൾ തീരുമാനിച്ചു.
“കന്നുകാലികളെ കൊണ്ടുപോകുന്ന കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഒരു മുസ്ലിം കുടുംബവുമായി ഒരു കൂട്ടുകാരൻ എന്നെ പരിചയപ്പെടുത്തി,” 48 വയസ്സുള്ള അയാൾ പറയുന്നു. “അവർക്ക് ഡ്രൈവർമാരെ ആവശ്യമായിരുന്നു. ഞാൻ അവരൊടൊപ്പം കൂടി.”
ഉത്സാഹിയായിരുന്ന ലോന്ധെ വളരെ വേഗം ആ കച്ചവടം പഠിച്ചെടുത്തു. ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ, ആവശ്യത്തിനുള്ള അറിവും, അല്പം സമ്പാദ്യവും സ്വന്തമായുണ്ടെന്ന് അയാൾക്ക് തോന്നി.
“ഒരു പഴയ ട്രക്ക് 8 ലക്ഷം രൂപ കൊടുത്ത് വാങ്ങി. 2 ലക്ഷം രൂപ മൂലധനം എന്നിട്ടും കൈയ്യിലുണ്ടായിരുന്നു,” അയാൾ പറയുന്നു. “10 വർഷത്തിനുള്ളിൽ കമ്പോളത്തിലെ കൃഷിക്കാരും വ്യാപാരികളുമായി ഞാൻ പരിചയത്തിലായിക്കഴിഞ്ഞിരുന്നു.”
അതിന്റെ ഫലം ലോന്ധെക്കുണ്ടായി. വിളകളുടെ വിലക്കുറവും നാണയപ്പെരുപ്പവും കാലാവസ്ഥാ വ്യതിയാനവും ചേർന്ന് അയാളുടെ അഞ്ചേക്കർ കൃഷിയെ തകർത്തെറിഞ്ഞപ്പോൾ, അതിൽനിന്ന് അയാളെ രക്ഷിച്ചത്, ഈ പുതിയ കച്ചവടമായിരുന്നു.
നേരാംവണ്ണമുള്ള ജോലിയായിരുന്നു. ഗ്രാമച്ചന്തകളിൽ പോയി, കന്നുകാലികളെ വിൽക്കാൻ ആഗ്രഹിക്കുന്ന കർഷകരിൽനിന്ന് അവയെ വാങ്ങി, കന്നുകാലികളെ ആവശ്യമുള്ള കർഷകർക്കോ, അല്ലെങ്കിൽ അറവുശാലകളിലേക്കോ വിറ്റ്, അതിൽനിന്ന് ഒരു ചെറിയ കമ്മീഷൻ എടുക്കുക. പുതിയ കച്ചവടം തുടങ്ങി, ഒരു പതിറ്റാണ്ടിനുള്ളിൽ, 2014-ൽ അയാൾ രണ്ടാമതൊരു ട്രക്കുകൂടി വാങ്ങി കച്ചവടം വ്യാപിപ്പിച്ചു.
പെട്രോൾ ചിലവും വണ്ടികളുടെ റിപ്പയർ ചിലവുകളും, ഡ്രൈവർമാരുടെ ശമ്പളവും എല്ലാം തട്ടിക്കിഴിച്ചാലും, അക്കാലത്ത്, പ്രതിമാസം, ശരാശരി ഒരു ലക്ഷത്തിനടുത്ത് വരുമാനമുണ്ടായിരുന്നുവെന്ന് ലോന്ധെ പറയുന്നു. മുസ്ലിം ഖുറൈഷി സമുദായത്തിന് മേൽക്കൈയ്യുള്ള ഒരു കച്ചവടം ചെയ്യുന്ന ഹിന്ദു സമുദായക്കാരൻ എന്നതൊന്നും ഒരിക്കലും പ്രശ്നമായിരുന്നില്ലെന്ന് അയാൾ കൂട്ടിച്ചേർത്തു. “അവർ വളരെ ഉദാരമതികളായിരുന്നു. ആളുകളെ പരിചയപ്പെടുത്തുത്തരുന്നതിലും, ആവശ്യമായ ഉപദേശങ്ങൾ തരുന്നതിലുമൊക്കെ. എല്ലാം ഭദ്രമായി എന്ന് ഞാൻ കരുതി.”








