ഗരീബ് നഗറിലെ വായുവിൽ നിറയെ പൊടിപടലമാണ്. ദു:ഖവും.
2026 മേയ് 19-നും 23-നുമിടയിൽ നടത്തിയ കൈയ്യേറ്റമൊഴിപ്പിക്കൽ പരിപാടിയിൽ തകർന്നുവീണത് മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലെ 500-ഓളം കുടിലുകളാണ്. ദിവസവേതനക്കാരുടേയും വീട്ടുജോലിക്കാരുടേയും വീടുകളാണ് അവ.
എല്ലായിടത്തും അവശിഷ്ടങ്ങളാണ്.
ഒരു ടർപാളിന് കീഴിൽ, അലിയ ഷെയ്ഖ്, രുക്സർ ഖാൻ അഫ്സർ, അസ്മ ഷെയ്ഖ്, ഹിന ഖാൻ എന്നിവർ ഇരിക്കുന്നുണ്ടായിരുന്നു. കൂടുതലും മുസ്ലിങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ, പതിറ്റാണ്ടുകളോളം സ്വന്തം വീടിരുന്ന സ്ഥലത്തിന് എതിർവശത്തുള്ള നടപ്പാതയിലാണ് അവർ ഉറങ്ങുന്നത്.
രണ്ടുദിവസത്തിനുള്ളിൽ, ബാന്ദ്ര ജങ്ഷൻ്റെ ചുറ്റുവട്ടത്തുള്ള എല്ലാ കുടികിടപ്പുകളും ഇടിച്ചുനിരത്തുമെന്ന്, മേയ് 17 വൈകീട്ട്, ഗരീബ് നഗറിലെ താമസക്കാർക്ക് നോട്ടീസ് കിട്ടി.
ഇവിടുത്തെ താമസക്കാർ മിക്കവരും ആഘോഷിക്കുന്ന ഈദിന് രണ്ടുദിവസം ബാക്കിയുള്ളപ്പോഴായിരുന്നു അത്. “മനുഷ്യരുടെ മനുഷ്യത്വം എവിടെയാണ്? 52 വയസ്സുള്ള അലിയ ഈ റിപ്പോർട്ടറോട് ചോദിക്കുന്നു. മകൻ്റെ ഭാര്യയ്ക്കും മൂന്ന് പേരക്കുട്ടികൾക്കും വാങ്ങിയ പുതിയ ഉടുപ്പുകൾ, മറ്റ് സാധനങ്ങളോടൊപ്പം കെട്ടിവെച്ചിരുന്നു അലിയ.
















