ഞങ്ങളോടൊപ്പം ഇന്റേൺ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ വർഷവും കുട്ടികൾ ഞങ്ങൾക്ക് എഴുതാറുണ്ട്. ഈ വർഷം ഇന്റേണുകളുടെ എണ്ണത്തിൽ റിക്കാർഡായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ, വിവിധ വിഷയങ്ങളെക്കുറിച്ച് ഇന്റേൺ ചെയ്യാൻ അവസരമാവശ്യപ്പെട്ട് ഞങ്ങൾക്കെഴുതി. മുംബൈയിൽ ടാറ്റ ഇൻസ്റ്റിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസസ്, ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റി, സോണിപാട്ടിലെ അശോക യൂണിവേഴ്സിറ്റി, പുണെയിലെ ഫ്ലേം യൂണിവേഴ്സിറ്റി, രാജസ്ഥാനിലെ സെൻട്രൽ യൂണിവേഴ്സിറ്റി തുടങ്ങി ധാരാളം സ്ഥാപനങ്ങളിൽനിന്നുള്ളവർ.
കഴിഞ്ഞ ചില വർഷങ്ങളായി ഞങ്ങളുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. വലിപ്പത്തിലും സാധ്യതയിലും. പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും കൂട്ടിച്ചേർത്തിട്ടുമുണ്ട് അവയിൽ. എന്നിരിക്കിലും, ലക്ഷ്യത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. നമ്മുടെ കാലത്തിന്റെ പ്രശ്നങ്ങളെ - അസമത്വങ്ങൾ, അനീതികൾ, പാർശ്വവത്ക്കരണം മറ്റുള്ളവ - കണ്ടെത്തുകയും അവയുമായി ഇടപെടുകയും ചെയ്യുക എന്നതാണത്.
പാർശ്വവത്കൃതരും ഗ്രാമീണരുമായ സമുദായങ്ങളെക്കുറിച്ച് ഗവേഷണം നടത്താനും, അഭിമുഖം നടത്താനും, എഴുതാനും, പുന:പരിശോധിക്കാനും, ചിത്രങ്ങളും സിനിമകളും എടുക്കാനും, കഥകൾക്ക് ചിത്രങ്ങൾ വരയ്ക്കാനും മറ്റും പാരി ഇന്റേണുകൾക്ക് നിലത്തിറങ്ങി അദ്ധ്വാനിക്കേണ്ടിവരും. ഹിമാചാൽ പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത്, അരുണാചൽ പ്രദേശ്, തമിഴ് നാട്, ഒഡിഷ, മഹാരാഷ്ട്ര, കേരള, ജമ്മു & കശ്മീർ തുടങ്ങിയ വിവിധ നാടുകളിൽനിന്ന് അവർ കഥകളയച്ചുതന്നിട്ടുണ്ട്.
ലൈബ്രറി റിപ്പോർട്ടുകളിലും, ഫിലിം, വീഡിയോ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലും അവർ ജോലി ചെയ്തു. പരിഭാഷ നടത്താനും, അവശ്യഘട്ടങ്ങളിൽ അവർ സഹായിച്ചിട്ടുണ്ട്.
ലിംഗപരമായ അസമത്വം എന്ന മേഖലയെക്കുറിച്ച് അന്വേഷണം നടത്താനും റിപ്പോർട്ട് ചെയ്യാനുമാണ് മിക്ക വിദ്യാർത്ഥികളും താത്പര്യപ്പെട്ടത്. അതാണവർ ചെയ്തതും.
അധ്യേതാ മിശ്രയുടെ ശൌചസകര്യങ്ങളില്ലാതെ അദ്ധ്വാനിക്കുമ്പോൾ എന്ന റിപ്പോർട്ട്, പശ്ചിമ ബംഗാളിലെ ചായത്തോട്ടങ്ങളിൽ അദ്ധ്വാനിക്കുന്ന സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും, സ്ത്രീകളായിപ്പോയതുമൂലം അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സൂക്ഷ്മമായി വിവരിക്കുന്നു. ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ അന്ന് താരതമ്യ സാഹിത്യം പഠിച്ചുകൊണ്ടിരുന്ന അധ്യേതയ്ക്ക് ആ എസ്റ്റേറ്റുകളുടേയും തൊഴിലാളികളുടേയും വിവരങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടിവന്നു, അവരുടെ തൊഴിലിനെ ബാധിക്കാതിരിക്കാൻ.






