“എൻ്റെ അമ്മ, സാലുബായി ചില സവർണ്ണരുടെ വീടുകളിൽ ജോലി ചെയ്തിരുന്നു. ഞാനും കൂടെ പോവും,” ഗംഗാധർ പങ്കുവെച്ചു. “എല്ലാ വർഷവും, രണ്ടുമൂന്ന് തവണ, അമ്മയും ചില സുഹൃത്തുക്കളും ഇത് ചെയ്യാറുണ്ട്. തൊഴുത്തും, വീടും മുറ്റവും അടിച്ചുതളിച്ച് വൃത്തിയാക്കിയതിനുശേഷം, ചാണകംകൊണ്ട് അവർ നിലം തുടയ്ക്കും. അപ്പോൾ വീട്ടുടമസ്ഥ അവരുടെ മുന്നിൽ ഒരു പാത്രത്തിൽ നിറയെ പാചകം ചെയ്ത പരിപ്പോ കടലയോ വെക്കും. 10-15 റൊട്ടിയും അമ്മയുടെ സാരിയിലേക്ക് എറിഞ്ഞുകൊടുക്കും. റൊട്ടി കൊടുക്കുമ്പോൾ സ്പർശിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കും.”
ബലൂതേദാരി സമ്പ്രദായത്തിൽ - ജാതിവ്യവസ്ഥ പ്രകാരം, ഓരോ ജാതിക്കാരും അവർക്ക് നൽകപ്പെട്ട തൊഴിലുകളും കടമകളും ചെയ്യണം, ഇതിന് മാംഗ്കി –മാംഗ് സമുദായത്തിൽനിന്ന് പ്രതീക്ഷിക്കുന്ന തൊഴിൽ - എന്നാണ് പറയുക. ഇതോടൊപ്പം അവർ മുളകൊണ്ടുള്ള ചൂലും, ധാന്യം ശേഖരിച്ചുവെക്കാനുള്ള കൊട്ടകളും പാത്രങ്ങളും ഉണ്ടാക്കുകയും ചെയ്യും. അവ കൊടുത്ത്, അവർ ധാന്യമോ ഭക്ഷണമോ വാങ്ങും.
പിന്നീട്, ഗംഗാധറിൻ്റെ അച്ഛൻ മദ്യം വാറ്റാൻ തുടങ്ങി. അതിൽനിന്ന് കുറച്ച് പൈസ വന്നു. “ഒരുദിവസം പൊലീസ് വന്ന്, നാടൻ വാറ്റ് വിറ്റതിന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. അദ്ദേഹത്തിൻ്റെ നീണ്ട മുടി – ആചാരപരമായി പോട്റാജിന് ഉണ്ടാവേണ്ടത് – മുറിക്കാൻ അവർ നിർബന്ധിച്ചു. വാറ്റുണ്ടാക്കുന്നത് അവസാനിപ്പിക്കുന്നതിനായി, കോട്വാളിൻ്റെ ജോലിയും അവർ നൽകാൻ തയ്യാറായി”.
70-കളും 80-കളും ആയപ്പോഴേക്കും ബലൂതേദാരി സമ്പ്രദായം പുതിയ സംവിധാനങ്ങൾക്ക് വഴിമാറാൻ തുടങ്ങി. കോട്വാൾ അത്തരമൊന്നായിരുന്നു. കോട്വാൾ എന്നാൽ, ഒരുതരത്തിൽ ഗ്രാമസേവകൻ. ഗ്രാമീണർക്കും സർക്കാരിനുമിടയിൽ മധ്യവർത്തിയായി ജോലി ചെയ്ത് ചെറിയൊരു പ്രതിഫലം വാങ്ങുന്ന ജോലി. സർക്കാർ നിയോഗിച്ച ഒരു സേവകൻ എന്നും പറയാം. ഗംഗാധറിൻ്റെ അച്ഛന് ആ ജോലി ലഭിച്ചു. അതോടൊപ്പം സമൂഹത്തിൽ ഒരു മാന്യതയും. ‘ഒരു പടി കയറിയ’തോടെ അദ്ദേഹം മക്കളെ സ്കൂളിലയയ്ക്കാൻ തുടങ്ങി.
എല്ലാ കുട്ടികളും – ഗംഗാധർ, മൂത്ത സഹോദരൻ, അഞ്ച് അനിയത്തിമാർ - എല്ലാവരും സ്കൂളിൽ ചേർന്നു. പെൺകുട്ടികൾ 3-4 ക്ലാസ്സുവരെ പഠിച്ചു. ആൺകുട്ടികൾ 10 വരെയും. മംഗ്കിയുടെ ജാതിഭാരം ഉപേക്ഷിച്ച് അവർ പുതിയ പാത തിരഞ്ഞെടുത്തു അച്ഛൻ്റെ സ്ഥാനത്ത്, കോട്വാളായി മൂത്ത സഹോദരൻ ജോലിയിൽ പ്രവേശിച്ചു. ഗംഗാധറിന് തൊഴിലോ ഒന്നും ഉണ്ടായിരുന്നില്ല. ഒഴിവുസമയത്ത് കൂലിപ്പണി ചെയ്തു. ഭീം ഗീതങ്ങൾ - അംബേദ്കറിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയുംകുറിച്ചുള്ള പാട്ടുകൾ - പാടാൻ തുടങ്ങി.
ഗംഗാധറിന് പാട്ടുകൾ എല്ലാക്കാലത്തും ഇഷ്ടമായിരുന്നു. അമ്മയിൽനിന്നും അനിയത്തിമാരിൽനിന്നും കിട്ടിയതാണ് അത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. എല്ലാവരും വിവിധ മൂർത്തികളെ വിശ്വസിക്കുന്നവരാണ്. വിവിധ ദിവസങ്ങളിലായി ഉപവാസമടക്കമുള്ള വിവിധ ആരാധനാ സമ്പ്രദായങ്ങൾ പിന്തുടരുന്നവർ. ഉപവാസമെടുത്താൽ ഭക്ഷണം ലാഭിക്കാം എന്നതായിരുന്നു പ്രധാന കാര്യം. “എൻ്റെ അമ്മയും സഹോദരിമാരും ഗോസാവിയുടെ ഭക്തരാണ്. ജിണ്ടുരിലെ (പർഭാനിയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പട്ടണം) ദിവ്യനാണ് അദ്ദേഹം. അദ്ദേഹം തൻ്റെ ശിഷ്യരൊത്ത് വിവിധ സ്ഥലങ്ങളിൽ അലഞ്ഞുനടന്നു. ജനനംകൊണ്ട് മഹറായിരുന്നുവെങ്കിലും ഒരിക്കലും ബുദ്ധിസത്തിലേക്ക് മതം മാറിയില്ല. ഞായറാഴ്ചകളിൽ ധുർപദമായിക്കും മഹാദേവനുവേണ്ടി തിങ്കളാഴ്ചകളിലും കൃഷ്ണനുവേണ്ടി ബുധനാഴ്ചകളിലും അവർ ഉപവാസമനുഷ്ഠിച്ചു.”