2023 ഫെബ്രുവരി 28, വൈകീട്ട് 6 മണി. പ്രകൃതിസുന്ദരമായ ഖോൽദൊഡ ഗ്രാമത്തിൽ സൂര്യനസ്തമിക്കുമ്പോൾ, 35 വയസ്സുള്ള രാംചന്ദ്ര ദോഡ്കെ ദീർഘമായ ഒരു രാത്രിക്കുള്ള തയ്യാറെടുപ്പിലാണ്. ശക്തിയുള്ള, വളരെ ദൂരേക്ക് പ്രകാശമെത്തിക്കുന്ന തന്റെ ‘കമാൻഡർ’ ടോർച്ചും കിടക്കയും തയ്യാറാക്കുകയാണ് അദ്ദേഹം.
ചെറിയ വീട്ടിനകത്ത് ഭാര്യ ജയശ്രീ അത്താഴമൊരുക്കുന്നു. പരിപ്പും, പച്ചക്കറികളും ചേർന്ന ഒരു കറി. അടുത്ത വീട്ടിലെ അദ്ദേഹത്തിന്റെ അമ്മാവൻ 70 വയസ്സുള്ള ദാദാജി ദോഡ്കെയും രാത്രിയിലേക്ക് തയ്യാറെടുക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ ശകുബായ് ചോറും ചപ്പാത്തിയും തയ്യാറാക്കുന്നു. സ്വന്തം കൃഷിസ്ഥലത്ത് ആ ദമ്പതികൾ വിളയിച്ച സുഗന്ധമുള്ള അരികൊണ്ടുള്ള ചോറാണ് അത്.
“ഞങ്ങൾ ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷണം തയ്യാറായാൽ ഞങ്ങൾ പുറപ്പെടും”, 35 വയസ്സുള്ള ആ ചെറുപ്പക്കാരൻ പറഞ്ഞു. ജയശ്രീയും ശകുബായിയും തങ്ങൾക്കുള്ള ഭക്ഷണം പൊതിയുകയാണെന്ന് അയാൾ കൂട്ടിച്ചേർത്തു.
ഇന്ന് എന്റെ ആതിഥേയർ, മനാ സമുദായത്തിലെ (സംസ്ഥാനത്ത് പട്ടികഗോത്രവിഭാഗമാണ്) രണ്ട് തലമുറയുടെ പ്രതിനിധികളായ ദാദാജിയും രാമചന്ദ്രയുമാണ്. ആദ്യത്തെയാൾ ഒരു കീർത്തങ്കറാണ്. അതായത്, ബാബാസാഹേബ് അംബേദ്ക്കറിന്റെ വിനീതനായ അനുയായി. ഒരു കർഷകനുംകൂടിയാണ് അദ്ദേഹം. രണ്ടാമത്തെയാളാണ് കുടുംബത്തിന്റെ അഞ്ചേക്കർ സ്ഥലം നോക്കിനടത്തുന്നത്. രോഗംമൂലം അദ്ദേഹത്തിന്റെ അച്ഛൻ ഭികാജിക്ക് – ദാദാജിയുടെ ജ്യേഷ്ഠനാണ് - കൃഷി നോക്കിനടത്താനാവുന്നില്ല എന്നതാണ് കാരണം. ഒരുകാലത്ത് ഭികാജിയായിരുന്നു ഗ്രാമത്തിലെ ‘പൊലീസ് പാട്ടിൽ’. ഗ്രാമത്തിന്റെയും പൊലീസിന്റെയും ഇടയിൽ പ്രവർത്തിക്കുന്ന മദ്ധ്യവർത്തിയുടെ പദവിയാണ് അത്.
നാഗ്പുർ ജില്ലയിലെ ഭിവാപുർ തെഹ്സിലിലുള്ള ഗ്രാമത്തിൽനിന്ന് ഒരു രണ്ട് മൈൽ അകലെയുള്ള രാമചന്ദ്രയുടെ കൃഷിസ്ഥലത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു ഞങ്ങൾ. വന്യമൃഗങ്ങളിൽനിന്ന് വിളകളെ സംരക്ഷിക്കാനായുള്ള ജഗ്ലി, അഥവാ, രാത്രി കാവൽ എന്ന ജോലിക്ക്. ഏഴംഗങ്ങളുള്ള ഞങ്ങളുടെ സംഘത്തിൽ രാമചന്ദ്രയുടെ ഒമ്പത് വയസ്സുള്ള മൂത്ത മകൻ അശുതോഷുമുണ്ടായിരുന്നു.


























