പച്ചമുളകുപാടത്ത് ഞങ്ങളുടെ പെണ്മക്കൾ കരയുന്നു
അച്ഛാ, അങ്ങ് പോയി ഞങ്ങൾക്ക് പറ്റിയ ആളെ കണ്ടെത്തൂ,
എനിക്കുവേണ്ടി, താലി കെട്ടൂ, അവൾ പറയുന്നു
ഞങ്ങൾ പരസ്പരം കണ്ടു അച്ഛാ,
എനിക്കയാളെ വിവാഹം ചെയ്തുതരൂ,
പച്ചമുളകുപാടത്ത് ഞങ്ങളുടെ പെണ്മക്കൾ കരയുന്നു
അച്ഛാ, അങ്ങ് പോയി ഞങ്ങൾക്ക് പറ്റിയ ആളെ കണ്ടെത്തൂ,
അവൾ പറയുന്നു
പാട്ട് പാടുമ്പോൾ ലഖേശ്വരി ബായി ഖാരിയ മറ്റൊരു ലോകത്തുചെന്നെത്തുന്നു. കണ്ണുകൾ താഴ്ത്തി, കൈയ്യിൽ പിടിച്ചിരിക്കുന്ന മൈക്രൊഫോണിലേക്ക് കണ്ണയച്ച് പാടുകയായിരുന്നു അവർ. അവർക്കതൊരു പുത്തൻ അനുഭവമായിരുന്നു. ഞങ്ങൾ അത് റെക്കോർഡ് ചെയ്യുമ്പോൾ, അവരുടെ ചുറ്റുമുള്ളവർക്ക്, അവർ ആ ഭാഷയിൽ സംസാരിക്കുകയും പാടുകയും ചെയ്യുന്നതിൽ വിശേഷിച്ച് ഒരു താത്പര്യവും ഇല്ലെന്ന് മനസ്സിലായി. എന്നാൽ ഓരോ വാക്കും ഉച്ചരിക്കുമ്പോൾ, അവരുടെ മനസ്സ് നിമിഷാർദ്ധംകൊണ്ട്, `160 കിലോമീറ്റർ അകലെയുള്ള റായ്ഗഢിലേക്ക് സഞ്ചരിക്കുകയായിരുന്നു. അവരുടെ കുട്ടിക്കാലത്തെ നിറച്ചിരുന്നത്, ഈ വാക്കുകളും ശബ്ദങ്ങളുമായിരുന്നു.
“ആരോടാണ് ഞാനിനി സംസാരിക്കുക? എന്റെ നാത്തൂന്മാരൊന്നും ഇപ്പോഴില്ല.. ഞാൻ കുട്ടികളോട് പറയാറുണ്ട്, ‘എന്നോട് നിങ്ങളുടെ മാതൃഭാഷയിൽ സംസാരിക്കൂ, എന്നിൽനിന്ന് അത് പഠിക്കൂ’ എന്ന്. പക്ഷേ ഈ കുട്ടികളുണ്ടോ അതൊക്കെ കേൾക്കുന്നു? പേരക്കുട്ടികളെ വിടൂ. ഈ ഗ്രാമത്തിൽ, ഖഡിയ സംസാരിക്കുന്ന ഒരേയൊരാൾ ഞാൻ മാത്രമാണ്,” പാട്ടൻദാദറിൽനിന്നുള്ള 55 വയസ്സായ ആ ആദിവാസി സ്ത്രീ വേദന മുറ്റിയ ശബ്ദത്തിൽ പറയുന്നു.
ഇപ്പോൾ 60 വയസ്സായ ബുധുവ ഖഡിയയുമായുള്ള വിവാഹത്തിനുശേഷമാണ് ‘ജുണ’ എന്ന പേരിൽ അറിയപ്പെടുന്ന ലഖേശ്വരി ബായി, മഹാസാമുന്ദ് ജില്ലയിലെ ഈ ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയത്. സർക്കാരിൽനിന്ന് കിട്ടിയ കഷ്ടിച്ച് രണ്ടേക്കർ സ്ഥലത്തുനിന്ന് കാര്യമായ വരുമാനമൊന്നുമില്ലാത്തതിനാൽ, ഈ ദമ്പതികൾ കർഷകത്തൊഴിലാളികളായും ജോലി ചെയ്യുന്നു. “റായ്ഗഢിൽനിന്ന് ഞാൻ വന്നപ്പോൾ, നാത്തൂന്മാരോട് ഖഡിയയിലാണ് സംസാരിച്ചിരുന്നത്. ഇപ്പോൾ അവരൊക്കെ പോയി. എനിക്ക് ആ ഭാഷയിൽ സംസാരിക്കാൻ ആരുമില്ലാതെയുമായി,” ലഖേശ്വരി പറയുന്നു. “എനിക്ക് വാക്കുകൾ കൃത്യമായി ഉച്ചരിക്കാൻ അറിയാത്തതുകൊണ്ട് ഞാൻ ആ ഭാഷയിൽ സംസാരിക്കാറില്ല,” ലഖേശ്വരിയുടെ ഭർത്താവ് ബുധുവ പറയുന്നു. ഇവിടെ ഭരിക്കുന്നത്, ചത്തീസ്ഗഢി ഭാഷയാണ്. ഈ ഭാഷ ആർക്കാണ് മനസ്സിലാവുക?”




