ഏപ്രിലാണ് ഏറ്റവും കരുണയുള്ള മാസമെന്ന് കൃഷ്ണ റാണി വിശ്വസിച്ചിരുന്നു. പഞ്ചാബിലെ വിളവെടുപ്പ് കാലത്തിനുശേഷം, കൈകൊണ്ടുണ്ടാക്കുന്ന അവരുടെ കുട്ടകൾക്ക് – ഛാജ് എന്നാണ് അവയെ വിളിക്കുക - വീണ്ടും ആവശ്യക്കാർ വരുന്നത് അപ്പോഴായിരുന്നു. അപ്പോഴാണ് വരുമാനം കൂടുന്നതും, ആത്മവിശ്വാസവും അവരുടെ സ്വാശ്രയബോധവും സാധാരണയായി വർദ്ധിക്കുന്നതും
17 വർഷങ്ങളായി, ഏപ്രിൽ മാസത്തിൽ കൃഷ്ണ റാണിയുടെ ദിനചര്യകൾ ഒരേ മട്ടിലായിരുന്നു. രാവിലെ 5 മണിക്ക് ദിവസം തുടങ്ങും. 6 മണിയോടെ, ഫാസിൽക ജില്ലയിലെ അവരുടെ താഹ്ലി വാല ബോഡല ഗ്രാമത്തിൽനിന്ന് ബസ് കയറും. തലയിൽ ഒരു കെട്ട് കുട്ടകൾ വെച്ച്, അടുത്തുള്ള ഗ്രാമങ്ങളിലൊക്കെ അവ വിറ്റ്, അവർ ദിവസം ചിലവഴിക്കും.
പ്രായമായ സ്ത്രീകൾ അവരെ സ്വീകരിക്കുന്നത് സ്ഥിരം ശൈലിയിലാണ്. “ഹേ പെണ്ണേ, നീ എങ്ങോട്ടാണ് കുട്ടയുംകൊണ്ട്. ഇന്നത്തെ കാലത്തെ ചെറുപ്പക്കാരികൾക്ക് അത് പിടിക്കാൻപോലും അറിയില്ലല്ലോ,” അവർ ചോദിക്കും
അവരുടെ വാക്കുകളും, കുട്ട ആവശ്യമുള്ളവർ കുറഞ്ഞുവരുന്നതുമൊന്നും അവരെ നിരാശയാക്കാറില്ല. ഈ തൊഴിൽ ഉപേക്ഷിക്കണമെന്ന് ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഒരിക്കൽപ്പോലും അവർ ചിന്തിച്ചിട്ടില്ല. “ഞാനെന്തിന് ഉപേക്ഷിക്കണം? എനിക്ക് ഭക്ഷണം തരാൻ ആരുമില്ലാതിരുന്നപ്പോൾ എന്നെ ജീവിപ്പിച്ചത് ഇതായിരുന്നു,” കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യമായി ഞാനവരെ കണ്ടപ്പോൾ അവർ പറഞ്ഞതാണ്. വീടിൻ്റെ മുമ്പിലിരുന്നുകൊണ്ട്. അടുത്ത സീസണിലേക്കുള്ള കുട്ടകൾ നെയ്യുന്ന തിരക്കിലായിരുന്നു അവർ.



























