മോനയുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. ഒരു കൈയ്യിൽ അവർ ചൂടാക്കിയ ഒരു ദണ്ഡ് പിടിച്ചിട്ടുണ്ട്. മറുകൈയ്യിൽ പൊള്ളയായ ഒരു മുളന്തണ്ടും. മുറിയിൽ പുക നിറഞ്ഞിരിക്കുന്നു. കണ്ണുകൾ അടച്ചുകൊണ്ടുതന്നെ അവർ ആ ദണ്ഡുപയോഗിച്ച്, മുളന്തണ്ടിൽ സുഷിരമുണ്ടാക്കുന്നു. വീണ്ടും ഒരു സുഷിരം കൂടി. പിന്നെ വീണ്ടും ഒന്ന്. മൊത്തം ആറ് സുഷിരങ്ങൾ.
കണ്ണുകൾ തുറന്നുകൊണ്ട് അവർ പറയുന്നു, “ഒരു ബാംസുരി നിർമ്മിക്കാൻ വൈദഗ്ദ്ധ്യം വേണം. കൂടുതലെണ്ണമുണ്ടാക്കാൻ വേഗതയും”. എന്നിട്ട്, ചിരിച്ചുകൊണ്ട് ഇത്രയുംകൂടി ചേർത്തു, “ആണുങ്ങൾക്ക് ഇത് പറ്റില്ല. അദ്ധ്വാനമുള്ള പണിയാണ്!”
കുടുംബത്തിൽ, ബാംസുരി ഉണ്ടാക്കുന്ന മൂന്നാമത്തെ തലമുറക്കാരിയാണ് മോന (ഈ പേര് ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്). “ബാംസുരി വൾരെ ലളിതമാണ്. അതേസമയം സങ്കീർണ്ണവും,” 35 വയസ്സുള്ള അവർ പറയുന്നു. “സുഷിരങ്ങളില്ലെങ്കിൽ അവ വെറും മുളന്തണ്ട് മാത്രമാണ്. കൃത്യമായ സുഷിരങ്ങൾ ഇട്ടാൽ അവയിൽ ഗാനമാധുരി നിറയും. കൃഷ്ണഭഗവാൻ്റെ അടയാളമാണ് ഇത്.”
കുമ്മായം തേക്കാത്ത മുറിയിൽ, ചൂടായ കൽക്കരി നിറച്ച ഒരു അടുപ്പിനടുത്ത്, ഇരിക്കുകയാണ് അവർ. ജനലിലൂടെ, സൂര്യപ്രകാശം അകത്ത് വീഴുന്നുണ്ട്. പുറത്ത്, ആകാശത്ത് പട്ടങ്ങൾ പറക്കുന്നു.













