2023 ഏപ്രിൽ 30-ന് ഹിമാലയത്തിലെ ദൌലാധാർ മലനിരകളിൽ സ്ഥിതിചെയ്യുന്ന ധർമ്മശാല (ധറംശാല എന്നും അറിയപ്പെടുന്നു) പട്ടണം അതിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രൈഡ് മാർച്ചിന് സാക്ഷ്യം വഹിച്ചു.
"ഈ വീട് നിനക്കും എനിക്കും അവനും അവൾക്കും അവർക്കും അവകാശപ്പെട്ടതാണ്" എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി, മാർച്ചിൽ അണിനിരന്നവർ പ്രധാന മാർക്കറ്റിൽനിന്ന് ധർമ്മശാലയിലെ ടിബറ്റൻ അധിവാസപ്രദേശമായ മക്ക്ലിയോഡ്ഗഞ്ജിലുള്ള ദലൈലാമ ടെമ്പിൾവരെ നടന്നു. മാർച്ച് പിന്നീട് പട്ടണത്തിലെ തിരക്കേറിയ അങ്ങാടിയായ കോത്ത്വാലി ബാസാറിൽ തുടർന്നു. എൽ.ജി.ബി.ടി.ക്യൂ.ഐ.എ. പ്ലസ് സമൂഹത്തിന് പിന്തുണയറിയിച്ചുകൊണ്ട് ധർമ്മശാലയിൽ നടന്ന ആദ്യത്തെ ഈ പൊതുകൂട്ടായ്മായിൽ പങ്കെടുത്തവരിൽ പലരും സംസ്ഥാനത്തെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുംനിന്നുള്ളവരായിരുന്നു.
"അജീബ് (വിചിത്ര പ്രകൃതമുള്ളവർ) എന്ന വാക്ക് ഞങ്ങൾ അഭിമാനത്തോടെയാണ് ഉപയോഗിക്കുന്നത്," പ്രൈഡ് മാർച്ചിന്റെ സംഘാടകരിലൊരാളും ഹിമാചൽ ക്വീർ ഫൗണ്ടേഷന്റെ സഹസ്ഥാപകനുമായ ഡോൺ ഹസർ പറയുന്നു. “ക്വീർ സ്വത്വം വിശദീകരിക്കാൻ നമ്മൾ ഇംഗ്ലീഷ് വാക്കുകളാണ് ഉപയോഗിക്കുന്നത്, എന്നാൽ ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷാഭേദങ്ങളിലും അതിനെക്കുറിച്ച് എങ്ങനെയാണ് സംസാരിക്കുക?" എന്തുകൊണ്ടാണ് ഈ വാക്ക് തിരഞ്ഞെടുത്തതെന്ന് വിശദീകരിച്ചുകൊണ്ട് ആ മുപ്പത് വയസ്സുകാരൻ കൂട്ടിച്ചേർക്കുന്നു. "പ്രാദേശിക ഭാഷാഭേദങ്ങളിലുള്ള പാട്ടുകളും കഥകളും ഉപയോഗിച്ചാണ് ഞങ്ങൾ ക്വീർ സ്വത്വത്തെക്കുറിച്ചും ഫ്ലൂയിഡിറ്റിയെക്കുറിച്ചും സംസാരിക്കുന്നത്."
മാർച്ചിൽ പങ്കെടുത്ത 300-ഓളം ആളുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്നെത്തിയവരാണ്. ഡൽഹി, ചണ്ഡീഗഡ്, കൊൽക്കത്ത, മുംബൈ, ഹിമാചലിലെതന്നെ ചെറുപട്ടണങ്ങൾ എന്നിങ്ങനെ പലയിടങ്ങളിൽനിന്നായി വളരെ കുറഞ്ഞ സമയംകൊണ്ട് സംഘടിച്ചെത്തിയവരാണവർ. പ്രൈഡ് മാർച്ചിൽ പങ്കെടുത്ത, ഷിംലയിൽനിന്നുള്ള സർവ്വകലാശാലാ വിദ്യാർത്ഥിയായ ഇരുപത് വയസ്സുകാരൻ ആയുഷ് പറയുന്നു," ഇതിനെക്കുറിച്ച് (ക്വീർ അനുഭവത്തെക്കുറിച്ച്) ഇവിടെ (ഹിമാചൽ പ്രദേശിൽ) ആരും സംസാരിക്കുന്നില്ല." സ്കൂൾ സമയങ്ങളിൽ ശൗചാലയം ഉപയോഗിക്കാൻ ആയുഷ് ഏറെ ബുദ്ധിമുട്ടിയിരുന്നു. "ക്ലാസ്സിലെ ആൺകുട്ടികൾ എന്നെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഓൺലൈനായി ഈ കൂട്ടായ്മയിൽ എത്തിപ്പെട്ടപ്പോൾ ഒരിക്കലും തോന്നാത്ത ഒരു സുരക്ഷിതത്വം എനിക്കനുഭവപ്പെട്ടു. എന്നെ മനസ്സിലാക്കുന്ന ഒരു കൂട്ടം ആളുകളോടത്ത് സമയം ചിലവിടാനുള്ള അവസരം എനിക്ക് ലഭിച്ചു."
ഈ വിഷയത്തിൽ കൂടുതൽ സംഭാഷണങ്ങൾ കോളേജിൽ പ്രോത്സാഹിപ്പിക്കാനായി, ഒരു അധ്യാപകന്റെ മേൽനോട്ടത്തിൽ തുറന്ന സംവാദസദസ്സുകൾ സംഘടിപ്പിക്കുകയാണ് ആയുഷ്. ലിംഗഭേദത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മനസ്സിലാക്കാനും തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പങ്കുവെക്കാനും ആളുകൾ ഈ സദസ്സുകളിൽ പങ്കെടുക്കുന്നു.
























