ഗോപാൽനഗറിലെ ഒരു ചെറിയ സന്താൾ വീട്ടിലെ മൺചുമരിൽ ഒരു കാട് വളരുകയാണ്. മേൽക്കൂരയിലൂടെ വളരുന്ന ഒരു മരം, വീടിനോട് ചേർന്നുള്ള വേപ്പുമരത്തിൻ്റെ തണൽക്കുടയുമായി ഇഴുകിച്ചേരുന്നുണ്ട്. ഒരു പുള്ളിമാൻ അതിൻ്റെ കുട്ടിയോടൊത്ത് ഓടിക്കളിച്ചിരുന്ന വഴിയിൽ, ചെറിയ പൂക്കളും വലിയ ചിത്രശലഭങ്ങളും നിരന്നിരിക്കുന്നു. വളരെ വലുതായി വരച്ച ബുൾബുൾ, തത്തകൾ, വായാടിപ്പക്ഷികൾ, ചെറിയ കുട്ടുറുവൻ പക്ഷിച്ചിത്രങ്ങളുടെ ചിറകുകളിൽ കടുംനിറങ്ങൾ ചാലിച്ചിരിക്കുന്നു. സമീപത്തുള്ള ഇലംബാസാർ കാടിൽ കാണുന്ന ഈ പക്ഷികൾ, ചുവരിൻ്റെ മുഷിപ്പൻ വെള്ളയുടെ പശ്ചാത്തലത്തെ ജീവസ്സുറ്റതാക്കുന്നു.
ചുവരിലെ ഈ ജീവികളുടെ പറക്കലുകളോ, അഥവാ, ആ പ്രതീതിയോ ഒന്നും 75 വയസ്സുള്ള ചുർകി തുഡുവിനെ അലട്ടുന്നില്ല. മേയ് മാസത്തെ അകാലത്തിൽ പെയ്യുന്ന മഴ തകരമേൽക്കൂരയിലുണ്ടാക്കുന്ന സംഗീതവും. എന്നാൽ, ചിത്രപ്പണികളുള്ള പുറംചുമരിന് അരികിലൂടെ നടന്നുപോകുന്ന ഞങ്ങളുടെ കാലടി ശബ്ദം കളിമണ്ണിലെ കാന്തപോലെ വ്യാപിക്കുന്നുണ്ട്.
ഇലംബാസാർ ബ്ലോക്കിലെ ഈ ഗ്രാമവഴികളിലെമ്പാടും ഇരുവശങ്ങളിലും ഇത്തരം സന്താൾ കുടിലുകൾ കാണാൻ കഴിയും. അതിലൂടെ കടന്നുപോവുമ്പോൾ, പുറംചുമരുകളിലെ ആ ചുവർച്ചിത്രകല ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
“ഇപ്പോഴത്തെ കുട്ടികളൊക്കെ ഫോണിൽനിന്നും പത്രങ്ങളിൽനിന്നുമാണ് ഡിസൈനുകൾ ചെയ്യുന്നത്. ഞങ്ങളുടെയൊക്കെ കാലത്ത് അതൊക്കെ എവിടെ? ഞങ്ങൾ പാടത്തുനിന്ന് കുറച്ച് ചളിയെടുത്ത് നിറം കലക്കിയൊഴിച്ച്, ചുവരിൽ തേയ്ക്കും,” മുറിയിൽനിന്ന് പുറത്തിറങ്ങി, വീടിൻ്റെ പ്രവേശനസ്ഥലത്തേക്ക് എത്തുമ്പോൾ ചുർകി തുഡു പറയുന്നു. വീട്ടുചുവരിലെ അലങ്കാരച്ചിത്രങ്ങൾ ഫോട്ടോ എടുക്കാൻ ഗ്രാമത്തിൽ പതിവായെത്തുന്ന ജിജ്ഞാസുക്കളായ സന്ദർശകരോട് സംസാരിച്ച് തഴക്കം വന്ന ആയാസത്തോടെയായിരന്നു അവരുടെ സംസാരം.
ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ കാത്തുനിൽക്കാതെത്തന്നെ, ഞങ്ങൾക്ക് താത്പര്യമുണ്ടെന്ന് അവർക്ക് തോന്നിയ വിഷയത്തിലേക്ക് അവർ നേരിട്ട് കടന്നു. “വെളുത്ത കളിമണ്ണ്, ചുവന്നത്, ഖാഡിതേൽ (ചട്ടിയിൽനിന്ന് ചുരണ്ടെയെടുത്ത എണ്ണ കൂട്ടിയുണ്ടാക്കിയത്) – അതൊക്കെയായിരുന്നു നിറങ്ങൾ.” ഒന്ന് നിർത്തി വീണ്ടും അവർ തുടർന്നു. “ആദ്യം, ചുവരിൽനിന്ന് പഴയ കളിമണ്ണിൻ്റെ ആദ്യത്തെ അടര് ചെത്തിക്കളയും. പിന്നെ പുതിയൊരു അടർ കളിമണ്ണ് ചുവരിൽ തേച്ചുപിടിപ്പിക്കും. പിന്നെ മറ്റൊരു അടരും. ഒടുവിൽ, ചുവരിൻ്റെ നാലതിരുകൾക്കും ഖരിമാട്ടി (ചുണ്ണാമ്പ്, അല്ലെങ്കിൽ ചോക്ക്) കൊണ്ട് നിറംകൊടുക്കും.
പൂർബ ബർദ്ധ്മാൻ അകുലിയ ഗ്രാമത്തിലെ വീട്ടിലെ കുട്ടിക്കാലത്തെക്കുറിച്ച് അവർക്ക് ഗൃഹാതുരത്വമുണ്ട്. എന്നാൽ സന്താൾ സമുദായത്തിൻ്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളെക്കുറിച്ചും, പുതിയ തലമുറ അതുമായി പൊരുത്തപ്പെടുന്ന രീതിയെക്കുറിച്ചുമൊക്കെ അവർ ബോധവതിയുമാണ്. മകളോടൊപ്പം ഗോപാൽനഗറിലാണ് അവർ താമസം. ബോൽപുരിൽനിന്ന് ഇലംബാസാർ കാടിലേക്ക് പോകുന്ന വഴിയിൽ, ശ്രീനികേതൻ റോഡിൻ്റെ ഇടതുഭാഗത്തുള്ള ഗ്രാമത്തിലെ 304 വീടുകളിൽ ഒന്നാണ് അവരുടേത്.


















