മാച്ചിവല ഗ്രാമത്തിലെ ജനങ്ങൾ എനിക്ക് ഒരു കപ്പ് ചായ തന്നിരുന്നു.അതുണ്ടാക്കാനായുള്ള സാധനങ്ങൾ ദുരിതാശ്വാസത്തിന്റെ ഭാഗമായി വിതരണം ചെയ്തവരായിരുന്നു.രവി നദി, അതിന്റെ കരകൾ കവിഞ്ഞൊഴുകി ഉണ്ടായ ഘോരമായ പ്രളയങ്ങളിൽ അവർക്കവരുടെ വീടുകൾ നഷ്ടമാവുകയും,അവരുടെ പാടങ്ങൾ ചെളിയിലും വെള്ളത്തിലുമായി നിറയുകയും ചെയ്തു. വെള്ളത്തിനിടയിൽ ഒറ്റപ്പെട്ടുപോയ അവരിപ്പോൾ താൽക്കാലികമായ ടെന്റുകളിലാണ് അതിജീവിക്കുന്നത്.
ഓഗസ്റ്റിലെ പ്രളയത്തിൽ അവർക്ക് ഏറെക്കുറെ എല്ലാം നഷ്ടപ്പെട്ടു.
സരബ്ജീത് കൗർ മാച്ചിവല ഗ്രാമത്തിലെ റാംദാസ് ബ്ലോക്കിന് പുറത്ത് തന്റെ താത്കാലിക കൂരയിൽ ഇരിക്കുകയാണ്. പ്രളയത്തിൽ തകർന്ന് ഒഴുകിപ്പോകുന്നതിനുമുന്നേ അവരുടെ വീടുണ്ടായിരുന്നത് അവിടെയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ വഴിത്തിരിവ് വിവരിക്കുമ്പോഴും കൗർ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.
"ഞങ്ങൾ രാത്രി മൊത്തവും ബണ്ടുകൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയായിരുന്നു". പതിനെട്ടുകാരി പാരിയോട് പറയുന്നു. "ഓഗസ്റ്റ് 27 രാവിലെ 6 മണിക്ക് ഗുരുദ്വാരയിലെ ലൗഡ്സ്പീക്കറിൽനിന്നും അനൗൺസ്മെൻ്റുണ്ടായി - അത് കേട്ടപാടെ ഗ്രാമത്തിലെ എല്ലാവരും അന്യോന്യം ആ വാർത്ത അറിയിച്ചു – മണ്ണുകൊണ്ട് ഉണ്ടാക്കിയ ചിറ പൊട്ടിപ്പോയിരിക്കുകയാണ് എന്ന്. ഞങ്ങളെല്ലാവരും അഭയത്തിനായി ഉയരമുള്ള പ്രദേശങ്ങളിലേക്ക് ഓടിപ്പോയി."
അമൃത്സറിലെ ഒരു ചെറിയ ഗ്രാമമാണ് മാച്ചിവല. 2011-ലെ സെൻസസ് പ്രകാരം ഏകദേശം 1,186 ആളുകളാണ് ഗ്രാമത്തിലുള്ളത്. മുഖ്യമായും ജാട്ട് സിഖ്, റായ് സിഖ് സമുദായങ്ങളിൽനിന്നുള്ളവർ. അതിലെ റായ് സിഖ് സമുദായം, പഞ്ചാബിലെ പട്ടികജാതിസമുദായക്കാരാണ്. സ്വന്തമായുള്ള ചെറിയ നിലങ്ങളിൽ കൃഷി ചെയ്തും, മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള പാടങ്ങളിൽ കൃഷിപ്പണി ചെയ്തുമൊക്കെയാണ്, മുഖ്യമായും ഇവിടുത്തെ ദളിത് കുടുംബങ്ങൾ ജീവിച്ചുപോകുന്നത്.
കൃഷിപ്പണി മാത്രം ഉപജീവനമാർഗ്ഗമായുള്ള, ഭൂരഹിതരായ റായ് സിഖുകാരാണ് സരബ്ജിത്തിന്റെ കുടുംബം. കർഷകത്തൊഴിലാളിയായിരുന്ന അവളുടെ അമ്മ ആറുമാസം മുൻപ് മരിച്ചുപോയി. അവളുടെ അച്ഛൻ അപസ്മാരരോഗിയായതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് ചേട്ടന്മാരും അനുജത്തിയും അടങ്ങുന്ന കുടുംബത്തിലെ എല്ലാവരും കൂലിപ്പണിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്.
മൂന്നു നാലു ദിവസങ്ങളോളം ഗ്രാമം മൊത്തം പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു എട്ടടിയോളം ഉയർന്നിരുന്നു ജലനിരപ്പ്. അതിൽ കർഷകത്തൊഴിലാളികളുടെ ചെറിയ വീടുകൾ തകർന്നുപോവുകയും, കൊയ്യാൻ പാകമായി നിന്നിരുന്ന ഖാരിഫ് നെൽപ്പാടങ്ങൾ ചെളി നിറഞ്ഞ് പൂർണ്ണമായും നശിച്ചുപോവുകയും ചെയ്തു.
വലിയ യൂക്കാലിപ്റ്റസ് മരങ്ങൾ കടപുഴകി വീണു. അത്രയും രൂക്ഷമായിരുന്നു പ്രളയം.
















