ഗുൽമാർഗ് കാണാനെത്തുന്ന സഞ്ചാരികളെ സ്വന്തം സ്ലെഡ്ജിൽ മഞ്ഞ് മൂടിയ കുന്നിൻചെരിവുകളിലൂടെ ചുറ്റിക്കാണിക്കാനായി തയ്യാറെടുപ്പുകൾ നടത്തി കാത്തിരിക്കുകയായിരുന്നു അബ്ദുൾ വഹാബ് ഠോക്കർ. എന്നാൽ, 2024 ജനുവരി 24-നു ഠോക്കർ നിരാശാഭരിതനായി തന്റെ വണ്ടിയുടെ മുകളിലെ ആ ദാരുണ ദൃശ്യത്തിലേക്ക് നോക്കി ഇരുന്നു - മഞ്ഞ് ഒട്ടും ഇല്ലാതെ, തവിട്ട് നിറത്തിൽ കിടക്കുന്ന ഭൂമി.
"ഇത് ചില-ഇ-കലാൻ (ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിനങ്ങൾ) ആയിട്ടുപോലും ഗുൽമാർഗിൽ മഞ്ഞില്ല," ആ 43 വയസ്സുകാരൻ സംഭ്രമത്തോടെ പറയുന്നു. 25 വർഷം മുൻപ് സ്ലെഡ്ജ് വലിക്കുന്ന ജോലി ചെയ്ത് തുടങ്ങിയതിനുശേഷം താൻ ഇങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നും ഭയം തോന്നുകയാണെന്നും അദ്ദേഹം പറയുന്നു. "ഈ അവസ്ഥ തുടർന്നാൽ, ഞങ്ങൾ അധികം വൈകാതെ കടത്തിലാകും."
കേന്ദ്രഭരണ പ്രദേശമായ ജമ്മു ആൻഡ് കാശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള പ്രശസ്ത സുഖവാസ കേന്ദ്രമാണ് ഗുൽമാർഗ്. ഇവിടത്തെ മഞ്ഞ് മൂടിയ കൊടുമുടികൾ കാണാൻ എല്ലാ വർഷവും ലോകത്തെമ്പാടുനിന്നും ദശലക്ഷക്കണക്കിന് സഞ്ചാരികൾ എത്താറുണ്ട്. നാട്ടുകാരായ 2,000-ത്തോളം ആളുകളും ( 2011-ലെ സെൻസസ്) ഠോക്കറിനെപ്പോലെ ജോലിയ്ക്കായി ഇവിടേയ്ക്ക് യാത്ര ചെയ്യുന്നവരും അടങ്ങുന്ന പ്രാദേശിക സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ, ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖല പ്രധാന പങ്ക് വഹിക്കുന്നു.
ബാരമുള്ളയിലെ കലാൻതാർ ഗ്രാമവാസിയായ ഠോക്കർ, ജോലി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിത്യേന പ്രാദേശിക ഗതാഗതമാർഗ്ഗങ്ങൾ ഉപയോഗിച്ച് 30 കിലോമീറ്റർ യാത്ര ചെയ്ത് ഇവിടെ എത്തുന്നത്. "ഇന്നിപ്പോൾ ഒരു കസ്റ്റമർ വന്നാൽപ്പോലും, സ്ലെഡ്ജിന് നീങ്ങാൻ വേണ്ട മഞ്ഞില്ലാത്തത് കാരണം 150-200 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ," അദ്ദേഹം പറയുന്നു. "(നേരത്തെ മഞ്ഞുരുകിയുണ്ടായ) വെള്ളം ഉറഞ്ഞുകിടക്കുന്ന ഭാഗങ്ങളിലൂടെ യാത്രക്കാരെ കൊണ്ടുപോകുക മാത്രമേ ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാനുള്ളൂ."
"ശൈത്യകാലത്ത് ഗുൽമാർഗ് സഞ്ചാരികൾക്ക് ഒരു 'മാസ്മരിക അനുഭവം' സമ്മാനിക്കുന്നു" എന്നാണ് ജമ്മു ആൻഡ് കാശ്മീരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്. "മഞ്ഞിന്റെ വെളുത്ത കമ്പളം പൊതിഞ്ഞുനിൽക്കുന്ന ഗുൽമാർഗ് സ്കീയർമാരുടെ പറുദീസയാണ്. അധികമാരും കടന്നുചെന്നിട്ടില്ലാത്ത, പ്രകൃതിജന്യമായ ഇവിടത്തെ കുന്നിൻചെരിവുകൾ വിദഗ്ധരായ സ്കീയർമാർക്കുപോലും വെല്ലുവിളി ഉയർത്തുന്നു!'"













