“ഞങ്ങൾ പോകാൻ തയ്യാറല്ല. ഞങ്ങൾ എങ്ങോട്ട് പോവും. വീടില്ലാത്തവരെപ്പോലെ അലഞ്ഞുനടക്കേണ്ടിവരും ഞങ്ങൾക്ക്,” മുന്നലാൽ കുർമി പറയുന്നു. സർസേല റൈറ്റിലെ കർഷകനാണ് അദ്ദേഹം. മധ്യപ്രദേശിലെ ദമോ ജില്ലയിലെ വീരാംഗന ദുർഗാവതി (വി.ഡി.ടി.ആർ) എന്ന ഇന്ത്യയിലെ 54-ആമത് ടൈഗർ റിസർവ് വിഴുങ്ങാൻ പോകുന്ന 93 ഗ്രാമങ്ങളിലൊന്നാണ് സർസേല.
കടുവകളുടെ താമസത്തിനായി സമർപ്പിച്ചിട്ടുള്ള 58 ദേശീയോദ്യാനങ്ങളിൽ ഏറ്റവും പുതിയതാണ് വി.ഡി.ടി.ആർ; അവയിൽ രണ്ടെണ്ണം ചീറ്റകൾക്കുള്ളതും. ഈ റിസർവുകൾ അലംഘനീയമായ ഇടങ്ങളാണ് - കടുവ, ചീറ്റ, പുലി തുടങ്ങിയ വന്യ മാർജാര വർഗ്ഗങ്ങൾക്ക് വേണ്ടിമാത്രം ഉള്ളത്.
ഈ റിസർവുകൾ സൃഷ്ടിക്കാൻ, 80,000 ചതുരശ്രകിലോമീറ്ററാണ് - ഇന്ത്യയുടെ മൊത്തം വനാവരണത്തിൻ്റെ ഏകദേശം 10 ശതമാനം- നീക്കിവെക്കുന്നത്. അതിനായി 257 ഗ്രാമങ്ങൾ പുനസ്ഥാപിക്കുകയും അതിലെ ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തുവെന്ന്, ഗോത്രകാര്യ കേന്ദ്രമന്ത്രി ദുർഗാദാസ് ഉയികെ 2025 ഡിസംബറിൽ ലോകസഭയെ അറിയിച്ചു. റിസർവുകൾക്കകത്തുള്ള 730 ഗ്രാമങ്ങളാണ് ഇനി ഇല്ലാതാവാൻ പോവുന്നത്.
പുതിയ റിസർവ് വിഴുങ്ങാൻ പോകുന്ന മറ്റൊരു ഗ്രാമമാണ് ദമോവിലെ ദബ. “ഞങ്ങൾ എവിടെ ജീവിക്കും? എന്ത് തിന്നും?” നൗരാദേഹി സങ്കേതത്തിൻ്റെ അറ്റത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന രാധാ റാണി ഗോണ്ട് ചോദിക്കുന്നു. അപ്പോൾ ലഭിച്ച ഗോതമ്പ് വിളവിലൂടെ വിരലുകളോടിച്ച്, ശിശിര സൂര്യൻ്റെ ചൂട് കാഞ്ഞ് മുറ്റത്തിരിക്കുകയായിരുന്ന ആ 75-കാരി വല്ലാതെ ക്ഷുഭിതയായിരുന്നു.
‘ഫോർട്രസ്സ് കൺസർവേഷൻ’ (സംരക്ഷണ ദുർഗ്ഗം) എന്നതാണ് റിസർവുകളുടെ ആപ്തവാക്യം. വന്യജീവികൾക്ക് മാത്രമായുള്ള സംരക്ഷിത പ്രദേശം. കടുവകൾക്കും മനുഷ്യർക്കും സഹവർത്തിത്വം സാധിക്കില്ലെന്ന അമിതലളിത വ്യാഖ്യാനമാണ് ഇതെന്ന് പരിസ്ഥിതിവാദികൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ വനവാസികളും വന്യമൃഗങ്ങളും അടുത്തടുത്തായാണ് കാലങ്ങളായി കഴിഞ്ഞുവന്നിരുന്നത് എന്നതാണ് യാഥാർത്ഥ്യം. “ഞങ്ങളാണ് കാടിനേയും മൃഗങ്ങളേയും പരിപാലിക്കുന്നത്. അവർ ഞങ്ങളെ ആട്ടിയിറക്കുന്നു എന്നിട്ട്, ഇവിടെ ഒരു ടൂറിസ്റ്റ് ഗസ്റ്റ് ഹൗസ് ഉണ്ടാക്കും,” ജങ്ക ബായി പറയുന്നു. 2015-ലെ പന്ന ടൈഗർ റിസർവിൻ്റെ വികസനം അവരുടെ ഉമ്രവാൻ ഗ്രാമത്തെ ഇല്ലാതാക്കിയിരുന്നു.























