പുലിറ്റ്സർ സെന്ററിന്റെ പിന്തുണയോടെ പാർത്ഥ് എം എൻ തയ്യാറാക്കിയ പരമ്പരയുടെ ഭാഗമായ സ്റ്റോറിയാണിത്.
സഹോദരൻ അയച്ച യൂട്യൂബ് ചാനൽ ലിങ്ക് കാരണം അമോൽ ഖണ്ഡേക്കറിന് അദ്ദേഹത്തിന്റെ മാസവരുമാനത്തിന്റെ ഇരട്ടിയിലധികം നഷ്ടമുണ്ടായി. അതൊരു ഓൺലൈൻ ഫിഷിങ് തട്ടിപ്പൊന്നുമല്ലായിരുന്നു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന 35-കാരനായ ഈ തൊഴിലാളി ആ ലിങ്കിലെ ദൃശ്യങ്ങൾ കണ്ടതോടെ പുലർച്ചെതന്നെ ബസിൽ യാത്ര തിരിച്ചു. തലയിൽ ചെറിയ മുഴയുള്ള 11-കാരനായ മകനും സന്ധിവേദനകളാൽ ബുദ്ധിമുട്ടുന്ന വയോധികയായ അമ്മയും ഉണ്ടായിരുന്നു കൂടെ. തകർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിലെ ഒമ്പത് മണിക്കൂർ യാത്ര അമ്മയുടെ മുട്ടുവേദന കൂടുതൽ രൂക്ഷമാക്കിയെങ്കിലും ആ യാത്ര തങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. അവരുടെയെല്ലാം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ആ യൂട്യൂബ് ചാനലിലാണെന്ന് അമോലിന്റെ സഹോദരപുത്രൻ ഉറപ്പ് നൽകിയിരുന്നു.
നെറ്റിയിൽ ഭസ്മം പൂശിയ താടിക്കാരനായ ഒരു ‘മനുഷ്യദൈവം’ ആയിരക്കണക്കിന് പേരെ അഭിസംബോധന ചെയ്യുന്ന വീഡിയോകളായിരുന്നു ആ യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. കുടുംബപ്രശ്നങ്ങൾ മുതൽ മദ്യാസക്തിവരെ, തൊഴിൽപ്രശ്നങ്ങൾ മുതൽ അർബുദംവരെ, മാനസികാരോഗ്യ പ്രശ്നങ്ങൾ മുതൽ പ്രണയജീവിതംവരെ — രാജേന്ദ്ര ഗഡ്ഗെ ‘മഹാരാജിന്റെ’ കൈയിൽ എല്ലാത്തിനും പരിഹാരമുണ്ടെന്ന് ആ ദൃശ്യങ്ങൾ അവകാശപ്പെട്ടു.
വിഷ്ണുവിന്റെ അവതാരമായി അവകാശപ്പെടുന്ന സന്യാസിയായ ദത്തയുടെ കീഴിൽ 12 വർഷത്തെ ആത്മീയപഠനം പൂർത്തയാക്കിയ ആളാണ് ഗഡ്ഗെ എന്നാണ് അദ്ദേഹത്തിന്റെ ചാനലിന്റെ വാദം. “അദ്ദേഹത്തിന്റെ സമർപ്പിത ആത്മീയതയുടെ ഫലമായി ദത്ത ഗുരു ഗഡ്ഗെ മഹാരാജിനെ അനുഗ്രഹിച്ചു,” എന്ന് ചാനലിന്റെ ‘ആമുഖ’ത്തിൽ പറയുന്നു. “മരുന്നിന്റെയും പ്രാർത്ഥനയുടെയും സഹായത്തോടെ ഭക്തരുടെ പ്രശ്നങ്ങൾ അദ്ദേഹം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്” എന്നും അതിലുണ്ട്.
‘ദത്തധാം സർക്കാർ സംഗമ്നേർ’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിന് 1,83,000 സബ്സ്ക്രൈബർമാരും ഓരോ വീഡിയോയ്ക്കും കീഴിൽ ആവേശകരമായ കമന്റുകളും ഉണ്ടായിരുന്നു. “ഇത്രയും ആളുകൾ പിന്തുടരുന്നുണ്ടെങ്കിൽ നല്ല കാര്യം ചെയ്യുന്നുണ്ടാകണം,” എന്ന് അമോലും കരുതി.










