2023 ഓഗസ്റ്റിൽ അഫിയ ഖാതൂന്റെ പാട്ട് പെട്ടെന്ന് ജനശ്രദ്ധ പിടിച്ചുപറ്റി.
ആകസ്മികമായാണ് അത് സംഭവിച്ചത്. X (മുമ്പ് ട്വിറ്റർ) എന്ന സാമൂഹികമാധ്യമം ഉപയോഗിച്ചിരുന്ന ഒരാൾ അവരുടെ ഒരു വീഡിയോ പങ്കുവെച്ചു. അതിൽ, ഖതൂൻ, അസമിലെ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിമുകളുടെ നാട്ടുമൊഴിയിൽ പാട്ട് പാടുന്നതാണ് ഉണ്ടായിരുന്നത്. അവരുടെ കൂടെ അവരുടെ രണ്ടാന്മക്കളും, ഒരാൾ ദോതാരയും (ബംഗാളി നാടൻപാട്ടിൽ ഉപയോഗിക്കുന്ന രണ്ട് കമ്പികളുള്ള ഒരു തന്ത്രിവാദ്യം) മറ്റയാൾ ധോലും (ചെണ്ട) വായിക്കുന്നുണ്ടായിരുന്നു വീഡിയോയിൽ.
പാട്ടിലെ വരികൾ ഇതായിരുന്നു.
ആളുകൾ ഓരോരോ പൊലീസ് സ്റ്റേഷനുകളിൽ കൂട്ടമായി പരാതി സമർപ്പിക്കുന്നു; അവർ പറയുന്നു, ഹിമാന്ത സർക്കാർ കുറ്റവാളിയാണെന്ന്.
ആളുകളെ ഉപദ്രവിക്കുകയാണ്. ഹിമാന്തയുടെ പീഡനം കാണൂ.
ഇനിയും ഇത് സഹിക്കാൻ ജനങ്ങൾക്കാവില്ല.
ഇനിയുമെത്രനാൾ ഞങ്ങളെ നിങ്ങൾ ഉപദ്രവിക്കുമെന്ന് പറയാമോ?
ഇനിയുമെത്രനാൾ ഞങ്ങളെ നിങ്ങൾ ഉപദ്രവിക്കുമെന്ന് പറയാമോ?
ശൈശവവിവാഹം തടയുന്നതിന്റെ പേരിൽ, സംസ്ഥാനവ്യാപകമായി തന്റെ മുസ്ലിം സമുദായത്തിലെ ആളുകളെ അസം മുഖ്യമന്ത്രി ഹിമാന്താ ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രതികരണമായിരുന്നു അതെന്ന് അവർ ഞങ്ങളോട് പറയുന്നു.
“ഞങ്ങളുടെ സമുദായം മൊത്തം അനുഭവിക്കുന്ന ദുരിതത്തിൽനിന്നും ആഴത്തിലുള്ള രോഷത്തിൽനിന്നും ഉയർന്നുവന്ന പാട്ടാണ് അത്.” ബാല്യവിവാഹം അടിച്ചമർത്തുന്നതിനായി 2023 ഫെബ്രുവരിയിൽ ആരംഭിച്ച ആദ്യത്തെ നടപടിയുടെ ഭാഗമായി, അസമിൽ, 3,900-ലധികം ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷവും നൂറുകണക്കിനാളുകൾ അകത്തായി. അവരിൽ വലിയൊരു ഭൂരിപക്ഷവും ബംഗാളി മുസ്ലിമുകളായിരുന്നു.










