പുലിറ്റ്സർ സെൻ്ററിൻ്റെ പിന്തുണയോടെ പാർത്ഥ് എം.എൻ. നടത്തുന്ന പരമ്പരയിലെ ഒരു കഥ.
ഗുരുതരമായ മാനസിക പ്രശ്നങ്ങളുള്ള മകളുടെ ചികിത്സയ്ക്ക് ഒരു മാന്ത്രികപ്രതിവിധി തേടി 75 വയസ്സുള്ള അസ്മ ഖാൻ 100 കിലോമീറ്ററിലധികം സഞ്ചരിച്ചു. 12 വർഷം കഴിഞ്ഞിട്ടും ഇന്നും ആ അമ്മയും മകളും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.
മഹാരാഷ്ട്രയിലെ മറാത്ത്വാഡ പ്രദേശത്തെ സംബാജി നഗറിലുള്ള (മുമ്പ് ഔറംഗബാദ്) ഗ്രാമത്തിൽ, കൂലിപ്പണിക്കാരുടെ കുടുംബത്തിൽ ജനിച്ച ഫാത്തിമയുടെ കുട്ടിക്കാലം പ്രശ്നഭരിതമായിരുന്നു. ഇടയ്ക്കിടയ്ക്ക് തലചുറ്റി വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്യാറുണ്ടായിരുന്നു അവൾ. രോഗം കലശലായതോടെ അക്രമാസക്തമാവുകയും ചെയ്തു.
“ഡോക്ടറുമാരുടെയടുത്ത് കയറിയിറങ്ങി വർഷങ്ങൾ ചിലവഴിച്ചു. അവളെ ചികിത്സിക്കാൻ ഞങ്ങളുടെ കന്നുകാലികളെ വിറ്റു. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അവളുടെ സ്ഥിതി മോശമായിക്കൊണ്ടിരുന്നു. അവൾക്ക് സ്ഥലകാലബോധം നഷ്ടപ്പെടുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി,” അസ്മ പറയുന്നു.
അങ്ങിനെ ഒരു ദിവസം, ഫാത്തിമയ്ക്ക് ആരെയും തിരിച്ചറിയാൻ കഴിയാതെയായി. കടുത്ത വിഷാദത്തിലേക്ക് അവർ വീണു.
മുപ്പതുകളുടെ തുടക്കത്തിലെത്തിയ സ്ത്രീയായിരുന്നു. രക്ഷകർത്താക്കളുടെ മുന്നിലെ എല്ലാ വഴിയും അടഞ്ഞു. അടുത്ത നേരത്തെ ഭക്ഷണം എങ്ങിനെ ഒപ്പിക്കും എന്ന് ആധിപിടിച്ചിരുന്ന അച്ഛനും അമ്മയ്ക്കും ഇത് മറ്റൊരു കനത്ത പ്രഹരമായി.
“അവൾ വസ്ത്രമെല്ലാം വലിച്ചുകീറും. എങ്ങിനെ അവളെ നിയന്ത്രിക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു,” അസ്മ ഓർമ്മിച്ചു. അപ്പോഴാണ് ഒരു അയൽക്കാരൻ വേറിട്ട ഒരു നിർദ്ദേശം മുന്നോട്ടുവെച്ചത്.
അവരുടെ സ്വന്തം ഗ്രാമത്തിൽനിന്ന് 100 കിലോമീറ്റർ അകലെ മറ്റൊരു ഗ്രാമമുണ്ട്. 117 വർഷം പഴക്കമുള്ള ഒരു മന്ദിരം സ്ഥിതിചെയ്യുന്ന ഗ്രാമം. 19-ആം നൂറ്റാണ്ടിൻ്റെ അവസാനകാലത്ത്, ഹസ്രത്ത് ഹാജി അബ്ദുർ റഹ്മാൻ ഷാ എന്ന പേരുള്ള സൈലാനി ഷാ ബാബ പിംപ്ഗാംവ് സരായ് ഗ്രാമത്തിലെത്തി എന്നാണ് ഐതിഹ്യം. വിദർഭ മേഖലയിലെ ബുൽഠാണ പട്ടണത്തിൽനിന്ന് 20 കിലോമീറ്റർ ദൂരത്താണ് ആ ഗ്രാമം. “ചെകുത്താൻ കൂടിയ’വരെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നത്. അദ്ദേഹം മരിച്ച 1908-ൽ അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി ഒരു ദർഗ അവിടെ നിർമ്മിക്കുകയും ചെയ്തു.
അതിൽപ്പിന്നെ എല്ലാ മാർച്ച് മാസത്തിലും ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന വാർഷിക ഉറൂസ് ആഘോഷം അവിടെ നടക്കുന്നു.









