രണ്ടാഴ്ചയായി ബാലോ മാഞ്ജിയും മറ്റ് ഒമ്പത് നിർമ്മാണത്തൊഴിലാളികളും അസാധാരണമായ ഒരു ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു. അടുത്തുള്ള കാടുകളിൽനിന്ന് വിറക് ശേഖരിക്കുന്ന ജോലി.
“മൂന്നോ നാലോ ദിവസം കൂടുമ്പോൾ, രാവിലെ അഞ്ച് മണിക്ക് ഞങ്ങൾ പുറപ്പെടും. ഉച്ചയാവുമ്പോഴേക്കും ഓരോരുത്തരും 10-12 കിലോഗ്രാം വിറകുമായി മടങ്ങും,” ബിഹാറിലെ നളന്ദ ജില്ലയിലെ ആർപ പഞ്ചായത്തിലെ തൻ്റെ വീട്ടിലെ കയറ്റുകട്ടിലിലിരുന്ന് 55 വയസ്സുള്ള ബാലോ പറയുന്നു.
“ആ കൊണ്ടുവന്ന വിറകുകൊണ്ട്, 10 പേർക്ക് മൂന്നോ നാലോ ദിവസത്തേക്കുള്ള ഭക്ഷണം പാചകം ചെയ്തിരുന്നു. എന്നാൽ, ചോറും പച്ചക്കറിയും പയർ വർഗ്ഗങ്ങളും മാത്രമേ ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളു. കാരണം മൂന്ന് വിഭവങ്ങളുണ്ടാക്കണമെങ്കിൽ കൂടുതൽ വിറക് വേണം,” അദ്ദേഹം പറയുന്നു.
തമിഴ്നാട്ടിലെ ചെന്നൈയിലെ പ്രധാന ഉൾപ്പട്ടണമായ താംബരത്തെ നിർമ്മാണ സൈറ്റിലെ തങ്ങളുടെ ദിവസങ്ങളെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം
ലിക്വിഫൈഡ് പെട്രോളിയം ഗാസ് (എൽ.പി.ജി) പ്രതിസന്ധിക്ക് ബാലൊവും കൂടെയുള്ള കുടിയേറ്റത്തൊഴിലാളികളും കണ്ടുപിടിച്ച ഈ താത്കാലിക പരിഹാരം രണ്ടാഴ്ചയേ നിലനിന്നുള്ളു. “വിറക് കണ്ടെത്തൽ എല്ലായ്പ്പോഴും സാധ്യമല്ല,” ബോലോ പറയുന്നു.








