തൻ്റെ മൂന്ന് ആടുകൾ ഓരോന്നും മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയതിൽ ഹുസ്ൻ ആരയ്ക്ക് അത്യാഹ്ലാദം തോന്നി. ആ വർഷം ഒക്ടോബറിൽ ആറെണ്ണവും, ഒരുദിവസം മുമ്പ് മൂന്നെണ്ണവുമാണ് പിറന്നത്. സ്വന്തമായി പാൽ കുടിക്കാൻ അവയ്ക്ക് ആയിട്ടില്ല. അതിനാൽ ഹുസ്ൻ ആരയാണ് അവയെ പാൽ കുടിക്കാൻ സഹായിക്കുന്നത്. അവ വളർന്നുകഴിഞ്ഞാൽ, തനിക്ക് വരുമാനമാർഗ്ഗമാവുമെന്ന് അവർക്കറിയാം.
ബിഹാറിലെ സീതാമാർഗി ജില്ലയിലെ ബജ്പട്ടി ബ്ലോക്കിലെ ബാഡി ഫുൽവാരിയ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. പഞ്ചായത്തിലെ ഏകദേശം 5,700 താമസക്കാരിൽ മിക്കവരും ദരിദ്രരും ഭൂരഹിത കർഷകരും, തട്ടിമുട്ടി കൃഷി ചെയ്യുന്നവരുമാണ്. ഹുസ്ൻ ആര അവരിലൊരുവളാണ്.
വളരെ ചെറുപ്രയത്തിൽത്തന്നെ സഹോദരബന്ധുവായ മൊഹമ്മദ് ഷബ്ബീറുമായുള്ള അവരുടെ വിവാഹം കഴിഞ്ഞു. അഞ്ച് വർഷം മുമ്പ് അയാൾ ഹൈദരബാദിലെ ഒരു തോൽസഞ്ചി നിർമ്മാണ യൂണിറ്റിൽ ജോലിക്ക് പോയി. അതിനുമുമ്പ് അയാളും ഒരു കർഷകത്തൊഴിലാളിയായിരുന്നു. “മാസത്തിൽ 5,000 രൂപ കിട്ടുന്നുണ്ട് അദ്ദേഹഠിന്. വീട്ടിലേക്ക് 2,000 രൂപ അയയ്ക്കും. അവിടത്തെ ജീവിതച്ചിലവ് കാരണം പൈസ അയയ്ക്കുന്നത് വല്ലപ്പോഴുമൊക്കെയാണ്,” ഹുസ്ൻ ആര പറയുന്നു.







