“ഒരു പരീക്ഷയ്ക്കോ ഒരു ജോലിക്കോ വേണ്ടിയാണ് ഞങ്ങൾ പ്രകടനത്തിനെത്തിയത് എന്നാണ് ആളുകൾ കരുതുന്നത്. അങ്ങിനെയല്ല. ഞങ്ങളുടെ ഭാവിക്ക് വിലയുണ്ടെന്ന് വിശ്വസിക്കാൻ ഓരോ വർഷം കഴിയുന്തോറും ബുദ്ധിമുട്ടാവുന്നതുകൊണ്ടാണ് ഞങ്ങൾ വന്നത്,” ചോട്ടു യാദവ് പറയുന്നു.
ആ 27 വയസ്സുകാരൻ രണ്ട് ദിവസം, ഒരു തീവണ്ടിയുടെ ജനറൽ കമ്പാർട്ടുമെൻ്റിൽ തിങ്ങിഞെരുങ്ങിയിരുന്നാണ് ബിഹാറിൽനിന്ന് ദില്ലിയിലേക്കെത്തിയത്. “ഞങ്ങളുടെ ഗ്രാമങ്ങളിലെ ചെറുപ്പക്കാർക്ക്, ഒന്നുകിൽ ജോലിയന്വേഷിച്ച് പുറംനാടുകളിലേക്ക് പോവുകയോ, അല്ലെങ്കിൽ കാലാകാലം കാത്തിരിക്കുകയോ ചെയ്യേണ്ടിവരുന്നു,” ചോട്ടു പറയുന്നു.
“ചലോ പാർലമെൻ്റ്!” എന്ന ആഹ്വാനം നടത്തിയത് കോക്രോച്ച് ജനതാ പാർട്ടിയാണ് (സി.ജെ.പി). 2026 ജൂലായ് 20-ന് പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം നടക്കുമ്പോൾ, ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആശങ്കകൾ അവിടെ ഉയർത്തുക എന്നതായിരുന്നു ആ പ്രകടനംകൊണ്ട് ലക്ഷ്യമിട്ടത്.
ഇപ്പോൾ ആ പ്രക്ഷോഭം സി.ജെ.പി. പ്രതീക്ഷിച്ചതിലുമധികമായി, രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.
തുടർച്ചയായ ഉത്തരക്കടലാസ് ചോർച്ച, തൊഴിലില്ലായ്മയിലേക്കും, സർക്കാർ ജോലികൾ വൈകുന്നതിലേക്കും, പ്രതിഷേധക്കാർ പറയുന്നതുപോലെ, രാഷ്ട്രീയ സംവിധാനത്തിലും പൊതുസ്ഥാപനങ്ങളിലുമുള്ള വിശ്വാസത്തകർച്ചയിലേക്കുമുള്ള വലിയ പ്രതിഷേധമായി വളരുകയായിരുന്നു. ചുരുങ്ങുന്ന തൊഴിലവസരങ്ങൾ, ഗ്രാമങ്ങളിൽനിന്നുള്ള വർദ്ധിച്ചുവരുന്ന കുടിയേറ്റം, തങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള നയരൂപീകരണങ്ങളിൽനിന്ന് - ചെറുപ്പക്കാർ, പ്രത്യേകിച്ചും ഗ്രാമീണ ഇന്ത്യയിൽനിന്നുള്ളവർ ഒഴിവാക്കപ്പെടുന്നത്, ഈ ആശങ്കകളൊക്കെ ഉറക്കെ വിളിച്ചുപറയാനുള്ള വേദിയായി മാറുകയായിരുന്നു ആ പ്രതിഷേധം.
“ഗ്രാമങ്ങളിൽനിന്നുള്ള എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് ഭാവിയിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ ദില്ലിയിലേക്ക് വന്നത്,” പാലിയിലെ സർക്കാർ മെഡിക്കൽ കൊളേജിൽ അവസാനവർഷ വിദ്യാർത്ഥിയായ 25 വയസ്സുള്ള ധീരം പറയുന്നു. സുഹൃത്തും, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയുമായ 24 വയസ്സുള്ള അശു റാമിൻ്റെ കൂടെയാണ് ധീരം, 15 മണിക്കൂർ യാത്ര ചെയ്ത്, ജൂലായ് 19-ന് ഇവിടെയെത്തിയത്.


























