കേരളത്തിൽ 9-ആം ക്ലാസ് കുട്ടികൾ അവരുടെ മലയാളഭാഷാ ചോദ്യപേപ്പർ തുറന്നപ്പോൾ അതിൽ അവർ ഒരു കവിത കണ്ടു. തനിച്ചിരിക്കുമ്പോൾ എന്ന കവിത. ഒരാൾ ഒറ്റയ്ക്കിരിക്കുമ്പോഴുണ്ടാവുന്ന നിശ്ശബ്ദതയും ഒറ്റപ്പെടലും തെളിമയുമാണ് അതിൽ. പി.എ.സേബ എന്ന ഒരു യുവകവയിത്രിയെയാണ് തങ്ങൾ വായിക്കുന്നതെന്ന്, സംസ്ഥാനത്ത് പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് കൗമാരപ്രായക്കാർക്ക് അറിയില്ലായിരുന്നു.
അതേവർഷം 2023-ൽ സേബ മറ്റൊരു പുസ്തകവും പ്രസിദ്ധീകരിച്ചു, ചിന്തകളും, കവിതകളും, ദൃശ്യാവിഷ്കാരങ്ങളും സമാഹരിച്ച, വിരൽപ്പഴുതിലെ ആകാശങ്ങൾ എന്ന കവിത. ഇതിലും അവർ എഴുതിയത്, സ്പൈനൽ മസ്കുലർ അട്രോഫിയിൽ (എസ്.എം.എ) കഴിയുന്ന തൻ്റെ ജീവിതത്തെക്കുറിച്ചാണ്, പേശികളെ ദുർബ്ബലമാക്കുന്ന, അപൂർവ്വമായ ഒരു ജനിതക അവസ്ഥയാണ് അത്. ചികിത്സയില്ലാത്ത ഒന്ന്. എസ്.എം.എ. രോഗികൾക്ക് ശരീരത്തിലുള്ള അവരുടെ നിയന്ത്രണം നഷ്ടപ്പെടുകയും ശ്വാസോച്ഛ്വാസംപോലും ട്യൂബിലൂടെ ചെയ്യേണ്ടിവരികയും ചെയ്യും.
ഈ എഴുത്തുകാരി വർഷങ്ങളായി തൻ്റെ മുറി വിട്ട് പുറത്തേക്ക് പോയിട്ടില്ലെന്ന്, പരീക്ഷയെഴുതുന്ന കുട്ടികളോ, ദൂരെദിക്കിലുള്ള വായനക്കാരോ അറിയുന്നില്ല. ശ്വാസകോശത്തിൽ ഒരു കുഴലിട്ട് കിടക്കയിൽ കിടന്നുകൊണ്ടാണ് അവൾ ആ വരികൾ കുറിച്ചത്. ആറുവർഷത്തിലധികമായി സേബ ഒരു ട്രാക്കിയോസ്റ്റൊമി ട്യൂബിലൂടെയാണ് ശ്വസിക്കുന്നത്. നടക്കാനോ, എഴുന്നേറ്റിരിക്കാനോ, അനായാസമായി ഭക്ഷണം ഇറക്കാനോ അവൾക്കാവില്ല.
തൻ്റെ സർഗ്ഗപ്രപഞ്ചം എഴുതാൻ ഒരു മൊബൈൽ ഫോണിനെയാണ് 27 വയസ്സുള്ള സേബ ആശ്രയിക്കുന്നത്. 2018-മുതൽ അവർ ഓൺലൈനിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ആയാസത്തോടെ, ഒരു അഞ്ചിഞ്ച് മൊബൈൽ സ്ക്രീനിൽ വിരലമർത്തിക്കൊണ്ട്.
സാമൂഹികമാധ്യമത്തിലെ അവരുടെ എഴുത്ത് പി.വേണുഗോപാലാണ് ആദ്യം ശ്രദ്ധിച്ചത്. “അവരുടെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ട്,” തിരുവനന്തപുരം ആസ്ഥാനമായ ആ പത്രപ്രവർത്തകൻ പറയുന്നു. “നൂറ് വർഷമായി ജീവിച്ചിരുന്നിട്ടും മൃദുത്വം മാറാത്ത ഒരാളെപ്പോലെയാണ് അവർ എഴുതുന്നത്.” വല്ലാതെ ക്ഷീണിക്കുമ്പോൾ വേണുഗോപാലാണ് എഴുത്തുകൾ ടൈപ്പ് ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്നത്. “മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ മനോഹരമായി അവർ എഴുതുന്നു. അവർ ക്ഷീണിക്കുമ്പോൾ ഞാനെൻ്റെ വിരലുകൾ കടംകൊടുക്കുന്നു എന്നുമാത്രം.”
പ്രതീക്ഷകളെക്കുറിച്ചുള്ള അവരുടെ ട്രാപ്പ്ഡ് ഇൻ എ കേജ്, ബട്ട് വേഡ്സ് ബ്രേക്ക് ഫ്രീ (കൂട്ടിലകപ്പെട്ടിട്ടും വാക്കുകൾ രക്ഷപ്പെടുന്നു) എന്ന കുറിപ്പ്, 2023-ലെ പുതുവത്സരദിനത്തിൽ ടെലഗ്രാഫിൽ പ്രസിദ്ധീകൃതമായി. ഫേസ്ബുക്കിൽ ഈ കുറിപ്പ് കണ്ട എഡിറ്റർ ആർ. രാജഗോപാൽ അത് ടെലഗ്രാഫിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ചു. അധികം താമസിയാതെ, അവരുടെ മലയാളം രചനകൾ, വിരൽപ്പഴുതിലെ ആകാശങ്ങൾ എന്ന പേരിൽ സമാഹരിച്ചു. 2023 ജനുവരിയിൽ, കേരളത്തിൻ്റെ വ്യവസായ മന്ത്രി പി. രാജീവ് ആ പുസ്തകം എറണാകുളം പ്രസ്സ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. വീട്ടിലെ തൻ്റെ മുറിയിലിരുന്ന്, അമ്മയുടെ ഫോണിൽ സേബ അത് കൺനിറയെ കണ്ടു.
“അവൾ പറഞ്ഞുകൊണ്ടിരുന്നു, ‘നോക്ക് അമ്മേ, എൻ്റെ ആകാശം മറ്റുള്ളവരിലേക്ക് എത്തുന്നു’,” അവരുടെ അമ്മ സബീറ പാരിയോട് പറഞ്ഞു.










