“ചെറുപ്പത്തിൽ ഞാൻ സുന്ദരിയായിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും നോക്കാനുള്ള സമയം എനിക്കില്ല,” വാടകവീടിന്റെ പടിക്കെട്ടിലിരുന്ന്, ആകെയുള്ള ഒഴിവുസമയം ആസ്വദിക്കുന്നതിനിടെ ഒരു ദീർഘനിശ്വാസത്തോടെ നൂർ (യഥാർത്ഥ പേര് ഇതല്ല) പറഞ്ഞു.
ഇരുപത്തിരണ്ടാം വയസ്സുമുതൽ നൂർ വിവിധയിടങ്ങളിൽ ജോലി ചെയ്തുതുടങ്ങിയതാണ്. ഡൽഹിയിലെ ഒരു സ്വകാര്യാശുപത്രിയിൽ ശുചീകരണത്തൊഴിലാളിയായുള്ള നിലവിലെ ജോലിക്ക് മുമ്പ് അവർ നിർമ്മാണസ്ഥലങ്ങളിലും ഫാക്ടറികളിലും വീടുകളിലും ജോലിക്കാരിയായി. “ഡൽഹിയിലെത്തിയപ്പോൾ മുതൽ ഇങ്ങനെ ജോലിയെടുക്കുകയാണ് ഞാൻ,” അവർ പാരിയോട് പറഞ്ഞു.
രോഹിണി സെക്ടർ 15-ലെ ആശുപത്രിയിൽ നഴ്സിങ്, ശുചീകരണ ജോലികളിൽ നൂർ സഹായിയാണ്. രോഗികളുടെ മുറി വൃത്തിയാക്കൽ, ഭക്ഷണം നൽകൽ, ആവശ്യക്കാർക്ക് വെള്ളം നൽകൽ എന്നിവയെല്ലാം അവർ ചെയ്യും. നഴ്സുമാർ ബാൻഡേജ് കെട്ടാനും രോഗികളുടെ സ്ഥിതി അറിയാനുമൊക്കെ നൂറിന്റെ സഹായം തേടാറുണ്ട്. “ദിവസവും 12–13 മണിക്കൂർവരെ ഞാൻ ജോലിയെടുക്കാറുണ്ട്. ഒരു മാസം 11,000 രൂപയാണ് വരുമാനം. ഡൽഹിപോലൊരു നഗരത്തിൽ ജീവിക്കാൻ ഇൗ തുക തികയില്ല,” അവർ പറയുന്നു. “എനിക്ക് വീടിന്റെ വാടക നൽകണം. വെള്ളത്തിനും കറന്റിനും പണമടയ്ക്കണം. ഇതെല്ലാംകൂടി മാസം 9,600 രൂപയുടെ ചെലവാണ്” നൂർ പറയുന്നു.
2004-ൽ തന്റെ അമ്മയുടെ സഹോദരിയുക്കും ഭർത്താവിനുമൊപ്പമാണ് നൂർ ഡൽഹിയിലെത്തിയത്. അന്ന് 21 വയസ്സുകാരിയായിരുന്ന അവർ തന്റെ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. ബീഹാറിലെ സുലിന്ദബാദിൽനിന്നുള്ള കുടുംബം നല്ല ജോലിയും മികച്ച വരുമാനവും തേടിയാണ് തലസ്ഥാന നഗരിയിലെത്തിയത്. നൂറിന് ഒരു മെച്ചപ്പെട്ട ജീവിതമായിരുന്നു ആഗ്രഹം.
1991-നും 2001-നുമിടയിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ ബീഹാർ രണ്ടാം സ്ഥാനത്തായിരുന്നു. ഇതിൽ മാറ്റമുണ്ടായിട്ടില്ല എന്ന് 2024-ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ കണക്കുകൾ വ്യക്തമാക്കുന്നുമുണ്ട്. 11 ലക്ഷത്തിലധികം ആളുകൾ ബീഹാറിൽനിന്ന് ഡൽഹിയിലേക്ക് കുടിയേറിയതായി സർവേ പറയുന്നു. പ്രധാനമായും തൊഴിൽ തേടിയാണ് ഈ കുടിയേറ്റങ്ങളെല്ലാം.
ഡൽഹിയിൽ എത്തിയതിനുശേഷം, നൂറിന്റെ കുടുംബം കശ്മീരി ഗേറ്റിലെ ജുഗ്ഗികളിൽ (താത്കാലിക വീടുകൾ) താമസമാക്കി. ഗർഭിണിയായ ആ യുവതിയുടെ ആദ്യജോലി നിർമ്മാണസൈറ്റുകളിലായിരുന്നു. പിന്നീട് അവർ സ്വരൂപ് നഗറിലെ ഒരു ഫാക്ടറിയിലും ജോലി ചെയ്തു.








