"ഞങ്ങളുടെ ഗ്രാമത്തിൽ പെൺകുട്ടികൾക്ക് തീരെ സുരക്ഷിതത്വമില്ല. രാത്രി എട്ടോ ഒൻപതോ മണി കഴിഞ്ഞാൽ അവർ വീട് വിട്ട് പുറത്തിറങ്ങാറില്ല," ശുക്ല ഘോഷ് പറയുന്നു. പശ്ചിമ മേദിനിപ്പൂരിലെ കുവാപൂർ ഗ്രാമത്തെയാണ് അവർ പരാമർശിക്കുന്നത്. "പെൺകുട്ടികൾ വലിയ ഭയപ്പാടിലാണ്. അതേസമയം, പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവർ തിരിച്ചറിയുന്നുമുണ്ട്."
ഘോഷും കുവാപൂരിൽനിന്നുള്ള പെൺകുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും ജോലിക്കാരുമാണ്, കൊൽക്കത്തയിലെ ആർ.ജി കർ ഹോസ്പിറ്റലിൽവെച്ച് യുവതിയായ ട്രെയിനി മെഡിക്കൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പശ്ചിമ ബംഗാളിലുടനീളമുള്ള ഗ്രാമങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നും കഴിഞ്ഞയാഴ്ച നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
2024 സെപ്റ്റംബർ 21-നു നടന്ന പ്രതിഷേധമാർച്ച് മധ്യ കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽനിന്ന് തുടങ്ങി ഏകദേശം 3.5 കിലോമീറ്റർ അകലെയുള്ള ശ്യാം ബജാറിലാണ് അവസാനിച്ചത്.
കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകി അതിവേഗം നീതി നടപ്പിലാക്കുക, കൊൽക്കത്തയിലെ പോലീസ് കമ്മീഷണർ രാജിവെക്കുക, (ഡോക്ടർമാരുടെ പ്രതിഷേധത്തിലും ഉയർന്ന ഈ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്), ആരോഗ്യവും കുടുംബക്ഷേമവും, ആഭ്യന്തരം, ഹിൽ അഫയേഴ്സ് തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മമതാ ബാനർജി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.












