മരപ്പണി ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടാവുന്ന ബൽബീർ വിശ്വകർമ്മ ഏഴ് ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഈ നിർമ്മാണങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയാത്തതായി ഒന്നുമില്ല.
"ഇത് ഞങ്ങളുടെ പൂർവ്വികരുടെ കാലം തൊട്ട് ചെയ്യുന്ന കുടുംബതൊഴിലാണ്," പാരിയോട് സംസാരിക്കാൻവേണ്ടി, തൻ്റെ ചുറ്റികയും ഉളിയും ദേവദാരുവിൽനിന്ന് താഴെവെച്ചുകൊണ്ട് ബൽബീർ പറയുന്നു.
ജൗൻസാർ പ്രദേശത്താണ് ഞങ്ങളിപ്പോൾ. ഇളംചൂടുള്ള പ്രഭാതസൂര്യൻ ഇപ്പോൾ മലനിരകളുടെ മുകളിലേക്ക് കയറി, മഹാസു ദേവതയ്ക്കുവേണ്ടി നിർമ്മിക്കുന്ന ക്ഷേത്രത്തിൻ്റെ താഴികക്കുടങ്ങളെ പ്രകാശിപ്പിച്ചിരുന്നു. 2025-ൻ്റെ അവസാനം പാരി സന്ദർശിക്കുമ്പോൾ, അത് നിർമ്മാണത്തിൻ്റെ ഘട്ടത്തിലായിരുന്നു.
"അടിഭാഗമാണ് ആദ്യം നിർമ്മിക്കുക. അതിനുശേഷം മുകളിലേക്ക് പോവും. ഏറ്റവും നിർണ്ണായകമായത്, ഈ ചട്ടക്കൂടിനെ മുഴുവൻ നിലനിർത്തുന്ന തൂണുകളാണ്," നിർമ്മിതിയെ നോക്കിക്കൊണ്ട് ബൽബീർ പറഞ്ഞു.
തൈന ഗ്രാമത്തിലെ ഒരമ്പലത്തിൻ്റെ നിർമ്മാണത്തിനുവേണ്ടിയാണ് ഏറ്റവുമധികം സമയം ചിലവായതെന്ന് ആ മുതിർന്ന കരകൗശലവിദഗ്ദ്ധൻ ഓർമ്മിക്കുന്നു. ഒമ്പത് വർഷങ്ങൾ. ധാരാളം അലങ്കാരപ്പണികളുണ്ടായിരുന്നു അതിൽ. ചെറിയ അമ്പലങ്ങൾ ഒന്നോ രണ്ടോ വർഷംകൊണ്ട് തീർക്കാൻ പറ്റും.























