അവൻ വന്ന്, ഓരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചുപോയി, അവൻ എന്നെ കണ്ടപ്പോൾ തിരിച്ചുപോയി
കൂട്ടുകാരൻ ഓരോ കാരണങ്ങൾ പറഞ്ഞ് പോയി, അവൻ എന്നെ കണ്ടപ്പോൾ തിരിച്ചുപോയി.


Bandipore, Jammu and Kashmir
|TUE, AUG 05, 2025
ഗുരേസിൽ, ലോകമുള്ളയിടത്തല്ല വീട്
കടുത്ത ശൈത്യവും അതിർത്തികളിലെ ഷെല്ലിംഗുകളും, കശ്മീരിലെ ഗുരേസ് താഴ്വരയിലെ ദർദ്-ഷിൻ ജനതയെ വീടുകളിൽനിന്ന് അകറ്റുകയാണ്. ഋതുക്കൾക്കനുസരിച്ചുള്ള കുടിയേറ്റവും ഈ സമുദായത്തിൻ്റെ ഭാഷയേയും സംസ്കാരത്തെയും ബാധിക്കുന്നു
Author
Editor
Photo Editor
Translator
ഗുലാം റസൂൽ മുഷ്താഖിൻ്റെ വരികൾ മൃദുവായി ചൊല്ലുമ്പോൾ ഫരീദ് അഹമദ് ലോണിൻ്റെ കണ്ണുകൾ കിഷൻഗംഗാ നദിയിലായിരുന്നു. ജമ്മു-കശ്മീരിലെ ദർദ്-ഷിൻ സമുദായത്തിലെ പ്രശസ്തനായ കവിയാണ് ഗുലാം റസൂൽ.
തീരത്തിരിക്കുമ്പോൾ പുഴയുടെ മുകളിൽ ഐസിൻ്റെ നേരിയ പാളികൾ കൂടിച്ചേരുന്നത് കണ്ടു. ചെറിയ പാളികൾ ഒലിച്ചുപോവുന്നുമുണ്ടായിരുന്നു. പുഴ പൂർണ്ണമായും ഉറഞ്ഞ് കട്ടിയായിരുന്നില്ല. എന്നാൽ കാലാവസ്ഥ മാറുകയായിരുന്നു.
ഏതാനും മീറ്ററുകൾക്കകലെ, പ്രദേശത്തെ സ്ത്രീകൾ 25-30 കിലോ ഭാരംവരുന്ന വിറകും പുല്ലും കെട്ടുകളാക്കി ഏറ്റിനിൽക്കുന്നുണ്ടായിരുന്നു. മറ്റൊരു സ്ത്രീ ഒരു കൊട്ട നിറയെ പശുവിൻ്റെ ചാണകം ശേഖരിച്ചിരുന്നു. തണുപ്പുകാലത്തേക്കുള്ള അടുപ്പിനുള്ള ഇന്ധനമായിരുന്നു അത്. ഞങ്ങൾക്ക് ചുറ്റും, ഗുരേസ് താഴ്വര കാണാൻ വന്ന വിനോദസഞ്ചാരികൾ പതുക്കെ വീടുകളിലേക്ക് മടങ്ങുന്നത് കണ്ടു.
കാലാവസ്ഥയിലെ മാറ്റങ്ങൾ ഫരീദ് ചൂണ്ടിക്കാണിച്ചു. പുഴയിൽ മാത്രമല്ല, തണുപ്പിനെ നേരിടാൻ ഗുരേസ് മൊത്തത്തിൽ തയ്യാറെടുക്കുകയായിരുന്നു. ഗുരേസ് താഴ്വരയിൽ താമസിക്കുന്ന 37,992 ദാർദിക് ജനസംഖ്യയിൽ (2011-ലെ സെൻസസ്) ഭൂരിഭാഗവും തൻ്റെ സമുദായക്കാരാണെന്ന് ദാർദ്-ഷിൻ സമൂഹാംഗമായ അദ്ദേഹം പറയുന്നു.

Muzamil Bhat

Muzamil Bhat

Muzamil Bhat

Muzamil Bhat
ഒക്ടോബറിൽ ശൈത്യം വന്നതോടെ, താഴ്വരയെ മഞ്ഞ പൊതിഞ്ഞു. “പ്രായമായവർ മാത്രമേ അവിടെ തങ്ങുകയുള്ളു. അവർ മിക്കപ്പോഴും വീട്ടിനകത്തുതന്നെ കഴിയും,” 68 വയസ്സുള്ള ഫരീദ് പറയുന്നു. മഞ്ഞുകാരണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാനാവില്ല.
ചിലപ്പോൾ, താഴ്വരയുടെ ചില ഭാഗങ്ങൾ 15 അടി മഞ്ഞിലായിരിക്കും. സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽനിന്ന് പൂർണ്ണമായും ഒറ്റപ്പെടും. ജനസംഖ്യയിലെ 80 ശതമാനവും പലായനം ചെയ്യും. “ചിലർ കശ്മീരിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പോവും. ചിലർ ഹിമാചൽ പ്രദേശിലേക്കും പഞ്ചാബിലേക്കും കൂലിപ്പണിക്ക് പോവും,” ഹോർട്ടികൾച്ചർ ഡിപ്പാർട്ടുമെൻ്റിൽനിന്ന് സീനിയർ ടെക്നീഷ്യനായി വിരമിച്ച അദ്ദേഹം പറയുന്നു. കശ്മീരിൽത്തന്നെ തങ്ങുന്നവർ കശ്മീരിലെ ചെറിയ ഹോട്ടലുകളിലും ഹാരിസ കടകളിലും പാചകക്കാരായി ജോലിക്ക് നിൽക്കും. (വായിക്കുക: ശ്രീനഗറിൽ ചൂടോടെ വിളമ്പുന്ന ഹാരിസ
അതിശൈത്യവും, തീവ്ര കാലാവസ്ഥയും തുടർച്ചയായി വെല്ലുവിളിയാവുകയാണ്. 2017 ജനുവരി 25-ന് ഗുരേസിലുണ്ടായ നാല് ഹിമപാതങ്ങളിൽ 20 പട്ടാളക്കാരും നാല് നാട്ടുകാരും കൊല്ലപ്പെട്ടു. ദാവറിലെ ഫരീദിൻ്റെ വീട്ടിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള മസ്ഗുണ്ട് നീരുവിൽ.
അവശ്യ വൈദ്യസഹായംപോലും ഗുരേസിൽ ലഭ്യമല്ലാതിരുന്ന ഒരു കാലം അദ്ദേഹത്തിന് ഓർമ്മയുണ്ട്. 1970-ലെ ശൈത്യകാലത്ത്, സമീപത്തുള്ള മാർകൂട് ഗ്രാമത്തിലെ മൗലവി സാഹബ് (ഇസ്ലാമിക പ്രചാരകൻ) അസുഖബാധിതനായി. 12 മുതൽ 15 അടിവരെ കനത്തിലായിരുന്നു മഞ്ഞ്. “ആളുകൾ അദ്ദേഹത്തെ കട്ടിലിൽ കിടത്തി. 86 കിലോമീറ്റർ അകലെയുള്ള ബന്ദിപൊരയിലെത്താൻ 86 ദിവസമെടുത്തു.
മറ്റൊരിക്കൽ, ഉസ്താദ് മൊഹ്താറാമിൻ്റെ മകൾക്ക് ഗർഭകാലത്ത് ബുദ്ധിമുട്ടനുഭവപ്പെട്ടു. ഹെലികോപ്റ്ററൊന്നും അന്ന് ലഭ്യമല്ലായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ഒരു ലക്ഷം രൂപ ചിലവുണ്ടാവുമായിരുന്നു. ഇന്ത്യൻ സൈന്യം സഹായിക്കാൻ മുന്നോട്ട് വന്നു. “ഓപ്പറേഷൻ സദ്ഭാവനയുടെ ഭാഗമായി സൈന്യം സഹായിച്ചു.”
ഇന്ന്, സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, പട്ടികഗോത്രമായി അടയാളപ്പെടുത്തിയിട്ടുള്ള ഈ സമൂഹം, അവശ്യഘട്ടങ്ങളിൽ തങ്ങളെ രക്ഷിക്കാനും മറ്റും ആശ്രയിക്കുന്നത് സൈന്യത്തെത്തന്നെയാണ്. ഗർഭവും പ്രസവവുമെല്ലാം ഇപ്പോഴും വലിയ പ്രശ്നമായിത്തന്നെ അവശേഷിക്കുന്നു.

Muzamil Bhat

Muzamil Bhat
ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (ലൈൻ ഓഫ് കണ്ട്രോൾ - എൽഒ.സി) വളരെയടുത്തായതിനാൽ, അതിർത്തികളിൽ നടക്കുന്ന വെടിവെപ്പുകളും സമുദായം നേരിടുന്ന മറ്റൊരു ഗൗരവമായ പ്രശ്നമാണ്. കാലാവസ്ഥാനുസാരിയായ കുടിയേറ്റവും ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.
ക്യാമ്പ്സൈറ്റിലൂടെ നടത്തം തുടരുമ്പോൾ ഫരീദ് പെട്ടെന്ന് നിന്നു. “ഈ റോഡിൻ്റെ ചിത്രം എൻ്റെ മനസ്സിൽനിന്ന് മായുന്നില്ല,” അയാൾ പറയുന്നു. “2005-ലാണ്. എൻ്റെ ഗ്രാമത്തിൽനിന്നുള്ള ഒരച്ഛനും മകനും ആടുകളെ മേയ്ക്കുകയായിരുന്നു. ഗ്രാമത്തിലേക്ക് കടക്കാനുള്ള ഈ പാലത്തിലേക്ക് കയറുകയായിരുന്നു അവർ,” റോഡിൻ്റെ മറുപുറത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.
“അച്ഛൻ പിന്നിലായിരുന്നു. മകൻ മുമ്പിലും,” ഫരീദ് ഓർമ്മിക്കുന്നു. അടുത്തുള്ള ഒരു മസ്ജിദിലായിരുന്ന ഫരീദ് ആ അച്ഛനേയും മകനേയും കുറച്ച് ദൂരത്തായി കണ്ടു. പെട്ടെന്നാണ് അവരുടെ ദേഹത്ത് ബോംബ് വീണത്. അതുകൊണ്ടും, ദുരന്തം അവസാനിച്ചില്ല. അതേ ദിവസം, അതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടി, സൈനിക ക്യാമ്പിനടുത്തുള്ള ഒരു പരീക്ഷാകേന്ദ്രത്തിലേക്ക് പോകാൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ, വെടിവെപ്പിനിടയിൽപ്പെട്ട് കൊല്ലപ്പെട്ടു.
ഫരീദിൻ്റെ വാക്കുകളിൽ വിറയൽ. “ഒരേദിവസം, ഒരു കുടുംബത്തിന് മകനേയും മറ്റൊരു കുടുംബത്തിന് മകളേയും നഷ്ടമായി.” അന്നത്തെ ആ വെടിവെപ്പിൽ 20-25 ആളുകൾ കൊല്ലപ്പെട്ടു. കൂട്ടത്തിൽ, നിരവധി കന്നുകാലികളും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുകയുമുണ്ടായി.
മറ്റൊരു സംഭവത്തിൽ, തുലായി ചന്തയുടെ സമീപത്ത് നിർത്തിയിരുന്ന ഒരു ബസ്സിന് ഷെല്ലിംഗിൽ തീപിടിച്ച്, ചന്ത പൂർണ്ണമായും തകർന്നു. തീ പെട്ടെന്ന് പടർന്നു. അന്നത്തെ കാലത്ത്, മിക്ക കെട്ടിടങ്ങളും മരംകൊണ്ട് നിർമ്മിച്ചവയായിരുന്നു.
“ഇവിടെക്കിടന്ന് മരിക്കാൻ ആർക്കാണ് ആഗ്രഹം? ഇങ്ങനെയുള്ള സ്ഥലത്ത് ജീവിക്കാൻ ആരാണ് ആഗ്രഹിക്കുക?” ഫരീദ് ചോദിക്കുന്നു. അയാൾ ഇപ്പോൾ ദാവറിലാണ് ഭാര്യയും, നാല് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി താമസിക്കുന്നത്. തുലായിൽ താഴ്വരയിലേക്ക് എത്തുന്നതിന് മുൻപുള്ള അവസാനത്തെ ചന്തയാണ് അത്.

Muzamil Bhat

Muzamil Bhat
പണ്ടും, ഗൂരേസിൽ വരുമാനമാർഗങ്ങൾ അധികമുണ്ടായിരുന്നില്ല. “കന്നുകാലികളെ മേച്ചും, സൈന്യത്തിനുവേണ്ടി ചുമട്ട് പണിയെടുത്തുമാണ് ആളുകൾ ജീവിക്കുന്നത്,” ഫരീദ് പറയുന്നു. എല്ലാവർക്കും സ്വന്തമായി കുതിരകളുണ്ട്. “വരുമാനമാർഗങ്ങൾ കുറവാണ്.” സമുദായത്തിൻ്റെ പരമ്പരാഗത കൈവേലയായ പട്ടു നെയ്ത്തിലാണ് പലരും. വായിക്കാം: അരികുകൾ പിന്നിപ്പോകുന്ന പട്ടുനെയ്ത്ത്
താഴ്വരയുടെ മറ്റ് ഭാഗങ്ങളിലേക്ക് പോയവർക്ക് കൂടുതൽ നല്ല ജോലികളും വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ലഭിച്ചു. അതുകൊണ്ടാണ് ആളുകൾ ബന്ദിപൊര, കങ്കൺ, ഗണ്ടെർബാൽ, ശ്രീനഗറിലെ നഗരപ്രദേശം എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കുന്നതെന്ന് ഫരീദ് സൂചിപ്പിക്കുന്നു.
ആളുകൾ പുറത്തേക്ക് പോകാൻ തുടങ്ങിയതോടെ, മാതൃഭാഷ സംസാരിക്കാൻ അവർക്ക് ബുദ്ധിമുട്ട് നേരിട്ടു. ദർദ്-ഷിൻ ജനത ബന്ദിപൊരയിലേക്ക് പോവുമ്പോൾ, മറ്റ് കശ്മീരികളുടെ മുമ്പിൽ ഷിന ഭാഷ സംസാരിക്കാറില്ല. “ഞങ്ങൾക്ക് ഒരു വല്ലായ്മ തോന്നാറുണ്ട്. ഒരുപക്ഷേ ഞങ്ങൾ വ്യത്യസ്തരാണെന്ന് തോന്നുന്നതുകൊണ്ടും ആവാം,” ഫരീദ് പറയുന്നു
ഇത് എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നില്ല. “ഞാൻ കുട്ടിയായിരുന്നപ്പോൾ, എല്ലാവരും ഷിനയിൽ സംസാരിക്കുന്നത് കാണാമായിരുന്നു. എന്നാലിന്ന് ഞാൻ ചന്തയിൽ പോകുമ്പോൾ, ഞങ്ങളുടെ സമുദായത്തിലെ പുതുതലമുറക്കാർ, ഉറുദുവിലും ഹിന്ദിയും കശ്മീരിയിലും സംസാരിക്കുന്നതാണ് കേൾക്കുന്നത്. ചിലപ്പോൾ ഇംഗ്ലീഷിൽപ്പോലും”
ഇന്തോ – ആര്യൻ ഭാഷാവിഭാഗത്തിൽപ്പെട്ട ദാർദിക് ഭാഷയാന് ഷിന. വംശനാശമടുത്ത ഭാഷയായി യുണെസ്കോ അതിനെ പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും, ആ ഭാഷ സംസാരിക്കുന്നവർ വലരെ കുറവാണ്. അതീവദുർബ്ബലമായ ഭാഷയായിട്ടാണ് ഇപ്പോൾ അതിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
ഹബ്ബ ഖാതൂൻ കൾച്ചറൽ ഗ്രൂപ്പിലെ അംഗമെന്ന നിലയ്ക്ക്, കഴിഞ്ഞ 40 വർഷമായി തൻ്റെ മാതൃഭാഷയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാന് ഫരീദ്. പ്രദേശവാസികളുടെ സാമ്പത്തികസഹായത്തോടെയും, ഇടയ്ക്ക് വല്ലപ്പോഴും ചില അവതരണങ്ങളിലൂടെയും ഈ സംഘം സ്കൂളുകളിലും മറ്റും സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചുകൊണ്ട്, സമുദായത്തിൻ്റെ ഭാഷയേയും സംസ്കാരത്തേയും കുറിച്ചുള്ള ബോധവത്കരണ ശ്രമങ്ങൾ നടത്താറുണ്ട്.

Muzamil Bhat

Muzamil Bhat
ഓരോ ദിവസം കഴിയുന്തോറും അത്തരം പരിശ്രമം ബുദ്ധിമുട്ടായി മാറുന്നു. ഇവിടെനിന്നുള്ള ഏകദേശം എല്ലാ കുട്ടികളും ഗുരേസിന് പുറത്താണ് പഠിക്കുന്നത്. അതുകൊണ്ട് ആരിൽനിന്നും പഠിക്കാനാവുന്നില്ല. “സ്കൂളിലെ രാവിലത്തെ പ്രാർത്ഥന, പുസ്തകങ്ങൾ, സാംസ്കാരിക പരിപാടികൾ എല്ലാം ഉറുദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് നടക്കുന്നത്. സ്കൂളിലെ പരിപാടികൾക്കിടയിൽ ഷിന ഭാഷയിൽ ഞാൻ പാട്ടുകൾ പാടുമ്പോൾ, അതിൻ്റെ അർത്ഥം മനസ്സിലാക്കാൻ മിക്ക കുട്ടികളും ബുദ്ധിമുട്ടുന്നു,” അദ്ദേഹം പറയുന്നു.
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ പ്രധാന ദിവസങ്ങളിലെ പരിപാടികളൊക്കെ ആഘോഷിക്കുന്നത് കശ്മീരിയിലും ഉറുദുവിലുമാണ്. “എന്നാൽ ഇപ്പോൾ ഞങ്ങളുടെ ഗ്രൂപ്പ് ആളുകളുടെ മനസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നാടൻ പാട്ടുകളും, കവിതയുമൊക്കെ അവതരിപ്പിക്കുന്നത് ഞങ്ങളുടെ മാതൃഭാഷയിലാക്കാനുള്ള ശ്രമം നടക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
*****
“ചൗക് എന്നാൽ എന്താണെന്ന് അറിയുമോ?” 10-ആം ക്ലാസ്സിലെ തൻ്റെ വിദ്യാർത്ഥികളോട് താരിഖ് പർവൈസ് ചോദിച്ചപ്പോൾ കുട്ടികൾ മിഴിച്ചുനിന്നു. “എന്താണ് സർ അത്? കാണാൻ എങ്ങിനെയിരിക്കും?” വാൻപോര സർക്കാർ ഹൈസ്കൂളിലെ ഒരു കുട്ടി കൗതുകത്തോടെ ചോദിക്കുന്നു. തിരിച്ചറിയാൻ കഴിയാത്ത ഒരു ഉപകരണത്തിൻ്റെ ചിത്രം ബോർഡിൽ വരച്ച് പ്രധാനാദ്ധ്യാപകൻ പറഞ്ഞു. “ഇതാണ് തറി. നമ്മുടെ പൂർവ്വികർ കമ്പിളിയുടുപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നതാന് ഈ ഉപകരണം.”
തൻ്റെ പരീക്ഷണം തുടർന്നുകൊണ്ട് താരിഖ് ബോർഡിൽ ഒരു പമ്പരത്തിൻ്റെ ചിത്രം വരച്ച് ചോദിച്ചു, “ഷിനയിൽ ഇതിനെന്താണ് നമ്മൾ പറയുക?”. ഒരു കുട്ടി അതിനെ വിളിച്ചത് ‘ലട്ടു’ എന്നായിരുന്നു പമ്പരത്തിനുള്ള കശ്മീരി വാക്കായിരുന്നു അത്. ക്ലാസ്സിൽ നിശ്ശബ്ദത പരന്നപ്പോൾ ആ അദ്ധ്യാപകൻതന്നെ അതിൻ്റെ പേര് പറഞ്ഞു. “ഇതിനെ തുർകൈതി’ എന്നാണ് വിളിക്കുക.
അദ്ദേഹം പരീക്ഷണം തുടർന്നു. 30 കുട്ടികളുള്ള ക്ലാസ്സിൽ ഒരു കുട്ടിക്ക് മാത്രമേ, വസ്തുക്കളെ തൻ്റെ മാതൃഭാഷയായ ഷിനയിൽ പറയാൻ കഴിഞ്ഞുള്ളു. “ഇതുപോലുള്ള ധാരാളം വാക്കുകളുണ്ട്. മറ്റ് ഭാഷകളുമായി പൊരുത്തപ്പെട്ടപ്പോൾ, നമ്മുടെ ദൈനംദിന ജീവിതത്തിൽനിൻ അപ്രത്യക്ഷമായ വാക്കുകൾ.”

Muzamil Bhat
വീട് വിട്ട് പുറമേക്ക് പോകുമ്പോൾ ഗുരേസിലെ കുട്ടികൾ സ്കൂളുകളിൽ കശ്മീരിയും ഉറുദുവുമാണ് വിനിമയത്തിനായി ഉപയോഗിക്കുന്നത്. മിക്ക കുട്ടികളും, അതിന് പുറമേ, ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കുകയും ചെയ്യും. “12 മാസവും ഗുരേസിൽ താമസിക്കുന്ന കുട്ടിക്ക് ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നില്ല” എന്ന് താരിഖ് പറയുന്നു. എന്നാൽ, പഠനം, ജോലി, ആരോഗ്യം, കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ പുറത്ത് പോകുന്നവർക്ക് അവരുടെ മാതൃഭാഷ ഉപയോഗിക്കുമ്പോൾ പലാപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്.
താരിഖ് പറയുന്നത് കേട്ടുനിന്ന മറ്റൊരു സഹാദ്ധ്യാപിക പെട്ടെന്ന് ഇടപെട്ടു. “എൻ്റെ ചെറിയ മകൾ സ്വന്തമായ ഉറുദു പഠിച്ചു. ഫോണിൽ വീഡിയോ നോക്കി.” അവർ മകളെ ആ ഭാഷ പഠിപ്പിച്ചിരുന്നില്ല. എന്നാൽ, ഷിന ഭാഷ പഠിപ്പിക്കാൻ നോക്കിയപ്പോൾ, മകൾ വലിയ താത്പര്യം കാണിച്ചില്ല. ആ ഭാഷ പതുക്കെപ്പതുക്കെ അവൾ മനസ്സിലാക്കാൻ തുടങ്ങിയിട്ട് ഒരുവർഷമേ ആയിട്ടുള്ളു. മൂത്ത മകൾ ഷിന ഭാഷ സംസാരിക്കുന്നുണ്ട്. കാരണം, അവിടെ സ്കൂളിൽ, ആ ഭാഷ പഠിപ്പിക്കുന്നുണ്ട്.
വീടുകളിലും പൊതുസ്ഥലങ്ങളിലും സംസാരിച്ചാൽ മാത്രമേ ആ ഭാഷയെ സജീവമായി നിലനിർത്താൻ പറ്റൂ എന്ന് താരിഖ് വിശ്വസിക്കുന്നു. കശ്മീരിയോ ഉറുദുവോ പഠിക്കുന്നതിന് താൻ എതിരല്ലെന്നും ഗുരേസിൽനിന്ന് പുറത്തേക്ക് പോവുമ്പോൾ ആ ഭാഷകൾ സഹായിക്കുമെങ്കിലും, “സ്വന്തം ഭാഷ മറക്കുന്നത്, സ്വന്തം വ്യക്തിത്വം മറക്കുന്നതിന് തുല്യമാണ്” എന്ന് അയാൾ കൂട്ടിച്ചേർത്തു.
എന്നാൽ സമുദായത്തിലെ മിക്ക വിദ്യാർത്ഥികൾക്കും തങ്ങളുടെ ദാർദിക് വ്യക്തിത്വം വെളിവാക്കുന്നതിൽ അരക്ഷിതാവസ്ഥ തോന്നുന്നുണ്ട്. “ദർദേ” (പരിഹസിച്ച് വിളിക്കുന്ന പേര്) എന്ന് വിളിക്കപ്പെടുമോ എന്നാണ് അവർ ആശങ്കപ്പെടുന്നത്.

Muzamil Bhat

Muzamil Bhat
*****
വ്യാപാരത്തിനും തീർത്ഥാടനത്തിനുമായി ബന്ദിപൊരയിൽനിന്ന് ഗുരേസിലേക്കും അവിടെനിന്ന് ഗിൽഗിത്തിലേക്കും പോവുന്ന കശ്മീരികൾക്ക് ഗുരേസ് താഴ്വര സിൽക്ക് റൂട്ടായിരുന്നു. ഹജ് തീർത്ഥാടകരും ആ വഴിയാണ് ഉപയോഗിച്ചിരുന്നത്.
ഗുരേസിലെ ദർദ്-ഷിൻ ഗോത്രങ്ങൾക്ക്, ദർദിസ്താനോളം നീളുന്ന സാംസ്കാരികവും ഭാഷാപരവുമായ വേരുകളുണ്ട്. കശ്മീർ താഴ്വരയിൽനിന്ന് ഗിൽഗിത്തോളവും അഫ്ഘാനിസ്താനോളവും നീളുന്ന ചരിത്രസ്ഥലമായിരുന്നു ദർദിസ്താൻ. 1947-ലെ വിഭജനത്തിനേക്കാളും എത്രയോ മുമ്പുള്ള ബന്ധമാണ് കശ്മീരികളും ദർദുകളും തമ്മിലുള്ളതെന്ന്, മസൂദ് അൽ ഹസ്സൻ സമൂൻ പറയുന്നു. “ജമ്മു-കശ്മീരിൽ എത്രയോ നൂറ്റാണ്ടുകളായി ജീവിക്കുന്നവരാണ് ദർദുകൾ,” എന്ന് പറയുകയാണ് ജെ&കെ സർക്കാരിൽ ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ തസ്തികയിൽനിന്ന് വിരമിച്ച ആ 73-കാരൻ.
കശ്മീരിലെ രാജാക്കന്മാരുടെ വംശചരിതം വിവരിക്കുന്ന 12-ആം നൂറ്റാണ്ടിലെ സംസ്കൃതനാടകമായ രാജതരംഗിണിയിൽ, കൽഹണൻ എന്ന കശ്മീരി ചരിത്രകാരൻ ഗുരേസിലെ ദർദുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. താഴ്വരയിലെ ഭരണകർത്താക്കളുമായി ഗുരേസിലെ രാജാക്കന്മാർ പലപ്പോഴും യുദ്ധത്തിലേർപ്പെട്ടിരുന്നുവെന്ന് മസൂദ് പറയുന്നു. അവയിൽ പ്രശസ്തമായ ഒരു യുദ്ധം നടന്നത്, ദർദുകളും ഹർഷ രാജാവുമായി (ഇന്ത്യയിലെ ഹർഷവർദ്ധനയുമായി മാറിപ്പോവരുത്) മൗണ്ട് ദദ്കത്തിൽവെച്ചായിരുന്നു.
സ്വന്തമായ ഒരു ലിപിയില്ലാതെതന്നെ, വാമൊഴി പാരമ്പര്യത്തിലൂടെയും, നാടോടിക്കഥകൾ, ഗാനങ്ങൾ എന്നിവയിലൂടെയും ആ ഭാഷ നിലനിന്നുപോന്നു. എന്നാൽ, കാലാവസ്ഥയ്ക്കനുസരിച്ചുള്ള പലായനം, അതിർത്തികളിലെ വെടിവെപ്പുകൾ, മേഖലയിലെ രാഷ്ട്രീയവും സാംസ്കാരികവുമായ അസ്വസ്ഥതകൾ, ആ സമുദായത്തെ അവരുടെ മാതൃഭാഷയിൽനിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്.
“നിങ്ങൾ ശ്രീനഗറിലേക്ക് പോവുമ്പോൾ, അവിടെ 50 വീടുകളിൽ ഒന്നിൽ മാത്രമാണ് ഷിന സംസാരിക്കുന്നതെങ്കിൽ ആ ഭാഷ എങ്ങിനെയാണ് നിലനിൽക്കുക?” അദ്ദേഹത്തിൻ്റെ സമുദായത്തിലെ കുട്ടികൾ മറ്റ് കുട്ടികളോട് കശ്മീരിയിലോ മറ്റ് പൊതുവായ ഭാഷകളിലോ ആണ്.
ഒരു ഏകീകൃത ലിപിക്കുവേണ്ടി പ്രവർത്തിക്കുന്ന മസൂദ് വടക്കൻ കശ്മീരിലെ ബന്ദിപൊര മേഖലയിലാണ് താമസിക്കുന്നത്. “ഇതുവരെയായി രണ്ട് ലിപികളാണ് ഷിനയ്ക്കുവേണ്ടി തയ്യാറാക്കിയത്. ഒന്ന് ജോർജ് എബ്രഹാം ഗ്രയർസണിൻ്റേതാണ്. അത് റോമൻ ലിപിയാണ്. മറ്റൊന്ന്, ഗിൽഗിത് ഓർ ഷിന സബാൻ എന്ന് ഡോ. ഷുജ നാമൂസ് പേരിട്ട, നസ്തലിക് ലിപി ഉപയോഗിച്ച് ഉറുദു ഭാഷയിൽ എഴുതുന്നത്. പാകിസ്താനിലെ ഗിൽഗിത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഡോ. ഷുജ നാമൂസ്.”
രണ്ടെണ്ണത്തിലും, ഗവേഷണംവരെ മാത്രമേ എത്തിയിട്ടുള്ളു. ഗ്രയർസണും ഡോ. നാമൂസും തദ്ദേശീയ ഭാഷ സംസാരിക്കുന്നവരല്ല. ഉച്ചാരണത്തെക്കുറിച്ചുള്ള (ഫൊണറ്റിക്സ്) പല വിശദാംശങ്ങളും
ഷിനയ്ക്ക് നാല് സവിശേഷ വ്യഞ്ജനാക്ഷര ശബ്ദങ്ങളുണ്ടെന്ന് മസൂദ് പറയുന്നു. “സമീപ ഭാഷകളിലോ, ഉറുദുവിലോ ഫാഴ്സിയിലോ മാത്രമല്ല, കശ്മീരിയിൽപ്പോലും ഇല്ലാത്ത ശബ്ദങ്ങൾ,” അതുകൊണ്ടുതന്നെ സവിശേഷമായ ഡയക്രിറ്റിക്കുകൾ (അക്ഷരങ്ങൾക്ക് മുകളിലോ താഴെയോ ഇടുന്ന ചിഹ്നങ്ങൾ - അവയ്ക്കനുസരിച്ച് ഉച്ചാരണവും മാറുന്നു) ആവശ്യമാണെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. കംപ്യൂട്ടറുകൾ വന്നുതുടങ്ങിയ കാലത്ത്, പാകിസ്താനിലെ കാറൊകരം യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ മൊഹമ്മദ് അമീൻ സിയ വ്യാകരണങ്ങളും നിയമങ്ങളും എഴുതിവെച്ചുവെങ്കിലും അതും ലിപിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.
താരിഖ് മസൂദിനോട് യോജിക്കുന്നു. “ലിപിയില്ലാതെ എങ്ങിനെയാണ് നമുക്ക് ഒരു ഭാഷ എഴുതാനും പഠിപ്പിക്കാനും സാധിക്കുക. ഷിനയുടെ വ്യാകരണപുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം സമുദായത്തിലെ അംഗങ്ങൾ ചേർന്ന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചുവെങ്കിലും അതും ഫലം കണ്ടില്ല,” താരിഖ് ചൂണ്ടിക്കാട്ടി.
“ഷിന സാഹിത്യം അധികവും ഉറുദുവിൽ എഴുതുന്നതുകൊണ്ട്, ശരിയായ ഒരു ലിപി ആവശ്യമാണെന്ന്” ഫരീദും പറയുന്നു. ലിപി കൊണ്ടുവന്നാൽ, കുട്ടികളെ മാതൃഭാഷയോട് കൂടുതൽ അടുപ്പിക്കാൻ പറ്റും. “നമ്മുടെ കുട്ടികൾ കശ്മീരിൽനിന്ന് റഷ്യയിലേക്കും ജർമ്മനിയിലേക്കും പോകുമ്പോൾ നമ്മൾ അവരെ ആ ഭാഷകൾ പഠിപ്പിക്കാറില്ലല്ലോ, ഉവ്വോ? അവർ അവിടെനിന്നല്ലേ അത് പഠിക്കുന്നത്.”

Muzamil Bhat

Muzamil Bhat
ഭാഷയെ സജീവമായി നിലനിർത്തുന്ന ഘടകങ്ങളിൽ ഒന്ന് സാഹിത്യമാണെന്ന് മസൂദ് അടിവരയിടുന്നു. കശ്മീർ സാഹിത്യത്തെക്കുറിച്ചും, ലാൽ ദദ്, ഷേഖ് ഉൽ അലാം (നന്ദ് ഋഷി എന്നും അറിയപ്പെടുന്നു) തുടങ്ങിയ, മധ്യ-ആധുനിക കാലഘട്ടങ്ങളിലെ നിരവധി കവികളുടെ കവിതകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇന്നും കശ്മീരിയിൽ ധാരാളം ഗദ്യവും പദ്യവും പുറപ്പെടുന്നുണ്ടെന്നും ഭാവിയിൽ ആ ഭാഷയുടെ നിലനിൽപ്പിൻ്റെ ഉപാധികളാണ് അവയെന്നും അദ്ദേഹം പറയുന്നു. “എന്നാൽ, ഷിനയെക്കുറിച്ച് നമുക്കങ്ങിനെ പറയാൻ പറ്റില്ല” എന്നും അദ്ദേഹം സൂചിപ്പിച്ചു.
1975-ൽ, കശ്മീർ യൂണിവേഴ്സിറ്റിയിൽ ഉറുദുവും പേർഷ്യനും പഠിപ്പിക്കുന്ന മുഴുവൻ സമയ ജോലി ഉണ്ടായിരുന്ന സമയത്താണ് ഷിനയ്ക്കുവേണ്ടി ഒരു തനത് ലിപി ഉണ്ടാക്കാനുള്ള മസൂദിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. “ഞാൻ നാടോടിപ്പാട്ടുകളും നാടോടിസാഹിത്യവും ശേഖരിച്ചു.” അപ്പോഴൊക്കെ “ഇതെല്ലാം ഞാൻ എങ്ങിനെയാണ് എഴുതാൻ പോവുന്നത്” എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചിന്ത.
പിന്നീട് ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ ആയപ്പോൾ അദ്ദേഹം, നാലാമത്തെ ഗ്രേഡ് മുതൽ മാതൃഭാഷ പഠിപ്പിക്കാനുള്ള ഒരു പുതിയ ഭാഷാനയം ജമ്മു-കശ്മീർ സംസ്ഥാനത്ത് പ്രഖ്യാപിച്ചു. “ഒരു ലിപി ഉണ്ടാക്കാനുള്ള ഏറ്റവും നല്ല സമയമായിരുന്നു” അതെന്ന് അദ്ദേഹം പറയുന്നു. കംപ്യൂട്ടറിന് പാകമാക്കുകയും ചെയ്തു അദ്ദേഹം അതിനെ.
ഒരു ലിപി രൂപപ്പെടുത്താൻ ശ്രമിച്ച അദ്ദേഹം ഒരു വ്യാകരണവും എഴുതി. എന്നാൽ, ജോലിയിൽനിന്ന് പോന്നതിൽപ്പിന്നെ, “ജീവിതത്തിൽ കാര്യങ്ങളെല്ലാം അവതാളത്തിലായി,” എന്നും പ്രസിദ്ധീകരിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം പറയുന്നു. റിട്ടയർമെൻ്റിനുശേഷം വീണ്ടും ശ്രമങ്ങൾ തുടങ്ങിയിട്ടുണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Muzamil Bhat

Muzamil Bhat
ലിപിയെ മാനകമാക്കാനുള്ള വിവിധ ശ്രമങ്ങൾക്ക് ശേഷം നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പുമികി ഷിന കിതാബ് എന്ന അദ്ദേഹത്തിൻ്റെ പാഠപുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ അപ്പോഴും, ഷിന എന്നത് തിരഞ്ഞെടുക്കാവുന്ന ഒരു വിഷയം മാത്രമായിരുന്നു. “ഞാനൊരു ഭാഷാ ആക്ടിവിസ്റ്റായിരുന്നു. ചുരുങ്ങിയത്, എൻ്റെ പ്രദേശത്തെങ്കിലും ആ ലിപിയെ ഞാൻ മാനകമാക്കി,” അദ്ദേഹം പറയുന്നു. മാതൃഭാഷയെ രേഖപ്പെടുത്തിവെക്കാനുള്ള മറ്റ് ശ്രമങ്ങളും ഈയിടെയായി നടക്കുന്നുണ്ട്. ഷിന വ്യാകരണത്തെക്കുറിച്ച്, ശ്രീനഗറിലെ കശ്മീർ യൂണിവേഴ്സിറ്റി ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
ലിപിയെ മാനകമാക്കുന്നതുവരെ, ചുരുങ്ങിയത് പ്രാഥമികതലംവരെയെങ്കിലും ഷിനയെ ബോധനമാധ്യമമാക്കുന്നത്, ആ ഭാഷയെ നിലനിൽക്കാൻ സഹായിക്കുമെന്ന് മസൂദ് പറയുന്നു. വലിയ ക്ലാസ്സുകളിലും രസതന്ത്രം, ബലതന്ത്രം പോലുള്ള സാങ്കേതികവിഷയങ്ങളിലും ഷിനയെ മാധ്യമമാക്കുന്നത് അസാധ്യമാണെങ്കിലും, ആ ഭാഷയെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്, “അല്ലാത്തപക്ഷം, ആ ഭാഷ മരിക്കും.”
ഗുരേസിലെ തൻ്റെ ഔദ്യോഗിക കാലത്തെ ഒരു കാര്യം അദ്ദേഹം വിവരിച്ചു. ഓഫീസിൽവെച്ച് സമുദായത്തിലെ ആരെങ്കിലും അദ്ദേഹത്തോട് കശ്മീരിയിലോ ഉറുദുവിലോ സംസാരിച്ചാൽ “ഞാൻ അയാളെ ചീത്ത പറയാറുണ്ടായിരുന്നു. ഞാൻ നിങ്ങളോട് ഷിനയിലാണ് സംസാരിക്കുന്നത്, നിങ്ങളും ആ ഭാഷയിൽ സംസാരിക്കണം,” എന്ന് പറയാറുണ്ടായിരുന്നുവത്രെ.
“നിങ്ങൾക്ക് കുടുംബത്തോട് സംസാരിക്കണമെങ്കിൽ അതും ഇംഗ്ലീഷിലാവുമോ നിങ്ങൾ സംസാരിക്കുക? ഒരു ഫ്രഞ്ചുകാരനും വീട്ടിൽ ഇംഗ്ലീഷ് സംസാരിക്കില്ല. നമ്മൾ ഇന്ത്യക്കാർക്ക് മാത്രമേ ഈ അസുഖകരമായ ഇംഗ്ലീഷ് വിധേയത്വമുള്ളു,” അദ്ദേഹം തുടർന്നു.
കുട്ടികൾ ഇപ്പോൾ ഇംഗ്ലീഷ് പഠിക്കുന്നുവെന്നും, വിദേശഭാഷ സംസാരിച്ച് അവരുടെ മാനസികവ്യാപാരങ്ങൾ ക്ഷീണിതമായെന്നും അദ്ദേഹം പറയുന്നു. “ഇംഗ്ലീഷുകാർ മാത്രമല്ലല്ലോ ബുദ്ധിമാന്മാർ. നമ്മൾ ഹിന്ദുസ്താനികൾ വിഡ്ഢികളാണോ? വിദേശ ഭാഷകൾ മാത്രം പഠിക്കാൻ തുടങ്ങിയാൽ നമ്മുടെ ഇന്ത്യൻ ഭാഷകൾക്ക് ഒരു വളർച്ചയുമുണ്ടാവില്ല,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Muzamil Bhat

Muzamil Bhat

Muzamil Bhat

Muzamil Bhat
അഞ്ചാം ക്ലാസ്സുവരെ കുട്ടിയുടെ ബോധനമാധ്യമം അവരുടെ മാതൃഭാഷയിലായിരിക്കണമെന്ന് പുതിയ വിദ്യാഭ്യാസ നയം (നാഷണൽ എഡ്യുക്കേഷൻ പോളിസി – എൻ.ഇ.പി) നിർദ്ദേശിക്കുന്നു. “ഒരുപക്ഷേ ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് ചെയ്തിട്ടുള്ള ഏറ്റവും വിവേകപൂർണ്ണമായ കാര്യം ഇതാണ്. എന്നാൽ അതൊരു വെല്ലുവിളിയാവുകതന്നെ ചെയ്യും,” മസൂദ് പറയുന്നു.
കശ്മീരിയിലും ഡോഗ്രിയിലുമുള്ള ഒന്നാംക്ലാസ്സിലെ പാഠപുസ്തകങ്ങളിൽ, ബോർഡ് ഓഫ് എഡ്യുക്കേഷൻ ഇത് നടപ്പാക്കിയിട്ടുണ്ട്. ഒരുവർഷം മുമ്പ് അയച്ചുകൊടുത്തിട്ടുള്ള ഷിനയെക്കുറിച്ചുള്ള തൻ്റെ പാഠപുസ്തകം പുറത്തുവരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൻ്റെ സഹ ആക്ടിവിസ്റ്റുകളുമായി ചേർന്ന് ഷിന ലിപി മാനകീകരിക്കാൻ ശ്രമിക്കുകയാണ് മസൂദ്. “എന്നാൽ, അത് വേഗത്തിലൊന്നും നടപ്പാകുമെന്ന് എനിക്ക് ഉറപ്പ് തരാൻ പറ്റില്ല. ധാരാളം ജോലിയുണ്ട്. എനിക്കും വയസ്സാവുകയാണ്”, അദ്ദേഹം പറഞ്ഞുനിർത്തി.
ഈ കഥ തയ്യാറാക്കാൻ സഹായിച്ചതിന് മസൂദ് അൽ ഹസ്സൻ സമൂൻ, ബഷീർ അഹമ്മദ് തെരൂ, ഫരീദ് അഹമ്മദ് ലോൺ, അബ്രാർ-ഉൽ-ആലം എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.
ഗുലാം റസൂൽ മുഷ്താഖിൻ്റെ ഷിന കവിതയെ വ്യാഖ്യാനിച്ചത് ഫരീദും, എഡിറ്റ് ചെയ്തത് പ്രതിഷ്ത പാണ്ഡ്യയുമാണ്. മുസാമിലും പ്രതിഷ്ത പാണ്ഡ്യയും ചേർന്നാണ് മസൂദ് അൽ ഹസ്സൻ സമൂണിൻ്റെ കവിതയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയുള്ള ഒരു സംരംഭമാണ് പാരിയുടെ എൻഡേൻജേഡ് ലാംഗ്വേജസ് പ്രോജക്ട് (ഇ.എൽ.പി.). ഇന്ത്യയിലെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഭാഷകളെ, ആ ഭാഷ സംസാരിക്കുന്നവരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും രേഖപ്പെടുത്തിവെക്കുകയാണ് അതിന്റെ ലക്ഷ്യം.
2025-ലെപാരീ സീനിയർ ഫെലോഷിപ്പിന്റെ കീഴിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്.
പരിഭാഷ: രാജീവ് ചേലനാട്ട്
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/in-gurez-home-is-not-where-the-word-is-ml

