വേനൽക്കാലത്തെ അലസമായൊരു ഉച്ചസമയമായിരുന്നു അത്. എൻ്റെ 80 വയസ്സുള്ള അമ്മൂമ്മ കുസും വാൻകുണ്ഡ്രെ തൊട്ടടുത്ത് ഒരു കസേരയിലിരുന്ന് തോറൻ (ചിത്രപ്പണികളുള്ള കർട്ടൻ) തയ്ച്ച് സ്വയം ആസ്വദിക്കുകയായിരുന്നു. കൊളേജ് അവധി ആഘോഷിക്കുകയായിരുന്നു ഞാനും. പുറത്തിറങ്ങാൻ പറ്റാത്തത്ര ചൂട്. മുംബൈയിൽ 39.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ദിവസം. ഒരു പതിറ്റാണ്ടിലെ ഏറ്റവും കൂടിയ ചൂട്. ഉച്ചഭക്ഷണത്തിനുശേഷം ഞാൻ അമ്മൂമ്മയോടൊപ്പം നടക്കാനിറങ്ങി, അവരുടെ ഓർമ്മകളുടെ തെരുവിലൂടെ.
“ഞാൻ മഹരാഷ്ട്രയിലെ സത്താറ ജില്ലയിലെ വഡഗാംവ് എന്ന ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. വേദകാലത്ത് ആരാധിച്ചിരുന്ന 33 മൂർത്തികളെ സ്ഥാപിച്ച ഒരു ജയ്റാം സ്വാമി ക്ഷേത്രമുണ്ടായിരുന്നു അവിടെ. ആ അമ്പലത്തിൻ്റെ വലിയ പറമ്പിലാണ് ഞാൻ പഠിച്ചിരുന്ന സ്കൂളിലെ കുട്ടികൾ കളിച്ചിരുന്നത്. ക്ലാസ്സുകൾ കഴിഞ്ഞാൽ ഞങ്ങൾ ഹുടുഹുടു, കബഡി, ലംഗ്ഡി എന്നിവ കളിക്കും. നാഗപഞ്ചമി ഉത്സവദിവസം കുറച്ച് പെൺകുട്ടികൾചേർന്ന് ഫുഗാദി (ഒരു നാടോടി നൃത്തം) കളിക്കുകയും പാട്ട് പാടുകയും ചെയും. ഞാനും എൻ്റെ നാല് ചെറിയ അനുജത്തിമാരും ഇതൊക്കെ കളിച്ചുരസിച്ചിരുന്നു.
“ഏഴാം ക്ലാസ്സുവരെയുള്ള സ്കൂളായിരുന്നു അത്. അതിനുശേഷം ഞാൻ തയ്യലും നെയ്ത്തും പഠിച്ചു. കൃഷിയിലും സഹായിച്ചിരുന്നു. അച്ഛനും ഒരു കൃഷിസ്ഥലമുണ്ടായിരുന്നു. പക്ഷേ അച്ഛൻ, മുംബൈയിൽ ഒരു ഓഫീസിൽ പ്യൂണായിട്ടാണ് ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ കുടുംബം ഗ്രാമത്തിലും. സ്ഥലം ഞങ്ങളുടെ സ്വന്തമായിരുന്നു. ഇപ്പൊഴും അതുണ്ട്. എൻ്റെ സഹോദരനാണ് അത് നോക്കുന്നത്. മൂന്നേക്കർ ഇപ്പൊഴും അവിടെയുണ്ട്. അന്നത്തെ കാലത്ത്, എട്ടുപേരുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ കൃഷിസ്ഥലമായിരുന്നു അത്. ഏകദേശം 23-24 ഏക്കർ വരും. അച്ഛനും സഹോദരങ്ങളും ബന്ധുക്കളുമായിരുന്നു ഉടമകൾ.
“അവർ എട്ടുപേർ ചേർന്ന് രണ്ട് മറാത്ത തൊഴിലാളികളെ കൃഷിയിടത്തിൽ ജോലിക്ക് വെച്ചിരുന്നു. വിത്ത് നടാനും മറ്റും. - ചെറുപയർ, നിലക്കടല, വെള്ളക്കടല തുടങ്ങിയ ധാന്യങ്ങളും മുരിങ്ങ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളും അവർ അതിൽനിന്ന് വിളവെടുത്തിരുന്നു. ഈ ജോലിയൊക്കെ ചെയ്തുചെയ്ത് 20 വയസ്സായത് ഞാൻ അറിഞ്ഞതേയില്ല.
“പിന്നെ എൻ്റെ കല്യാണത്തെക്കുറിച്ചുള്ള സംസാരം തുടങ്ങി. മുംബൈയിൽനിന്ന് ഒരു ആലോചന വന്നു. എൻ്റെ കല്യാണം തീരുമാനിച്ചു. 1965-ൽ ഞങ്ങൾ മുംബൈയിലേക്ക് പോന്നു. ഞാനും അമ്മയും, അച്ഛനും, സഹൊദരങ്ങളും, അമ്മാവന്മാരും അമ്മായിമാരും എല്ലാവരും. വടഗാംവിൽനിന്ന് റഹ്മത്പുർവരെ ബസ്സിൽ, അവിടെനിന്ന് മുംബൈയിലേക്ക് രാത്രിവണ്ടിയിൽ.
“ഗ്രാമത്തിൽനിന്ന് ആദ്യമായി പുറത്തേക്കുള്ള യാത്രയായിരുന്നു. മുംബൈയിൽ അത് ആദ്യത്തേതും. നഗരത്തിലെ തിരക്ക് കണ്ട് ഞാൻ പരിഭ്രമിച്ചു. എത്തിയതിൻ്റെ രണ്ടാം ദിവസം ഞാൻ വിവാഹിതയായി. അതിനുശേഷം അന്ധേരിയിലെ ഭർത്തൃഗൃഹത്തിലേക്ക് വന്നു. എൻ്റെ ആൾ (ഭർത്താവ്) കർണ്ണാടകക്കാരനായിരുന്നു. ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ലൈൻമാൻ. ഞാൻ ആഭരണപ്പണി ചെയ്യാൻ തുടങ്ങി. താലിമാലകൾ ഉണ്ടാക്കൽ. അങ്ങിനെയാണ് വിവാഹജീവിതം ആരംഭിച്ചത്. രണ്ട് ആണ്മക്കളും ഒരു പെൺകുട്ടിയും. ഇപ്പോൾ പേരക്കുട്ടികളായി രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും.”
ഞാൻ മുത്തശ്ശിയോട് ചോദിച്ചു: “മുംബൈയുടെ പുറത്തേക്ക് പോയിട്ടുണ്ടോ?”
“ഉവ്വ്, കന്യാകുമാരി, കൊൽക്കൊത്ത, ജയ്പുർ, കാശി, കാശ്മീർ. പിന്നെ, നിൻ്റെ മുത്തച്ഛൻ്റെ കൂടെ സിംഗപ്പൂർ, നേപ്പാൾ എന്നിവിടങ്ങളിലേക്കുപോലും പോയിട്ടുണ്ട്.”
ഏറ്റവും ഇഷ്ടപ്പെട്ട യാത്ര ഏതായിരുന്നു മുത്തശ്ശീ?
“അമ്മയുടേയും അനിയത്തിയുടേയും കൂടെ കാശിക്ക് പോയത്. മുംബൈയിൽ വന്ന് 30 കൊല്ലം കഴിഞ്ഞിട്ടായിരുന്നു ആ യാത്ര. സ്ത്രീകൾ മാത്രം. എൻ്റെ നാത്തൂൻ ചിലപ്പോൾ ഇങ്ങനെ യാത്രകൾ നടത്താറുണ്ട്. എന്നോടും വരാൻ പറഞ്ഞു. ഞാൻ സമ്മതിച്ചു.”
മുത്തശ്ശൻ എന്ത് പറഞ്ഞു? മുത്തശ്ശിക്ക് പേടി തോന്നിയിരുന്നോ? ചോദിക്കാൻ കുറേ ചോദ്യങ്ങളുണ്ടായിരുന്നു എനിക്ക്. മുത്തശ്ശിയുടെ കഥകൾ പെട്ടെന്ന് ആവേശം ജനിപ്പിച്ചു. പാചകവും തുന്നലുമായി, എപ്പോഴും പുഞ്ചിരിച്ച്, കുടുംബത്തെ പരിചരിച്ച് നടന്നിരുന്ന സൗമ്യയും ദയാലുവുമായ ഒരാളായിട്ട് മാത്രമേ മുത്തശ്ശിയെ ഞാൻ അതുവരെ കണ്ടിരുന്നുള്ളൂ. എപ്പോഴും വീട്ടിനകത്ത് കഴിഞ്ഞിരുന്ന, എല്ലാ അർത്ഥത്തിലും ഗൃഹനാഥയായ ഒരു സ്ത്രീ. എന്നാലിപ്പോൾ പെട്ടെന്ന് ആ രൂപം മാഞ്ഞ്, മൂന്നര പതിറ്റാണ്ട് മുമ്പ്, സ്വന്തം അമ്മയുടേയും സഹോദരിയുടേയും കൂടെ നിർഭയമായി സാഹസികയാത്രകൾ നടത്താനിറങ്ങിയ ഒരാളുടെ ചിത്രം എനിക്ക് വെളിപ്പെട്ടു.
“ഒന്നും പറഞ്ഞില്ല, പൊയ്ക്കോളാൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ സഹോദരിയുടെ കൂടെയല്ലേ? നിങ്ങൾ സ്ത്രീകൾ മാത്രമടങ്ങുന്ന യാത്രയല്ലേ? അതുകൊണ്ട് ഞാൻ വരുന്നില്ല. പോയിവരൂ എന്ന് പറഞ്ഞു. എനിക്കും ആഗ്രഹമുണ്ടായിരുന്നു. പേടിയോ സങ്കോചമോ ഒന്നും ഉണ്ടായിരുന്നില്ല. യാത്ര പോകാൻ എന്തിന് ഭയക്കണം?
“എനിക്കന്ന് 50 വയസ്സായിരുന്നു. സഹോദരി രണ്ട് വയസ്സ് താഴെയും. അമ്മയ്ക്ക് 72 ആയിട്ടുണ്ടാവും. മുമ്പൊക്കെ സ്ത്രീകൾ തടിച്ച് ഉരുണ്ടിരുന്നു. ഇപ്പോൾ ഞങ്ങൾ അങ്ങിനെയൊന്നുമല്ല. അമ്മയ്ക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. അവസാനകാലംവരെ അവർ നടക്കുമായിരുന്നു. ഞങ്ങൾ 45 സ്ത്രീകളുണ്ടായിരുന്നു ബസ്സിൽ. 15 ദിവസത്തേക്കാണ് ബുക്ക് ചെയ്തിരുന്നത്. എൻ്റെ രണ്ടാണ്മക്കളും ചേർന്ന് യാത്രയ്ക്കായി 4,000 രൂപ തന്നു. ഞങ്ങൾ കാശി, ഉജ്ജയിൻ, മഥുര, മറ്റ് 27 തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവ കണ്ടു..”
ഞാൻ തയ്യാറായിരുന്നു. കണ്ണുകൾ മിഴിച്ച്, മറ്റൊരു മുത്തശ്ശിക്കഥ കേൾക്കാൻ തയ്യാറായി..


