ഗുഡ്ഗാവിലെ ബഞ്ചാര മാർക്കറ്റിലുള്ള തന്റെ കടയുടെ മുന്നിൽ നിൽക്കുകയാണ് കാൻസി റാം. അദ്ദേഹത്തിന് പുറകിൽ, മുളയിൽ കെട്ടിയുയർത്തി, ടാർപ്പായ വലിച്ചുകെട്ടിയിട്ടുള്ള ഷെഡ്ഡിലെ പരിമിതമായ സ്ഥലത്ത്, തടിയിൽ തീർത്ത പലവിധ വീട്ടുപകരണങ്ങൾ വിൽപനയ്ക്കായി അടുക്കിവെച്ചിരിക്കുന്നു. കാൻസി റാമിന്റെ ഭാര്യ ആശ അടുത്തുതന്നെയുണ്ട്. അവർ ഒരു ചെറിയ തുണിക്കഷ്ണം നനച്ച് നെറ്റിയിൽ വെക്കുകയാണ്. നേരം പുലർന്ന് അധികമായിട്ടില്ലെങ്കിലും, ഡൽഹിയിലെ കൊടുംവേനലിൽ രാവിലെ നേരങ്ങളിലെ ചൂട് പോലും അസഹനീയമാകുമ്പോൾ ഇങ്ങനെ നെറ്റിയിൽ തുണി നനച്ചിടുന്നത് ഒരാശ്വാസമാണെന്ന് അവർ പറയുന്നു.
കാൻസി റാമിനോ ആശയ്ക്കോ ചൂട് ഒരു പുതിയ കാര്യമല്ല. പരമ്പരാഗതമായി ഇരുമ്പുപണിക്കാരായ ഗാഡിയ ലോഹാർ സമുദായക്കാർ നിരന്തരം തീയിനരികെ ജോലി ചെയ്ത് ശീലിച്ചിട്ടുള്ളവരാണ്. "ഇതുപോലെ കടുത്ത ചൂടിൽനിന്നാണ് ഞങ്ങൾ ചുട്ടുപഴുത്ത ഇരുമ്പ് അടിച്ചുപരത്തുക....കത്തിയെരിയുന്ന തീയുടെ അരികിൽനിന്ന് ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്."
ഗാഡിയാ ലോഹാർ സമുദായക്കാരുടെ സ്വദേശമായ രാജസ്ഥാനിൽ അവരെ മോസ്റ്റ് ബാക്ക്വേഡ് കമ്യൂണിറ്റി (എം.ബി.സി - ഏറ്റവും പിന്നാക്ക വിഭാഗം) ആയിട്ടാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സമുദായക്കാരിൽ നല്ലൊരു പങ്കും താമസിക്കുന്ന ഡൽഹിയിലും സമീപപ്രദേശങ്ങളിലും അവരെ മറ്റു പിന്നാക്കവിഭാഗങ്ങളായാണ് പരിഗണിക്കുന്നത്. ഗാഡിയാ ലോഹാർ സമുദായം ഉൾപ്പെടെയുള്ള, പൂർണ്ണമായോ ഭാഗികമായോ നാടോടിജീവിതം നയിക്കുന്ന സമുദായങ്ങളിൽ 98 ശതമാനത്തിനും സ്വന്തമായി ഭൂമിയില്ലെന്നതാണ് വാസ്തവം. ഇന്ത്യയിലെ നാടോടി സമുദായങ്ങളിൽ വെറും 11 ശതമാനം മാത്രമാണ് പൊതുഭൂമിയിൽ താമസിക്കുന്നത്. ഗാഡിയാ ലോഹാറുകൾ പലരും അവർ സഞ്ചരിക്കുന്ന കാളവണ്ടികളിൽത്തന്നെ താമസിക്കുന്നവരാണ്; അവ ഒരേസമയം വീടായും തൊഴിലിടമായും പരിണമിക്കുന്നു.
കടുത്ത ചൂടിനെയോ അതികഠിനമായ ശൈത്യത്തെയോ വകവെക്കാതെ എത്രയോ വർഷങ്ങൾ കാൻസി റാം കൈകൊണ്ട് നിർമ്മിച്ച ഇരുമ്പ് പണിയായുധങ്ങളും പാത്രങ്ങളും മറ്റ് ഉപകരണങ്ങളും തെരുവിൽ കൊണ്ടുനടന്ന് വിൽപന നടത്തിയിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി തലസ്ഥാന നഗരമായ ഡൽഹിയിലും പരിസരങ്ങളിലും ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ, അദ്ദേഹത്തിന് സഞ്ചരിച്ചുകൊണ്ടുള്ള വിൽപന അവസാനിപ്പിക്കേണ്ടി വന്നു. "ഈ കൊടുംചൂടിൽ വീടുകൾതോറും കയറിയിറങ്ങുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല, അതുകൊണ്ടാണ് ഞങ്ങൾ കച്ചവടം നിർത്തി ഈ ജോലി തുടങ്ങിയത്," അദ്ദേഹം പാരിയോട് പറഞ്ഞു.












