“നിറം മുക്കിയ തുണികൾ കഴുകിയെടുക്കാൻ പ്രകൃതിദത്തമായ അരുവികളോ പുഴകളോ വേണം,” അബ്ദുൾ ഹലീം പറയുന്നു.
“ഇവിടെ ഞങ്ങൾക്ക് കൈ കഴുകാനുള്ള വെള്ളംപോലും കിട്ടാറില്ല!”
ലാഭം ക്രമാനുഗതമായി കുറയുകയും വ്യാജ ഉത്പന്നങ്ങൾ വിപണിയിലെത്തുകയും ചെയ്തതോടെ തന്റെ വർക്ക്ഷോപ്പ് നടത്തികൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന മൂന്നാം തലമുറയിലെ ബ്ലോക്ക് പ്രിന്റിങ് കരകൗശല വിദഗ്ധനാണ് ഹലീം. ജലക്ഷാമം നേരിടുന്ന ഇൻഡോർ നഗരത്തിൽ ജീവിക്കുന്നതിനാൽ പെട്ടെന്ന് നിറം ലഭിക്കുന്ന രാസനിറങ്ങൾ ഉപയോഗിക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗമില്ലായിരുന്നു.
ബ്ലോക്ക് പ്രിന്റിങ് ആരംഭിക്കുന്നതിന് മുമ്പ് തടിയിൽ മാതൃകാ ബ്ലോക്കുകൾ രൂപകൽപ്പന ചെയ്യണം. ഹലീം തന്നെയാണ് ഈ മാതൃകകൾക്ക് രൂപം നൽകുന്നതും പിന്നീട് ജയ്പൂർ, ഫറൂഖാബാദ്, ഫത്തേപൂർ എന്നിവിടങ്ങളിലെ നിർമ്മാതാക്കൾക്ക് അയയ്ക്കുകയും ചെയ്യുന്നത്. ബ്ലോക്കുകൾ നിർമ്മിക്കാൻ അവർ സാധാരണയായി സാഗ്വാൻ (തേക്ക്), ഷീഷാം (ഇന്ത്യൻ റോസ്വുഡ്) എന്നിവയുടെ തടിയാണ് ഉപയോഗിക്കുന്നത്.
തടിയിൽ നിർമിച്ച ഈ ബ്ലോക്കുകൾ നിറത്തിൽ മുക്കിയാണ് തുണികളിൽ പ്രിന്റ് ചെയ്യുന്നത്. “ഇത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്,” ചന്ദേരി ദുപ്പട്ടയിൽ പിങ്ക് റോസാപൂക്കളുടെ ചിത്രം പതിപ്പിക്കാനായി കുനിഞ്ഞുകൊണ്ട് ഹലീം പറഞ്ഞു. തുണിയിൽ പ്രിന്റ് ചെയ്യുന്നതിന് മുമ്പ് ജ്യൂട്ട്, കോട്ടൺ തുണി, കൊതുകുവല എന്നിവയിലൂടെയെല്ലാം അരിച്ചെടുത്ത ശേഷമാണ് ഹലീം നിറങ്ങളുടെ മിശ്രിതം ഉപയോഗിക്കുന്നത്. സാധാരണഗതിയിൽ 72 മണിക്കൂർ വരെയെടുക്കുന്ന ഉണങ്ങൽ പ്രക്രിയ കാലാവസ്ഥയനുസരിച്ച് സങ്കീർമാകാറുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത് ഉണങ്ങൾ വലിയ പ്രതിസന്ധിയാണ്.














