“ഭൂദാനം പദ്ധതിയിൽ ഞങ്ങൾ ഭിലാലകൾക്ക് കിട്ടിയ 33 ഏക്കർ കൃഷിഭൂമി കൈയ്യേറിയതിന് ബഞ്ജാരകൾക്കെതിരേ ഒക്ടോബർ 29-ന് ഗാൽസിംഗ് പരാതി നൽകി. അവർ അവിടെ കുടിൽ കെട്ടി താമസം തുടങ്ങിയിരുന്നു. പരാതി നൽകിയതിൽ ക്ഷുഭിതരായ ബഞ്ജാരകൾ രണ്ട് ദിവസത്തിനുശേഷം ഗാൽസിംഗിനെ ക്രൂരമായി മർദ്ദിക്കുകയും, ഇൻഡോറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാൽസിംഗ് ഒരു മാസത്തിനുശേഷം മരിക്കുകയും ചെയ്തു. ഞങ്ങൾ അധികാരികളോട് ഒന്നിലധികം തവണ പരാതി പറഞ്ഞെങ്കിലും, ഗ്രാമത്തിലെ ശക്തരായ ചിലരുടെ സ്വാധീനംമൂലം നടപടിയൊന്നും ഉണ്ടായില്ല.” ഇരുകൂട്ടർക്കും അവകാശമുണ്ടെന്ന് പറയാനാവാത്ത ഒരു തുണ്ട് സ്ഥലത്തെച്ചൊല്ലിൽ 2024-ൽ ഗുണയിലെ പൻഹതി ഗ്രാമത്തിലെ രണ്ട് സമുദായക്കാർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് ഓർമ്മിക്കുകയായിരുന്നു കല്ലു ഭിലാല. ആ സംഭവത്തിൽ അയാൾക്കും പരിക്ക് പറ്റിയിരുന്നു.
ഗാൽസിംഗിൻ്റെ മരണത്തെത്തുടർന്ന്, ഭിലാല ആദിവാസികളും ഭഞ്ജാര സമുദായവും തമ്മിൽത്തമ്മിൽ ഏറ്റുമുട്ടി. 10 ബഞ്ജാര വീടുകൾ അഗ്നിക്കിരയായി. ഇരുസമുദായത്തിലേയും പലരും ഭവനരഹിതരായി. നിരവധിയാളുകൾ ഭയന്ന് ഗ്രാമമുപേക്ഷിച്ച്, തുറസ്സായ സ്ഥലത്ത്, തണുത്തുവിറയ്ക്കുന്ന രാത്രി ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടി.
“ഞങ്ങളുടെ പൂർവ്വികർക്ക് ഭൂദാൻ പട്ടയം കിട്ടിയിരുന്നു,” 2024-ൻ്റെ തുടക്കത്തിൽ കണ്ടപ്പോൾ, 46 വയസ്സുള്ള ഗാൽസിംഗ് ഭിലാല ഈ റിപ്പോർട്ടറോട് പറഞ്ഞു. “അവരിവിടെ 50-55 വർഷം മുമ്പ് പാർപ്പുറപ്പിച്ചു. ഭൂസ്വാമിത്വ പട്ട എന്നാണ് ഈ പട്ടയങ്ങൾ അറിയപ്പെടുന്നത്. എന്നാൽ, വർഷങ്ങൾക്കുശേഷവും ഇതിൻ്റെ ഉടമസ്ഥാവകാശം ഞങ്ങൾക്ക് കിട്ടിയില്ല. ഈ മേഖലയിലെ ഭിൽ, ഭിലാല (ഭിൽ സമുദായത്തിലെ ഒരു ഉപവിഭാഗം), സഹാരിയ ആദിവാസികളുടെ നീറുന്ന പ്രശ്നമാണ് ഇത്. ഈ ബാർമോരി തെഹ്സിലിലെ പല ആദിവാസികളുടേയും കൃഷിഭൂമികൾ ദബാംഗുകൾ (സവർണ്ണവിഭാഗത്തിലെ ജന്മികൾ) കൈയ്യടക്കിയിട്ടുണ്ട്.”
“നിരവധി ഭൂദാന പട്ടയങ്ങൾ, ഗ്രാമ ഖസ്ര (ലാൻഡ് പാർസൽ നമ്പർ) കീഴിലാണ് വരുന്നത്. മറ്റുള്ളവർ അത് കൈയ്യേറി. ഇന്നേ ദിവസംവരെ ആ ഭൂമി ഞങ്ങൾക്ക് അളന്ന് തിട്ടപ്പെടുത്തിത്തരാൻ പട്വാരിക്കോ തഹസിൽദാർക്കോ സാധ്ച്ചിട്ടില്ല.” റവന്യൂ ഉദ്യോഗസ്ഥർ പ്രക്രിയ പൂർത്തിയാക്കാത്തതിനാൽ, സമുദായങ്ങൾ നിരന്തരം സംഘർഷത്തിലാണ്. സ്വന്തം ജീവൻ നഷ്ടമാവുന്നതിന് മാസങ്ങൾക്ക് മുമ്പ്, ഗാൽസിംഗ് ഇത് വിവരിച്ചുതന്നിരുന്നു.
തിളയ്ക്കുന്ന, അതീവസങ്കീർണ്ണമായ ഭൂസംഘർഷങ്ങളും വിവിധ അടരുകളുള്ള പ്രശ്നങ്ങളുമാണ് ഇത്തരം എല്ലാ സംഘർഷങ്ങൾക്ക് പിന്നിലും ഉള്ളത്. ആദിവാസികളെ മറ്റ് ആദിവാസികൾക്കെതിരെ മാത്രമല്ല, ജീവിതസാഹചര്യം അത്ര മെച്ചമൊന്നുമല്ലാത്ത മറ്റ് പിന്നാക്കവിഭാഗങ്ങൾക്കും (ഒ.ബി.സി.) മുന്നാക്കസമുദായത്തിലെ ജന്മിമാർക്കും വനംവകുപ്പുദ്യോഗസ്ഥർക്കും, രാഷ്ട്രീയക്കാർക്കുമെതിരെ അത് മുഖാമുഖം നിർത്തി.
2022-ൽ ഇത്തരം സംഘർഷങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചതുമുതൽ ഈ റിപ്പോർട്ടർ ആദിവാസി ഭൂമിയെച്ചൊല്ലിയുള്ള നിരവധി സംഘർഷങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. മധ്യ പ്രദേശിലെ ഗുണയിലെ ധനോരിയ ഗ്രാമത്തിലെ രാംപ്യാരിയെ അയാളുടെ കൃഷിഭൂമിയിലിട്ട്, മുന്നാക്കസമുദായത്തിലെ ജന്മിമാർ ജീവനോടെ തീയിട്ട് കൊന്നു.
അതും, സ്വന്തം ഭൂമിക്കായുള്ള 20 വർഷം നീണ്ട നിയമയുദ്ധത്തിൽ അവർ വിജയിച്ച് അധികകാലം കഴിയുന്നതിന് മുന്നേ. ഭൂമിക്കുവേണ്ടിയുള്ള ഇത്തരം അക്രമസംഭവങ്ങൾ പിന്നീടും പലപ്പോഴും നടന്നു. ഇന്നും അത് തുടരുന്നു.















