മുരിക്ക് മരം (എരിത്രിന വെരൈഗറ്റ) പൂത്തിരിക്കുന്നു. നാഗാലൻഡിലെ മോൺ ഗ്രാമത്തിൽ, ഈ കടുംചുവപ്പ് പൂക്കൾ, വസന്താഗമനത്തിൻ്റെ ലക്ഷണമാണ്. ഔളേംഗ് എന്ന വസന്തോത്സവത്തിൻ്റേയും
കോണ്യാക് സ്റ്റുഡൻ്റ് യൂണിയൻ കെട്ടിടത്തിൻ്റെ വരാന്തയിൽ ഇരിക്കുകയാണ് 62 വയസ്സുള്ള നീലേയ് കോണ്യാക് തൻ്റെ പേരക്കുട്ടിയോടൊപ്പം. “ഇതൊക്കെ ഇവിടെയിരുന്ന് കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്,” ചിരിച്ചുകൊണ്ട് അവർ പറയുന്നു. എന്നാൽ അവർ ശരിക്കും കാത്തിരിക്കുന്നത്, സദ്യയാണ്. “ഏറ്റവും രുചിയുള്ള ഭക്ഷണം കഴിക്കാം. പശപ്പുള്ള അരി, ഇറച്ചിക്കറി, ചട്ട്നി, പഴങ്ങൾ,” അവർ പറയുന്നു.
പാട്ടും, നൃത്തവും, മുളങ്കാലിലുള്ള ഓട്ടമത്സരം, പെരുമ്പറ കൊട്ടൽ, തീപൂട്ടൽ തുടങ്ങിയ പരമ്പരാഗത കളികളും എല്ലാമുണ്ടാവും ഉത്സവത്തിന്.
കോണ്യാക് ഗോത്രം ആഘോഷിക്കുന്ന ഔളേംഗ് എന്ന ഉത്സവം ആറ് ദിവസം നീണ്ടുനിൽക്കും. വെട്ടിത്തെളിച്ച് കരിച്ചിട്ട പാടങ്ങളിൽ വിത്തുകൾ വിതച്ചതിനുശേഷം നല്ലൊരു വിളവ് കിട്ടാനായി മാർച്ച്-ഏപ്രിലുകളിലെ വസന്തമാസങ്ങളിൽ, സമുദായം ഒരുമിച്ച് കൂടി, ദൈവങ്ങളുടെ അനുഗ്രഹം തേടുന്നു. നെല്ലാണ് പ്രധാന കൃഷി. പുനം കൃഷിയാണ് ഇവിടങ്ങളിൽ ഇപ്പൊഴും പതിവ്.
പരമ്പരാഗത ഗ്രാമമുഖ്യൻ്റെ കീഴിലാണ് കോണ്യാക്കുകൾ കഴിയുന്നത്. ഈയടുത്ത കാലത്തായി, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ വില്ലേജ് കൗൺസിലുകളുണ്ട്. ഗ്രാമമുഖ്യൻ്റെ വീടിനോട് ചേർന്നുള്ള പാടത്താണ് അവർ ഇപ്പൊഴും ഔളേംഗ് (നാട്ടുഭാഷയിൽ ഓയ) ആഘോഷിക്കുന്നത്.


