വൈരുദ്ധ്യങ്ങളുടെ അരങ്ങാണ് തിരക്കുള്ള നിഗംബോധം ഘട്ട്. യമുനയിലേക്കിറങ്ങുന്ന അതിൻ്റെ പടവുകളിൽ കുടുംബങ്ങൾ ചടങ്ങുകൾ അനുഷ്ഠിക്കുന്നു, പുരോഹിതന്മാർ മന്ത്രങ്ങൾ ചൊല്ലുന്നു, മുങ്ങിക്കുളിക്കാനായി വെള്ളത്തിലേക്കിറങ്ങുന്ന ആളുകൾ. ദേശാടനപ്പക്ഷികളെ, അവ നാട് വിടുന്നതിനുമുമ്പ്, ഫോട്ടോയിലാക്കാൻ ബോട്ടുകളിൽ സഞ്ചരിക്കുന്ന സഞ്ചാരികൾ. ദൂരത്തുനിന്ന് നോക്കിയാൽ എല്ലാം നിർമ്മലമായ ഒരു കാഴ്ചപോലെ തോന്നിക്കും.
അപ്പോഴാണ് പുഴയുടെ ദുർഗന്ധം മുഖത്തടിക്കുക.
“വെള്ളം വെറും അഴുക്കാണ്. അതിലേക്ക് ഒരു മീനിനെ തുറന്നുവിട്ടാൽ, അത് ചത്ത് പൊങ്ങുന്നത് കാണാം,” തലസ്ഥാന നഗരിയിലെ ഈ സുപ്രധാന ഘട്ടിലെ ബോട്ടുകാരനായ അഭിനന്ദൻ യാദവ് പറയുന്നു.












