“ആർക്കും ഷോളയിൽനിന്ന് കദം പൂക്കൾ നെയ്യാനാവും. എന്നാൽ ഞങ്ങൾ മാത്രമാണ് മാനസയുടെ ദ്യാല ചെയ്യുന്നത്,” ഒരു വെറ്റില വായിൽ വെച്ച്, പുഞ്ചിരിച്ചുകൊണ്ട് അനേശ്വരി ബർമൻ പറയുന്നു.
സാരി മുട്ടിനുമുകളിലേക്ക് കയറ്റിവെച്ച്, തലമുടി ഒരു കൊന്തയായി കെട്ടിവെച്ച്, 58 വയസ്സുള്ള അവർ സാരിത്തലപ്പുകൊണ്ട് കൈകളും മുഖവും അമർത്തിത്തുടച്ച്, അടിച്ചുവൃത്തിയാക്കിയ മുറ്റത്തെ സിമൻ്റിട്ട ഭാഗത്ത് ഇരുന്നു. വീണ്ടും ഒരു ദിവസത്തെ വീട്ടുപണികളും, തയ്ക്കലും മാറി മാറി ചെയ്യാനുള്ള സമയമായി അവർക്ക്.
ജലാശയങ്ങളിൽ കാണുന്ന ഷോള എന്ന തണ്ടിൽനിന്ന് (ഏയ്ചിനോമെനെ ആസ്പര എൽ) അലങ്കാരത്തിനും അനുഷ്ഠാനത്തിനുമുള്ള വസ്തുക്കൾ ഉണ്ടാക്കാറുണ്ട്. പശ്ചിമ ബംഗാളിലെ പ്രശസ്തമായ കരകൗശല വിദ്യയാണ് ഇത്. 4,467 ആളുകൾ താമസിക്കുന്ന (2011-ലെ സെൻസസ്) കൊച്ച് ബെഹാർ എന്ന വടക്കൻ ജില്ലയിൽ ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. എന്നാൽ അനേശ്വരിയുടെ കുടുംബമടക്കം, കൊച്ച് ബെഹാർ -11 ബ്ലോക്കിലെ വളരെച്ചുരുക്കം കുടുംബങ്ങൾ മാത്രമാണ് മാനസയുടെ ദ്യാല എന്ന രൂപം ഉണ്ടാക്കുന്നത്. ഷോലയുടെ തണ്ടിൻ്റെ മൃദുവും സുഷിരങ്ങളുള്ളതുമായ ഉൾഭാഗംകൊണ്ട് മാനസ എന്ന നാഗദേവതയുടെ പെയിൻ്റ് ചെയ്ത രൂപം നിർമ്മിക്കുന്നത്.
“കുടുംബത്തിൽ ഈയൊരു പാരമ്പര്യമില്ലെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ അനുവാദമില്ല. എന്നാൽ ഞങ്ങൾക്ക് അത് ചെയ്യാം. കാരണം, ഞങ്ങളുടെ കുടുംബത്തിൽ അത് ചെയ്യാറുണ്ട്,” രാജബംശി സമുദായക്കാരനായ (പശ്ചിമ ബംഗാളിൽ പട്ടികജാതിക്കാർ) ഭർത്താവിൻ്റെ കുടുംബക്കാർക്ക് തലമുറയായി കിട്ടിയ ഈ കലയെക്കുറിച്ചുള്ള അഭിമാനത്തോടെ അവർ പറയുന്നു.

























