"ആരാണ് ഹിന്ദു, ആരാണ് മുസൽമാൻ എന്ന് ചൂണ്ടിക്കാട്ടാൻ ബുദ്ധിമുട്ടാണ്".
68 വയസ്സായ മുഹമ്മദ് ഷബ്ബീർ ഖുറേഷി തന്നെക്കുറിച്ചും, അയൽക്കാരനായ 52 വയസ്സുള്ള അജയ് സൈനിയെക്കുറിച്ചുമാണ് ഇത് പറഞ്ഞത്. അയോദ്ധ്യാ നിവാസികളും 40 വർഷമായി ആത്മസുഹൃത്തുക്കളുമായ അവരിരുവരും രാംകോട്ടെ ദുരാഹി കുവാൻ പ്രദേശത്തുകാരാണ്.
പരസ്പരം ആശ്രയിക്കുന്നവരും സന്തോഷവും സങ്കടവും ഒരുമിച്ച് പങ്കിടുന്നവരുമാണ് അവരുടെ കുടുംബങ്ങൾ. "ഒരിക്കൽ ഞാൻ ജേലി സ്ഥലത്തായിരുന്ന സമയത്ത് എന്റെ മകൾക്ക് അസുഖം വന്നപ്പോൾ ഖുറേഷിയും കുടുംബവും അവളെ ആശുപത്രിയിൽ കൊണ്ടുപോയി എന്ന് ഭാര്യ വിളിച്ചുപറഞ്ഞു", അജയ് സൈനി ഓർമ്മിക്കുന്നു.
അവരിരിക്കുന്ന സ്ഥലത്തിന്റെ പിൻവശത്ത് എരുമകളും ആടുകളും പത്തുപന്ത്രണ്ട് കോഴികളും മേയുന്നുണ്ടായിരുന്നു. ആ രണ്ട് കുടുംബങ്ങളിലേയും കുട്ടികളും അവിടെ മതിമറന്നുള്ള കളിചിരിവർത്തമാനങ്ങളിലായിരുന്നു.
ജനുവരി 2024-ന് രാമക്ഷേത്രം വലിയ രീതിയിലുള്ള ഒരു ഉദ്ഘാടനത്തിന് തയ്യാറെടുക്കുമ്പോൾ, ഇരുമ്പിന്റെ കനത്ത ഇരട്ടമുൾവേലികൾ അവരുടെ വീടുകൾക്കും ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുമിടയിൽ നിലകൊണ്ടു.
80-കളിൽ ഖുറൈഷിയുടെ കുടുംബത്തിന്റെ സമീപത്തേക്ക് സൈനിയുടെ കുടുംബം വീട് മാറുന്ന സമയത്ത് സൈനി കൗമാരപ്രായക്കാരനായിരുന്നു. അന്ന് ബാബറി മസ്ജിദായിരുന്ന പ്രദേശത്തുണ്ടായിരുന്ന രാമവിഗ്രഹത്തെ സന്ദർശിക്കാൻ വരുന്നവർക്ക് പൂക്കൾ വിറ്റിരുന്നു സൈനി.
ഖുറേഷിയുടെ കുടുംബം യഥാർത്ഥത്തിൽ അറവുകാരായിരുന്നു. അയോധ്യയുടെ വെളിയിൽ ഒരു കടയുമുണ്ടായിരുന്നു അവർക്ക്. 1992-ന് ശേഷമുണ്ടായ കലാപത്തിൽ അവർക്ക് ആ സ്ഥാപനം നഷ്ടമാവുകയും കുടുംബം ഒരു വെൽഡിങ് സ്ഥാപനം ആരംഭിക്കുകയും ചെയ്തു.
















